കൂട്ടുകാരന്‍ വിളിച്ചത് മൂത്തമകനെക്കുറിച്ചുള്ള ആവലാതികള്‍ പങ്കുവെയ്ക്കാനാണ്. ചെക്കന് വയസ്സ് 23 കഴിഞ്ഞു.ഒന്നിലും ഉത്തരവാദിത്വമില്ല. എന്‍ജിനീയറിങ് പാസായില്ല. കൂട്ടുകൂടി നടപ്പാണ്. ആദ്യത്തെ കണ്‍മണിയായതുകൊണ്ട് അല്‍പം ലാളിച്ചാണ് വളര്‍ത്തിയത്. അതിന്റെ ദോഷമൊക്കെയുണ്ട്. കൈയിലുള്ള ബൈക്ക് മാറ്റി ലക്ഷങ്ങള്‍ വിലയുള്ള സൂപ്പര്‍ ബൈക്ക് വാങ്ങണമെന്നതാണ് ഇപ്പോഴത്തെ ആവശ്യം.
അതിനായി വീട്ടില്‍ കലാപമാണ്. അന്യജാതിക്കാരിയായ ഒരുപെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുവരുമെന്ന് ഇടയ്ക്കുപറയുന്നുണ്ട്, കുടുംബസമാധാനം തകര്‍ന്നിരിക്കുന്നു. ഭാര്യയാകട്ടെ മകനെ ചൊല്ലിയുള്ള ആധിമൂലം ഡിപ്രഷനിലാണ്.ബി.ബി.എ.യ്ക്കു പഠിക്കുന്ന ഇളയവനും ചേട്ടന്റെ ലൈനിലാണ് പോക്ക്.
മക്കളെ ചൊല്ലി ആധിപിടിക്കുകയും അവരുമൂലം സമാധാനം തകരുകയും ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം പെരുകുകയാണ്. വളര്‍ത്തിയതു ശരിയായില്ല, കൈവിട്ടുപോയി. ഇനി കതിരില്‍ വളം വെച്ചിട്ട് എന്തുകാര്യം? എന്നിങ്ങനെ പരിതപിക്കുന്നവരും ധാരാളം. ഇനി ഒരവസരം കിട്ടിയാല്‍ മക്കളെ നന്നായി വളര്‍ത്തുമെന്ന നടക്കാത്ത മനോഹര സ്വപ്നം പങ്കിടുന്നവരെയും കണ്ടിട്ടുണ്ട്.
ഉള്ളതുകൊടുത്തല്ല, ഉള്ളുകൊടുത്താണ് മക്കളെ വളര്‍ത്തേണ്ടതെന്ന് പറയാറുണ്ട്. പിറക്കുംമുമ്പുതന്നെ മക്കളെ കരുതാന്‍ കഴിയണം. ഗര്‍ഭപാത്രത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ കുഞ്ഞിന്റെ വ്യക്തിത്വം രൂപപ്പെട്ടുതുടങ്ങും. ഇക്കാലത്തെ അമ്മയുടെ ശാരീരിക, മാനസിക അവസ്ഥപോലും കുഞ്ഞിന്റെ വ്യക്തിത്വം മാറ്റിമറിക്കാം.
കുടുംബത്തിന്റെ സ്‌നേഹത്തണലിലാകണം കുഞ്ഞുങ്ങള്‍ വളരേണ്ടത്. അവരെ ലാളിക്കാനും സ്‌നേഹിക്കാനും അംഗീകരിക്കാനും അവര്‍ക്ക് മാതൃകയാകാനും മാതാപിതാക്കള്‍ക്ക് കഴിയണം.
നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചേല്‍പിക്കാനുള്ളവരല്ല കുഞ്ഞുങ്ങള്‍. അവരെ അംഗീകരിച്ചും പ്രോത്സാഹിപ്പിച്ചും ആവശ്യനേരങ്ങളില്‍ ശാസിച്ചും വളര്‍ത്തണം. ശിക്ഷയല്ല, ശിക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. നമ്മുടെ പൊങ്ങച്ചവും ദുരഭിമാനവുമൊക്കെ പ്രകടിപ്പിക്കാനുള്ള ഉപാധികളായി കുഞ്ഞുങ്ങള്‍ മാറാറുണ്ട്.
