കൊച്ചി: എറണാകുളം പുത്തൻകുരിശ് സ്വദേശിയായ ശിഖ സുരേന്ദ്രന് സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും നാട്ടുകാരുമെല്ലാം. വീട്ടുകാർ നൽ കിയ പ്രോത്സാഹനമാണ് തൻറെ വിജയത്തിന് പ്രധാന കാരണമായതെന്ന് ശിഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പുത്തൻകുരിശ് ചൂണ്ടിയിലെ സാധാരണ കുടുംബത്തിലെ അംഗമാണ് ശിഖ സുരേന്ദ്രൻ. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻറായിരുന്ന സുരേന്ദ്രൻ രോഗം മൂലം ഇപ്പോൾ ജോലിക്ക് പോകുന്നില്ല. അമ്മ സിലോ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. പഠനത്തിൽ ചെറുപ്പം മുതലേ മികവ് പുലർത്തിയിരുന്ന ശിഖ 97 ശതമാനം മാർക്ക് വാങ്ങിയാണ് പ്ലസ് ടു പാസ്സായത്. പിന്നീട് 89 ശതമാനം മാർക്ക് കരസ്ഥമാക്കി എൻജീനീയറിംഗും പാസ്സായി. 2015 മുതൽ സിവിൽ സർവ്വീസ് കോച്ചിംഗ് തുടങ്ങി.
ദില്ലിയിലായിരുന്നു പഠനം. 2016 ൽ ആദ്യത്തെ തവണ പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടു. പിൻവാങ്ങാതെ വാശിയോടെ പഠിച്ചാണ് ഇത്തവണ തിളങ്ങുന്ന വിജയം നേടിയത്. ശിഖയുടെ നേട്ടമറിഞ്ഞ് നാട്ടുകാരും അധ്യാപകരുമെല്ലാം അഭിനന്ദനങ്ങളുമായി എത്തിക്കൊണ്ടിരിക്കുകയാണ്.