കണ്ണൂര്‍: ഇരിട്ടിയിലായിരുന്നു കൈതച്ചാമുണ്ടി തെയ്യം രണ്ട് പേരെ വെട്ടിപരുക്കേല്‍പ്പിച്ചത്. ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാല്‍ ഈയ്‌ങ്കേയാട് വയല്‍ത്തിറ മഹോത്സവത്തിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
തെയ്യം കെട്ടിയ ബൈജു എന്ന യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്നും ആരോപണങ്ങളുണ്ടായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത ബൈജുവിനെ പിന്നീട് വിട്ടയക്കുകയും ചെയ്തു. ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബൈജു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിശദീകരണം.
‘ഉത്തരകേരളത്തിലുള്ളവര്‍ക്ക് തെയ്യം ജീവിതത്തിന്റെ ഭാഗമാണ്. നൃത്തം ചെയ്യുന്ന ദേവതാസങ്കല്‍പ്പമാണ് തെയ്യം. തെയ്യം കെട്ടുന്നയാളെ ദൈവത്തിന്റെ പ്രതിപുരുഷനായിട്ടാണ് കാണുന്നത്. പലതരം തെയ്യങ്ങളില്‍ ഒന്നാണ് കൈതച്ചാമുണ്ടി. ഉഗ്ര സ്വഭാവമുള്ള ദേവരൂപമാണ് കൈതച്ചാമുണ്ടി. ഭക്തജനങ്ങള്‍ ഭയഭക്തിഭീതിയോടെ ആസ്വദിക്കുന്ന ഒന്നാണത്.
തെയ്യം തുടങ്ങുമ്പോള്‍ തന്നെ ക്ഷേത്ര അധികാരികള്‍ ചാമുണ്ടിയുടെ മുമ്പില്‍ പോകരുതെന്ന് അനൗണ്‍സ് ചെയ്യാറുണ്ട്. അസുരന്മാരെ കാളി നിഗ്രഹിക്കുന്നു എന്ന സങ്കല്‍പ്പത്തിലാണ് ക്ഷേത്രത്തില്‍ നിന്നിറങ്ങിയ തെയ്യം ഉഗ്രരൂപത്തില്‍ കൈതക്കാടുകള്‍ വെട്ടിയെടുക്കുന്നത്. കൈതവെട്ടുന്നത് കൊണ്ടാണ് ഈ തെയ്യത്തെ കൈതച്ചാമുണ്ടിയെന്ന് വിളിക്കുന്നത്.
തെയ്യകോലം കെട്ടലിന്റെ ഭാഗമായിട്ടുമാത്രമാണ് ഞാന്‍ മദ്യം കഴിക്കുന്നത്. അല്ലാതെ കഴിക്കാറില്ല. കൈതവെട്ടി ഗ്രാമത്തിലൂടെ ഓടുന്നസമയത്ത് ഞാന്‍ ബൈജുവല്ല, ദൈവചാമുണ്ടിയാണ്. ആ ചാമുണ്ടിയ്ക്ക് മുന്നില്‍പ്പെടുന്നവരെല്ലാം അസുരന്മാരാണ്. ചാമുണ്ടിയായി മാറുന്ന സമയത്ത് എന്താണ് ചെയ്യുന്നത് പറയാനാവില്ല. അക്രമകാരിയായ രൂപമാണത്. അങ്ങനെയാവാം അവര്‍ക്കുനേരെ വാളോങ്ങിയത്. അല്ലാതെ മനപൂര്‍വ്വം ഞാന്‍ ആരെയും മുറിവേല്‍പ്പിക്കാനായി വാളോങ്ങില്ല.
ഞാന്‍ വെട്ടിപരുകേല്‍പ്പിച്ചു എന്നു പറയുന്നവര്‍ക്കും പൊലീസുകാര്‍ക്കും എല്ലാം ഈ അനുഷ്ഠാനം എന്താണെന്ന് അറിയാം. വെട്ടുകൊണ്ടവര്‍ പറഞ്ഞത് ദൈവമാണ് വെട്ടിയത്, ദൈവം ചെയ്തതല്ലേ പരാതിയില്ല എന്നാണ്. അതുകൊണ്ടാണ് കസ്റ്റഡിയിലെടുത്തുവിട്ടത്. ഇതിന്റെ പേരിലുള്ള വിവാദങ്ങള്‍ തികച്ചും രാഷ്ട്രീയപരമാണ്. രാഷ്ട്രീയവൈരാഗ്യത്തിന് എന്നെ കരുവാക്കുന്നതാണ്. ഇത്തരം പരാമര്‍ശങ്ങള്‍ എന്റെ ഭാവികൂടി തകര്‍ക്കുകയാണ്. തെയ്യം എന്താണെന്ന് അറിയാമായിരുന്നെങ്കില്‍ ഇങ്ങനെയൊരു വാര്‍ത്ത ആരും പ്രചരിപ്പിക്കില്ലായിരുന്നു.’-ബൈജു പറയുന്നു.