Breaking News
Home / Lifestyle / മിന്നൽ അപകടത്തിൽ നിന്നു രക്ഷപ്പെടാൻ ചെയ്യേണ്ടവ ! ഇതൊക്കെയല്ലേ ഷെയര്‍ ചെയ്യേണ്ടത്..!!

മിന്നൽ അപകടത്തിൽ നിന്നു രക്ഷപ്പെടാൻ ചെയ്യേണ്ടവ ! ഇതൊക്കെയല്ലേ ഷെയര്‍ ചെയ്യേണ്ടത്..!!

മിന്നലിന്റെ സമയവും സ്ഥലവും കൃത്യമായി പ്രവചിക്കുക അസാധ്യമാണെങ്കിലും, മിന്നലിനെക്കുറിച്ചുള്ള ശരിയായ അറിവ് അപകടം കുറയ്ക്കാൻ സഹായിക്കുമെന്നാണു ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപദേശം. മിന്നലിൽ നിന്നു രക്ഷപ്പെടാൻ അതോറിറ്റി നിർദേശിക്കുന്ന മാർഗങ്ങൾ ഇവയാണ്:

നല്ല സ്ഥലത്തു നിൽക്കുക

മിന്നലിൽ നിന്നു നല്ല സംരക്ഷണം ലഭിക്കുന്ന സ്ഥലങ്ങളെ ആശ്രയിച്ചു സുരക്ഷിതരാവാം. മിന്നലിനെ ഉൾഭാഗത്തേക്കു തുളച്ചുകയറാൻ അനുവദിക്കാത്തതും പൊട്ടാത്തതുമായ ലോഹ പ്രതലങ്ങളാൽ ഭാഗികമായോ പൂർണമായോ ചുറ്റപ്പെട്ട സ്ഥലങ്ങൾ സുരക്ഷിതമാണ്. സ്റ്റീൽ ഫ്രെയിം ഉള്ള കെട്ടിടങ്ങൾ, ലോഹ പ്രതലങ്ങൾ ഉള്ള വാഹനങ്ങൾ (തുറന്ന വാഹനങ്ങൾ ഈ പരിധിയിൽ വരില്ല), കൂരയും ഭിത്തിയും ലോഹഷീറ്റ് കൊണ്ട് മൂടിയതും ജോയിന്റുകൾ ചാലകപ്രതലം ഉറപ്പാക്കുന്ന തരത്തിൽ വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിച്ചതുമായ കെട്ടിടങ്ങൾ എന്നിവ സുരക്ഷിതമാണ്.

വലുതും ചെറുതുമായ കെട്ടിടങ്ങളുടെ ഉൾഭാഗം, പർവതങ്ങളിൽ കാണപ്പെടുന്ന, പാർശ്വഭാഗങ്ങളിൽ സ്പർശിക്കാതെ ഒരാൾക്ക് ഇരിക്കുകയോ നിൽക്കുകയോ ചെയ്യാൻ കഴിയുന്ന, പൊള്ളയായ സ്ഥലങ്ങൾ എന്നിവ മിനിമം സംരക്ഷണം ലഭിക്കുന്ന സ്ഥലങ്ങളാണ്.

നല്ലതല്ലാത്ത സ്ഥലങ്ങൾ ഒഴിവാക്കുക

മിന്നൽ ഉള്ളപ്പോൾ ഒഴിവാക്കേണ്ട സ്ഥലങ്ങളും സാഹചര്യങ്ങളുമുണ്ട്. ഒരു പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ വസ്തുക്കളിലാണു പ്രധാനമായും മിന്നൽ വന്നു പതിക്കുന്നത്, പ്രത്യേകിച്ചും ലോഹനിർമിതമായ വസ്തുക്കളിൽ. ലോഹ വസ്തു വലുതാണെങ്കിൽ സാധ്യത വീണ്ടും കൂടും. മിന്നലുണ്ടാവുമ്പോൾ തുറസ്സായ സ്ഥലത്തും കുന്നിൻമുകളിലും ഒറ്റപ്പെട്ട മരങ്ങളുടെ അടിയിൽ നിൽക്കുന്നത് ഒഴിവാക്കേണ്ടതാണ്. മരത്തിന്റെ ഉയരം കൂടുമ്പോഴും അപകട സാധ്യത കൂടുന്നു.