പഠിപ്പിക്കുന്ന സ്‌കൂള്‍, ട്യൂഷന്‍, മറ്റുപരിശീലനങ്ങള്‍..മുതിരുമ്പോള്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സുകള്‍.ഇതിലൊക്കെ നമ്മുടെ സ്വാര്‍ത്ഥത നിഴലിക്കാന്‍ പാടില്ല. കുഞ്ഞിന്റെ നല്ലഭാവിക്കായി ചെയ്യുന്നു എന്നുകരുതുന്ന പലതും അവര്‍ക്ക് ദോഷം ചെയ്യുമെന്നെങ്കിലും തിരിച്ചറിയുക.
പ്രായത്തിനനുസരിച്ച് ചുമതലാബോധം പകര്‍ന്നുവേണം മക്കളെ വളര്‍ത്താന്‍. അവര്‍ക്കും കുടുംബത്തില്‍ റോള്‍ ഉണ്ടാകണം. അവരുടേതായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഇടം ഉണ്ടാകണം. പങ്കുവെയ്ക്കലിന്റെ സന്തോഷം അവര്‍ വീട്ടില്‍തന്നെ അനുഭവിക്കണം. അപ്പോള്‍ പ്രതിസന്ധികളില്‍ വാടിവീഴാതെ ഉചിതമായ തീരുമാനങ്ങളെടുത്ത് മുന്നേറാനുള്ള കഴിവ് സ്വാഭാവികമായി കൈവരും.
സ്ഥിരമായി ശാസിക്കുകയും കുറ്റപ്പെടുത്തുകയും മറ്റുകുട്ടികളുമായി താരതമ്യം ചെയ്ത് പരിഹസിക്കുകയും ചെയ്താല്‍ കുഞ്ഞുങ്ങള്‍ നന്നാകില്ലെന്നു മാത്രമല്ല, മോശമാവുകയും ചെയ്യും. തെറ്റുകള്‍ സ്‌നേഹത്തോടെ തിരുത്തണം. നമ്മുടെ ദേഷ്യം പ്രകടിപ്പിക്കുന്ന ശിക്ഷകള്‍ കുട്ടികളുടെ മനസ്സ് തകര്‍ക്കും. അവരെ തെറ്റുകള്‍ ബോധ്യപ്പെടുത്തി തിരുത്താനുള്ള ശക്തിനല്‍കുകയാണ് വേണ്ടത്. ഇത് സ്‌നേഹത്തോടെ നിര്‍വഹിക്കണം. അവരുടെ മനസ്സില്‍ വെറുപ്പും വൈരാഗ്യവും നിറയ്ക്കരുത്.
അമിതലാളനയും പാടില്ല. ആവശ്യപ്പെടുന്നതെല്ലാം വാങ്ങിനല്‍കിയും കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിയിക്കാതെയും വളര്‍ത്തിയാല്‍ അവര്‍ പിടിച്ചാല്‍ കിട്ടാത്തവരായി മാറും. മുതിര്‍ന്ന മക്കളുടെ അടിവസ്ത്രങ്ങള്‍ പോലും അലക്കി നല്‍കുന്ന അമ്മമാരുണ്ട്. മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കണം.
അവരെ ചേര്‍ത്തുപിടിച്ച് ഉമ്മവെച്ചാല്‍ അവര്‍ മറ്റിടങ്ങളില്‍ സ്‌നേഹം തേടിപോകില്ല. ഹൃദയം തുറന്ന് സംസാരിക്കാനുള്ള ആത്മവിശ്വാസം കുടുംബത്തില്‍നിന്ന് കുഞ്ഞുങ്ങള്‍ക്ക് ലഭിക്കണം. ചെറിയ നേട്ടങ്ങള്‍ പോലും അഭിനന്ദിക്കപ്പെടണം.അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുവഴിയാണ് ശാസിക്കാനും തെറ്റുതിരുത്താനുമുള്ള പദവി നമുക്ക് ലഭിക്കുന്നത്.
അതേസമയം അവരുടെ മേല്‍ ശ്രദ്ധയുണ്ടാവുകയും വേണം. ആരാണ് കൂട്ടുകാര്‍, അവര്‍ എവിടെയൊക്കെ പോകുന്നു, പണം ചെലവഴിക്കുന്നതെങ്ങനെ, മൊബൈലും ഇന്റര്‍നെറ്റുമൊക്കെ എങ്ങനെ കൈകാര്യം ചെയ്യുന്നു..ഇതെല്ലാം നമ്മള്‍ അറിയണം. സ്‌കൂളുമായും അധ്യാപകരുമായും ബന്ധമുണ്ടാകണം. അതേസമയം അനാവശ്യ നിയന്ത്രണങ്ങള്‍ വഴി അവരെ വീര്‍പ്പുമുട്ടിക്കരുത്.
നല്ലൊരു മൂല്യബോധം മക്കള്‍ക്ക് പകരാന്‍ ജീവിതം കൊണ്ട് മാതാപിതാക്കള്‍ക്ക് കഴിയണം. അങ്ങനെ വന്നാല്‍ ഏതുസാഹചര്യത്തിലും അവര്‍ വഴിതെറ്റില്ല. പണത്തേക്കാള്‍ പ്രധാനമാണ് സന്തോഷവും ബന്ധങ്ങളുമെന്ന തിരിച്ചറിവ് മാതാപിതാക്കളില്‍ നിന്നുതന്നെ ലഭിക്കണം.
കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പ്ലാനിങ് ഉണ്ടാകണം. അവരുടെ പഠനം, വിവാഹം തുടങ്ങിയവയ്ക്ക് മുന്‍കരുതല്‍ നല്ലതാണ്. അതേസമയം രക്ഷകര്‍ത്താക്കള്‍ തീരുമാനിക്കും, മക്കള്‍ അനുസരിക്കും എന്ന നിലപാട് ഇക്കാലത്ത് വിലപ്പോകില്ല. അച്ഛനും അമ്മയും പരസ്പരം നല്‍കുന്ന സ്‌നേഹവും ആദരവും കുഞ്ഞുങ്ങള്‍ മനസ്സില്‍ സ്വീകരിക്കും. അതുപോലെ മാതാപിതാക്കള്‍ സ്വന്തം അച്ഛനമ്മമാരോടും സഹോദരങ്ങളോടും പെരുമാറുന്നതും അവര്‍ ശ്രദ്ധിക്കും.
അടുത്തയിടെ മനോരോഗ വിദഗ്ധനായ സുഹൃത്ത് പറഞ്ഞ ഒരുകാര്യം ശ്രദ്ധേയമാണ്. ആത്മവിശ്വാസക്കുറവും പഠനവൈകല്യങ്ങളുമായി എത്തുന്ന കുട്ടികളുടെ എണ്ണം വലിയതോതില്‍ കൂടിയിരിക്കുന്നു.
ഇവരില്‍ 75 ശതമാനവും മാതാപിതാക്കള്‍ വേര്‍പെട്ട് താമസിക്കുന്നവരോ കലഹത്തില്‍ തുടരുന്നവരോ ആണ്. അച്ഛനമ്മമാരുടെ യുദ്ധം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ അനേകം ബാല്യങ്ങളെ നശിപ്പിക്കുന്നുണ്ട്.
കൂട്ടുകാരന്‍ പറഞ്ഞതനുസരിച്ച് ആ മകനുമായി സംസാരിക്കാന്‍ സമയം കണ്ടെത്തി. അവന് ഇഷ്ടം സിനിമ പഠിക്കാനായിരുന്നു, അച്ഛന്‍ നിര്‍ബന്ധിച്ച് എന്‍ജിനീയറിങ്ങിനു വിട്ടു.പഠനം പൂര്‍ത്തിയായില്ല. ചെറുപ്പത്തില്‍ പഠനം നന്നാക്കാന്‍ ബോര്‍ഡിങ്ങില്‍ നിര്‍ത്തിയപ്പോള്‍ കിട്ടിയ ദുശ്ശീലങ്ങള്‍ നിരവധി.
അച്ഛനും അമ്മയ്ക്കും സുഖമായി കഴിയാന്‍ തന്നെ ബോര്‍ഡിങ്ങില്‍ തള്ളിയെന്നാണ് അവന്‍ പറയുന്നത്.അങ്ങനെ നിരാശ നിറഞ്ഞ കാര്യങ്ങളാണ് അവന്‍ പങ്കുവെച്ചത്. ഞാന്‍ നല്‍കിയ ഉപദേശങ്ങളൊന്നും അവന് ബോധ്യപ്പെട്ടില്ലെന്ന് മുഖഭാവത്തില്‍ നിന്ന് മനസ്സിലായി. ഒരുപ്രായം കഴിഞ്ഞാല്‍ പിന്നെ ബോധ്യങ്ങളും ശീലങ്ങളും മാറ്റുക എളുപ്പമല്ല. കുഞ്ഞുനാളില്‍ തന്നെ മനസ്സുവെയ്ക്കുക…അതിനായി സമയം നീക്കിവെയ്ക്കുക…എല്ലാറ്റിലുമുപരി സ്‌നേഹവും വാത്സല്യവും മക്കള്‍ക്കായി കരുതിവെയ്ക്കുക.മക്കളാണല്ലോ നമ്മുടെ ഏറ്റവും വലിയ സമ്പത്ത്.