സ്വന്തം ജീവന്‍ വകവെക്കാതെ യാത്രക്കാരിയുടെ കുഞ്ഞിനെ രക്ഷിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരിക്ക് അഭിനന്ദന പ്രവാഹം. കഴിഞ്ഞ മാസമായിരുന്നു മിതാന്‍ഷി വൈദ്യ എന്ന എയര്‍ ഹോസ്റ്റസ് മുംബൈ എയര്‍പോട്ടില്‍ വെച്ച് പത്തു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞിന്റെ അമ്മ മിതാന്‍ഷിക്ക് നന്ദി അറിയിച്ച് കത്തെഴുതിയതോടെയാണ് സംഭവം പുറത്താകുന്നത്.
തന്റെ കുഞ്ഞുമായി അഹമ്മദാബാദിലേക്ക് യാത്ര ചെയ്യുവാനാണ് ഒരു സ്വകാര്യ കമ്പനിയുടെ എംഡിയായ ഗുലാഫ ഷെയ്ക്ക് മുംബൈ വിമാനത്താവളത്തിലെത്തിയത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി സെക്യൂരിറ്റി ചെക്ക് കൗണ്ടറിലെത്തിയപ്പോള്‍ ഗുലാഫയുടെ കൈയ്യില്‍ നിന്നും കുഞ്ഞ് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന മിതാന്‍ഷി ചാടിവീണ് കുഞ്ഞിനെ തന്റെ കൈപിടിയിലൊതുക്കുകയായിരുന്നു. കുഞ്ഞിനെ ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷിച്ച മിതാന്‍ഷിക്ക് സാരമായി പരിക്കേറ്റിരുന്നു.
‘സ്വന്തം ജീവന്‍ പോലും വകവെക്കാതെയാണ് ആ പെണ്‍കുട്ടി എന്റെ കുഞ്ഞിനെ രക്ഷിച്ചത്. വീഴ്ചയില്‍ മൂക്കിന് ഗുരുതരമായി പരിക്കേറ്റെങ്കിലും അവള്‍ എന്റെ കുഞ്ഞിനെ കൈവിട്ടില്ല. ഞാന്‍ മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ ഇതെന്റെ ജോലിയാണെന്ന് മാത്രമാണ് അവള്‍ പുഞ്ചിരിയോടെ മറുപടി പറഞ്ഞത്. അതെ, അവളെനിക്ക് മാലാഖയാണ്’ മിതാന്‍ഷിക്ക് നന്ദി അറിയിച്ച് ജെറ്റ് എയര്‍വേസിന് എഴുതിയ കത്തിലൂടെ ഗുലാഫ പറയുന്നു.
മിതാന്‍ഷി തങ്ങള്‍ക്ക് അഭിമാനമാണെന്നും 2016 ജൂണ്‍ മുതലാണ് മിതാന്‍ഷി എയര്‍ ഹോസ്റ്റസായി ജോലി ആരംഭിച്ചതെന്നും ജെറ്റ് എയര്‍വേസ് പ്രതികരിച്ചു.