വൻമരങ്ങളുള്ള വനങ്ങളുടെ അരികിൽ നിൽക്കുന്നത് അപകടകരമാണ്. തുറസ്സായ സ്ഥലത്തുള്ളതും മതിയായ സുരക്ഷയില്ലാത്തതുമായ കളപ്പുര, ചെറുകെട്ടിടങ്ങൾ, നിരീക്ഷണ ടവറുകൾ, കുടിലുകൾ എന്നിവയും അപകടകരമാണ്. സുരക്ഷാകവചമില്ലാത്ത വൈദ്യുത ലൈനുകൾ, ലോഹഘടനകൾ എന്നിവയുടെ സമീപ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. കൊടിമരം, ടിവി ആൻറിനയുടെ പൈപ്പ്, കുത്തനെയുള്ള ലോഹസ്ഥലങ്ങൾ എന്നിവയുടെ സമീപ സ്ഥലം ഒഴിവാക്കണം.

തടാകങ്ങളും നീന്തൽക്കുളങ്ങളും തുറസ്സായ ജലസ്രോതസ്സുകളിലെ വള്ളങ്ങളും മിന്നൽ പതിക്കാൻ ഏറെ സാധ്യതയുള്ളവയാണ്. തുറസ്സായ മൈതാനത്ത് നിൽക്കുന്നതും അപകടകരം തന്നെ. മിന്നൽ സമയത്ത് കുന്നിന്റെ മുകൾഭാഗം ഒട്ടും സുരക്ഷിതമല്ല. താഴ്‌വരയേക്കാൾ മിന്നൽ പതിക്കാൻ സാധ്യത കൂടുതൽ കുന്നിൻമുകളിലാണ്. ലോഹങ്ങളോ ലോഹ വയർ കൊണ്ടോ നിർമിതമായ വേലികൾ, കൈവരികൾ എന്നിവയുമായി ചേർന്ന് നിൽക്കരുത്. തുറസ്സായ സ്ഥലത്തും സുരക്ഷാ കവചമില്ലാത്ത ചെറുമുറികളിലും കൂട്ടമായി നിൽക്കരുത്. റോഡ് റോളർ, റെയിൽവേ ട്രാക്ക്, ലോഹനിർമ്മിതമായ വാഹനങ്ങൾ എന്നിവയുടെ സമീപം നിൽക്കരുത്.

സൈക്കിളും ബൈക്കും വേണ്ട

മിന്നൽ സമയത്തു സൈക്കിൾ ചവിട്ടുന്നതും കുതിരയെ തെളിക്കുന്നതും മോട്ടോർ സൈക്കിൾ, ഓപൺ ട്രാക്ടർ എന്നിവ ഓടിക്കുന്നതും ഒഴിവാക്കണം. കോടാലി, പിക്കാക്‌സ്, കുട, ലോഹക്കസേര മുതലായവ ഉപയോഗിക്കരുത്. ‌ഇടിമിന്നലുണ്ടായാൽ അരിവാൾ, കത്തി, കുട, ഗോൾഫ് സ്റ്റിക് തുടങ്ങിയ ലോഹ നിർമ്മിതമായ സാധനങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക.

കൂനിക്കൂടി ഇരിക്കുക

കാൽപാദങ്ങളും കാൽമുട്ടുകളും ചേർത്തുപിടിച്ച്, കൈകൾ മുട്ടിൽ ചുറ്റി വരിഞ്ഞ് താടി മുട്ടിനു മുകളിൽ ഉറപ്പിച്ച് നിലത്ത് കുത്തിയിരിക്കുക.

ടെറസിന് മുകളിൽ വിളക്കുകൾ ഘടിപ്പിക്കുന്നതിന് ലോഹ കമ്പികൾ ഒഴിവാക്കുന്നത് മിന്നലപകടങ്ങളിൽനിന്ന് രക്ഷയേകും. ടെറസിൽ അയ കെട്ടുന്നതിന് ലോഹ ദണ്ഡുകളും ലോഹ വയറുകളും ഒഴിവാക്കുക. മിന്നൽ രക്ഷാചാലകം, എർത്തിങ്, റിങ് കണ്ടക്ടർ, മിന്നൽ അറസ്റ്റർ എന്നിവ മിന്നൽ സംരക്ഷണ മാർഗങ്ങളാണ്.

ശ്വാസം നൽകുക

മിന്നൽ ആഘാതത്താൽ ഉണ്ടാകുന്ന അപകടങ്ങളിൽ ശ്വാസതടസ്സം മൂലമാണ് കൂടുതൽ പേരും മരണത്തിന് കീഴടങ്ങുന്നത്. നേരിട്ടുള്ള ആഘാതം, പൊള്ളൽ എന്നിവയിലൂടെ മരണം നന്നേ കുറവാണ്. കൃത്രിമ ശ്വാസോച്ഛ്വാസം ചെയ്യുന്നതിലൂടെ മിന്നൽ ആഘാതമേറ്റ പലരെയും മരണത്തിൽനിന്ന് രക്ഷിക്കാൻ കഴിയും.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *