Breaking News
Home / Lifestyle / പാടില്ലായിരുന്നു നിധിൻ . കല്യാണത്തിനുമുമ്പ് ഇതൊന്നും പാടില്ലാരുന്നു

പാടില്ലായിരുന്നു നിധിൻ . കല്യാണത്തിനുമുമ്പ് ഇതൊന്നും പാടില്ലാരുന്നു

നിധിൻ എനിക്ക് വല്ലാണ്ട് പേടിയാകുന്നു ….
എന്തിന് …

പാടില്ലായിരുന്നു നിധിൻ . കല്യാണത്തിനുമുമ്പ് ഇതൊന്നും പാടില്ലാരുന്നു .

താനെന്തിനാടോ പേടിക്കണേ ഞാനില്ലേ കൂടെ ..

ഒരു പെണ്ണിന്റെ പേടിയെക്കുറിച് നിനക്ക് മനസ്സിലാക്കാൻ കഴിയില്ല നിധിൻ . നീ ഈ കഴുത്തിൽ താലികെട്ടുന്നതുവരെ എന്റെ ശ്വാസഗതിയുടെ വേഗവും നെഞ്ചിലെ പിടച്ചിലും എത്രത്തോളമാണെന്ന് നിനക്ക് ഊഹിക്കാവോ ….

ഹ ഹ ഹാ ….. താലികെട്ടാനോ .. ഞാനോ . എന്ത് മണ്ടത്തരമാ നീ ഈ പറയണേ …

അവന്റെ നെഞ്ചിലെ ചൂടേറ്റു കിടന്നവൾ ഒരു ഞെട്ടലോടെയാണ് എണിറ്റത് ….

ദേ നീ വെറുതെ തമാശ കളിക്കരുത് കേട്ടോ . ഈ ജീവിതത്തിൽ ഒരാളോട് മാത്രം കഴിയേണ്ട നിമിഷങ്ങളാ കുറച്ചുമുന്നേ കടന്നു പോയത് .

ഒഴിഞ്ഞുമാറിയപ്പോഴൊക്കെ ആ മനസ്സിന്റെ സങ്കടം മുഖത്ത് കണ്ടിട്ടാ , നീ സങ്കടപെടുന്നത് സഹിക്കാൻ കഴിയാത്തോണ്ടാ , അത്രക്ക് …അത്രക്ക് നിന്നെ ഇഷ്ടായോണ്ടാ , നിയെന്റെ എല്ലാമായതുകൊണ്ടാ …..

സുഖമില്ലാതെ കിടക്കുന്ന നിന്നെക്കാണാൻ ഇവിടേക്ക് വരുമ്പോൾ നിന്റെ മാതാപിതാക്കളുടെ അഭാവം ഞാനറിഞ്ഞിരുന്നില്ല . എന്നാലും എനിക്ക് നിന്നിലുള്ള വിശ്വാസമാ എന്നെ ഈ അവസ്ഥയിൽ എത്തിച്ചത് . ചതിക്കരുത് നിധി .

ചതിക്കാനോ ….ഞാനോ…. ഒരിക്കലുമില്ല ലച്ചു . ഞാനെന്നും നിന്നെ ഇങ്ങനെ സ്നേഹിച്ചുകൊണ്ടിരിക്കും . നെഞ്ചോട് ചേർത്ത് പിടിച്ച് . നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ നിന്റെ ആവശ്യങ്ങളൊക്കെ നിറവേറ്റികൊണ്ട് കൂടെയുണ്ടാകും ….

എന്താ നീ ഉദ്ദേശിക്കണേ …

നിനക്കറിയാല്ലോ ലച്ചു . നിന്റെ കാര്യം വീട്ടിൽ പറയുമ്പോഴൊക്കെ ഭയങ്കര വഴക്കാ ഇവിടെ . അച്ഛനും അമ്മയും ഒക്കെ .. എനിക്കാണേൽ തലപെരുക്കും .

ശെരിയാണ് കോളേജിൽ വച്ച് നിന്നെ കണ്ടതും ഇഷ്ടം തോന്നിയതും .. നിയത് നിരസിച്ചതും . പിന്നെ എനിക്കതൊരു വാശിയായതും .ഫ്രണ്ട്സിനോട് ബെറ്റ് വച്ച് പുറകെനടന്ന് ഞാനെന്റെ ധൗത്യം പൂർത്തിയാക്കിയതും ….

അപ്പോഴേ വിട്ടേക്കാൻ പലരും പറഞ്ഞതാ പക്ഷെ കോളേജിലെ ഐശ്വര്യറായിയെ അങ്ങനങ് വിട്ടുകളയാൻ പറ്റുവോ . നീ എന്റെ കൈവെള്ളയിൽ ഇരിക്കുമ്പോൾ എനിക്കും ഒരു സുഖവല്ലേ …..

അപ്പൊ അതിനായിരുന്നോ നീയെന്നെ സ്നേഹിച്ചത് . എന്നാൽ അവിടംകൊണ്ട് നിർത്തിക്കൂടായിരുന്നോ നിനക്ക് . എന്തിനാ എന്റെ ജീവിതം നശിപ്പിച്ചത് ….

കണ്ണുകൾ കലങ്ങിമറിഞ്ഞ് ജലകണങ്ങൾ പുറത്തേക്കൊഴുകികൊണ്ടിരുന്നു …

ഇങ്ങനൊരു മോഹം മനസ്സിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പൊ ഞാനിതു പ്രതീക്ഷിച്ചില്ല . എനിക്കറിയാം എന്നോടുള്ള അടങ്ങാത്ത സ്‌നേഹംകൊണ്ടാണ് നീയിവിടെ എത്തിയത് .

വിളിച്ചപ്പോ ഇവിടാരും ഇല്ലാതിരുന്നിട്ടും ഉണ്ടന്ന് വെറുതെ പറഞ്ഞതുതന്നാ . ഇല്ലെങ്കിൽ ഇനിയൊരു അവസരത്തിനുവേണ്ടി ഇനിയും കുറേ ബുദ്ധിമുട്ടണം. പക്ഷെ ഞാൻ ചതിക്കില്ല കേട്ടോ . മറ്റൊരു വിവാഹം കഴിച്ചാലും നിന്നെ എനിക്ക് വേണം …

എന്തിന് നിന്റെ വെപ്പാട്ടിയായിട്ടോ . .

നരസിംഹം സിനിമ കളിക്കാനൊന്നും എനിക്കുവയ്യ . അവരൊക്കെ വരാൻ ഇനിയും ടൈം എടുക്കും . നീയിങ്ങനെ കലിതുള്ളിനിൽക്കാതെ ഇങ്ങുവന്നെ ..

തൊട്ടുപോകരുതെന്നേ …. ഇനി നിന്റെ കൈ എന്റെ ദേഹത്തുവീണാൽ . പിന്നെ ഞാനോ നിയോ ആരെങ്കിലും ഒരാളെ ഉണ്ടാകൂ ……

ആ വേണ്ടെങ്കിൽ വേണ്ട … നിനക്ക് തിരിച്ചുപോകാൻ കാശ്‌ വല്ലതും വേണോ ?

ഹും … ഇത്രയും നേരം നിന്റെകൂടെ കിടന്നതിനുള്ള കൂലിയോ .

അങ്ങനാണേൽ അങ്ങനെ . ദേ ലച്ചു എനിക്ക് പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞു . നിനക്ക് താല്പര്യമാണെങ്കിൽ നമുക്ക് മുന്നോട്ട് പോകാം അല്ലാണ്ട് ഒരു സീൻ ക്രിയേറ്റ് ചെയ്യരുത് . ആരെങ്കിലും അറിഞ്ഞാലും നിന്റെ ഭാഗത്താണ് തെറ്റ് . ആരുമില്ലാത്ത നേരത്ത് നിയാണ് ഇങ്ങോട്ട് വന്നത് …

എങ്ങനെ കഴിയുന്നെടാ നിനക്ക് ഇങ്ങനൊക്കെ സംസാരിക്കാൻ . ഞാൻ എന്റെ ജീവനെപോലെ സ്നേഹിച്ചതല്ലേടാ നിന്നെ ….

ഇടക്കിടക്ക് മുറിഞ്ഞുള്ള വാക്കുകൾ ആ നാല് ചുവരുകളെപോലും സങ്കടപ്പെടുത്തിയിട്ടുണ്ടാകും എന്നിട്ടും അവന്റെ ഭാവത്തിനോ തീരുമാനത്തിനോ മാറ്റമുണ്ടായിരുന്നില്ല ..

നോക്ക് ലച്ചു . വീട്ടുകാരുടെ സമ്മതമില്ലാതെ ഞാൻ നിന്നെ വിളിച്ചിറക്കികൊണ്ടുവന്നാൽ ചിലപ്പോ എനിക്കെല്ലാം നഷ്ടപ്പെട്ടേക്കാം . ഒറ്റ മോനാണെങ്കിലും അച്ഛൻ ഭയങ്കര സ്ട്രിക്റ്റാ . ചവിട്ടി പുറത്താക്കിയാൽ എന്റെ ഭാവിതന്നെ അവതാളത്തിലാകും . അച്ഛന്റെ ഈ സ്വത്തുക്കളൊക്കെയാ എന്റെ പ്രതീക്ഷ .

ഒരുപക്ഷെ ഇവിടെ താമസിച്ചുന്നുതന്നെ ഇരിക്കട്ടെ അപ്പോഴും പ്രശ്നങ്ങളല്ലേ . ഇവിടാർക്കും നിന്നെ ഇഷ്ടാവില്ല . കുറ്റവും കുറവും ഒറ്റപെടുത്തലും പതിവാകും . രണ്ടുപേരുടെയും ഇടയിൽ എന്റെ കിളി പോകും .

പിന്നെ കോടതിയായി ഡിവോഴ്സ് ആയി . അതിനെക്കാളും നല്ലതല്ലേ ലച്ചു . എന്റെ ഈ തീരുമാനം . ഞാൻ പറഞ്ഞല്ലോ നിന്നെ ഞാൻ ഉപേക്ഷിക്കുന്നില്ല. എപ്പോ വേണേലും ഇങ്ങനെ ചേർത്തുപിടിക്കാൻ ഞാനുണ്ടാകും …

തോളിൽ കൈവച്ച് മാറിലേക്ക് ചേർക്കാൻ ശ്രെമിച്ച കൈകൾ സർവ്വശക്തിയോടെ അവൾ തട്ടിമാറ്റി …

പറഞ്ഞു ഞാൻ എന്നെ തൊടരുതെന്ന് . ഇത്രക്കും വൃത്തികെട്ട ഒരുത്തനെയാണല്ലോ ഇക്കാലമത്രയും മനസ്സിലിട്ട് നടന്നതെന്നാലോചിക്കുമ്പോൾ എന്നോടുതന്നെ എനിക്ക് പുച്ഛം തോന്നുന്നു .

എന്റെ ശരീരമാണ് നിനക്ക് വേണ്ടതെന്ന് അറിയാതെപോയ വെറുമൊരു മണ്ടിയായിപ്പോയല്ലോ ഞാൻ . ശെരിയാ നീ പറഞ്ഞത് ആരുമില്ലാത്ത ഇവിടേക്ക് കയറിവന്ന ഞാൻ തന്നെയാണ് തെറ്റുകാരി . പക്ഷെ ഇവിടെവന്ന് സത്യങ്ങൾ മനസ്സിലാക്കിയപ്പോ എനിക്കിറങ്ങാരുന്നു .

നിന്നിലുള്ള വിശ്വാസമാണ് എന്നെ ഇവിടെ പിടിച്ചുനിർത്തിയത് . ആ വിശ്വാസം ദേ ഇപ്പൊ ഇവിടെ തീരുന്നു . ഞാൻ ആരെയെങ്കിലും ഈ ലോകത്ത്‌ വെറുക്കുന്നുണ്ടെങ്കിൽ അത് നിന്നെമാത്രം ആയിരിക്കും ……

ചോർന്നൊലിക്കുന്ന കണ്ണുനീരുമായി അവളത് പറഞ്ഞവസാനിപ്പിക്കുമ്പോൾ . ഉച്ചത്തിലുള്ള ചിരിയായിരുന്നു അവന്റെ മറുപടി …..

എന്നെങ്കിലും ഒരിക്കൽ ഈ ദിവസം ഓർത്ത് നീ ദുഃഖിക്കും . ഈ ചിരിച്ചമുഖം അന്ന് കണ്ണുനീരുകൾ കൊണ്ട് നിറയുമ്പോൾ അത് തുടയ്ക്കാൻ നിനക്ക് നീ മാത്രമേ ഉണ്ടാകു . മനസ്സുരുകി പറയുവാ ……

തിരിഞ്ഞ് നടന്ന് വാതിലിനരികിൽ എത്തിയവൾ ഒരു നിമിഷം നിന്നു……

ഡാ …. നീ ചുമ്മാ തമാശ പറഞ്ഞതാന്നു പറയെടാ . എന്നെ പേടിപ്പിക്കാൻ പറഞ്ഞതാന്നു പറയെടാ . എന്നെ ഒരുപാടിഷ്ടാന്നു പറ നിധി . എന്നെ ഉപേക്ഷിക്കല്ലേടാ ….

തൊഴുകൈകളോടെ മുന്നിൽനിൽക്കുന്ന അവളെ പുച്ഛഭാവത്തിൽ അവനൊന്നു നോക്കി . ടേബിളിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് രണ്ട് പുകവിട്ടുകൊണ്ട് വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി . ആ കൈകൾ അപ്പോഴും തൊഴുതുപിടിച്ച് നിൽപ്പുണ്ടായിരുന്നു ….

ഇറങ്ങി പോടീ …….

………………………………………………………………………………………………

അമ്മേ ….. അമ്മ എന്താ ആലോചിക്കണെ . കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ . അച്ഛനെക്കുറിച് ഓർത്തോ ..

ഹേയ് ഇല്ല മോനെ . അമ്മ വെറുതെ പഴയ കാര്യങ്ങളൊക്കെ ഓർത്തിരുന്നതാ …

എന്താ അമ്മേ ഇത് . ഞാൻ പറഞ്ഞിട്ടില്ലേ അതൊന്നും ഇനി ഓർക്കരുതെന്ന് . നമ്മുടെ കഷ്ടപ്പാടൊക്കെ കഴിഞ്ഞില്ലേ അമ്മേ . എന്നെ ഈ നിലയിൽ എത്തിക്കാൻ അമ്മ ഒരുപാട് കഷ്ടപെട്ടില്ലേ .

ഇനി ഒരിക്കലും ഈ കണ്ണുകൾ നനയരുത് . അമ്മയെ പൊന്നുപോലെ നോക്കാൻ ഈ മോനില്ലേ . പിന്നെ മരുമൊളല്ല മോളാണെന്നു പറയുന്ന അമ്മേടെ മോളില്ലേ .

കൊഞ്ചിക്കാൻ അമ്മേടെ കൊച്ചുമക്കളില്ലേ . ഞങ്ങളെല്ലാരുംകൂടി അമ്മയെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുമ്പോൾ അമ്മ ഇങ്ങനെ കരഞ്ഞാൽ . ഞങ്ങൾക്ക് സങ്കടാവില്ലേ അമ്മേ ….

അമ്മയ്ക്കൊന്നുല്ലെടാ .. ഒരുപാട് നാൾ അമ്മ സങ്കടപ്പെട്ടിരുന്നിട്ടുണ്ട് പക്ഷെ നിന്റെ വളർച്ചയിൽ അമ്മ അതൊക്കെ മറന്നുതുടങ്ങി . ഇപ്പൊ അമ്മ ആഗ്രഹിച്ചതിലും ഉയരത്തിലാണ് അമ്മേടെ മോൻ ഇനി അമ്മ എന്തിന് സങ്കടപ്പെടണം ….

എന്നാൽ വേഗം കണ്ണുതുടച്ചെ . എന്നിട്ട് ഒരു ചക്കരയുമ്മ തന്നെ …

അവന്റെ നെറുകയിൽ ചുംബിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു . അവനത് കാണാണ്ടിരിക്കാൻ അവർ ശ്രെദ്ധിക്കുന്നുണ്ടാരുന്നു ……

അഞ്ചു എവിടാ അമ്മേ .

അവള് കിച്ചണിൽ ഉണ്ടാകും . ഞാൻ ചെന്നിട്ട് എന്നെ ഓടിച്ചു . അതെങ്ങനാ എല്ലാം നിന്റെ ക്ലാസ്സല്ലേ …

ഹേയ് നമ്മുടെ ജീവിതത്തെ കുറിച്ച് മാത്രമേ ഞാൻ അവളോട് പറഞ്ഞിട്ടുള്ളു അമ്മേ . ബാക്കിയൊക്കെ അവളുടെ തിരുമാനങ്ങളാ .

ഞാനൊന്നു കുളിച്ച് വരാം അമ്മേ . അമ്മ ഇവിടിരിക്ക് . നമ്മുടെ കുട്ടിപട്ടാളങ്ങൾ ഉറങ്ങിയോ അമ്മേ …

അതൊക്കെ എപ്പോഴേ ഉറങ്ങി . നീ പോയി കുളിച്ചുവാ .

ശെരിയമ്മേ …..

കുളികഴിഞ്ഞ് ഭക്ഷണമൊക്കെ കഴിച്ച് കുറച്ചുനേരം അമ്മയുടെ മടിയിൽ കിടക്കുന്ന പതിവുണ്ട് അവന് . അഞ്ചു വന്നതിൽപ്പിന്നെ അവളുംകൂടും അവരോടൊപ്പം …

അമ്മ എന്താ ഹോസ്പിറ്റലിൽ വന്നിട്ട് പെട്ടന്നിങ്ങു വന്നത് . ഞാൻ എന്റെ റൂമിൽ ഇരുത്തിട്ട് ഒരു കുട്ടിയെ നോക്കാൻ പോയതാ വന്നുനോക്കുമ്പോൾ അമ്മയെ കാണുന്നില്ല ….

ങേ അതെപ്പോ ഞാൻ കണ്ടില്ലല്ലോ …

ഹരിയേട്ടൻ ഓപ്പറേഷൻ തിയറ്ററിൽ ആയിരുന്നു .

എന്താ അമ്മേ എന്നെകാണാതെ പോയെ ….

ഞാൻ ഇരുന്ന് മടുത്തപ്പോ നിന്നെ തിരക്കിയിറങ്ങിയതാ മോളെ . ചില റൂമിലൊക്കെ ഞാൻ നോക്കി കണ്ടില്ല . പിന്നെ കുട്ടികൾ വരുന്ന സമയം ആയില്ലേ അതുകൊണ്ട് ഞാനിങ്ങു പോന്നു ….

എന്നാലും എന്നോടൊന്നും പറയാരുന്നില്ലേ ഞാനാകെ പേടിച്ചു . പിന്നെ സിസ്റ്റർ മീരയാ പറഞ്ഞേ അമ്മ പോയെന്ന് .

ആ ഞാനാ കൊച്ചിനോട് പറഞ്ഞിട്ടാ പോയത് …

മോനേ ഹരി ….

എന്താ അമ്മേ ….

ആരാ മോനേ ആ 117 ൽ പുതൊയൊരാൾ ?

ആ ഞാനത് പറയാൻ മറന്നു …. ഇന്ന് രാവിലെ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോകുംവഴി . സിഗ്നലിൽ വണ്ടിനിർത്തിയപ്പോൾ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ ഒരു വയസ്സായ മനുഷ്യൻ തളർന്നു വീഴുവായിരുന്നമ്മേ . അതും ഞങ്ങടെ വണ്ടിക്ക് മുന്നിൽ .

ഞാൻ എടുത്ത് വണ്ടിയിൽ കയറ്റി നേരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി . ഫുൾ ചെക്കപ്പ് നടത്തി . ബോഡി ഒക്കെ വീക്കാണ് . ഇല്ലാത്ത അസുഖങ്ങളില്ല . വീണപ്പോൾ കൈ കുത്തിയതിനാലാകണം കൈക്ക് ഒരു പൊട്ടലുണ്ട് . സംസാരിക്കാറായപ്പോ ഞാൻ ചോദിച്ചു വീട്ടിൽ അറിയിക്കണ്ടെന്നു . അങ്ങനെ അറിയിക്കാൻ ആരുമില്ലെന്നാ പറഞ്ഞേ ……..

പിന്നെ നീ അവിടെകിടത്തി ചികിൽസിക്കാൻ പോകുവാണോ ….

അല്ലാണ്ട് എന്തുചെയ്യാനാ അമ്മേ .. പാവമല്ലേ . ഇറക്കിവിടാൻ കഴിയുമോ അമ്മേ . ഞാൻ അമ്മേടെ മോനായിപ്പോയില്ലേ . ആ മനസ്സല്ലേ എനിക്കും .. പിന്നെ ഞാൻ നിർബന്ധിച്ചപ്പോ കഥകളൊക്കെ പറഞ്ഞു . ഒരു വല്ല്യ കുടുംബത്തിലെയാ പുള്ളി . പക്ഷെ ഇപ്പൊ ഒന്നൂല്ല . ആരുമില്ല .. ഭാര്യയും മക്കളുമൊക്കെ അമേരിക്കയിലാണത്രെ .

വിവാഹം കഴിച്ചത് പുള്ളിയെക്കാൾ കാശുള്ള കുടുംബത്തിനാ. ഭർത്താവെന്ന പേരുമാത്രമേ ഉണ്ടായിരുന്നുള്ളുവത്രേ . ഒരു വൃത്തികെട്ട സ്ത്രീയായിരുന്നു അവര് . ആ വിഷമത്തിൽ കുറെയൊക്കെ കുടിച്ചും കാണുന്നവർക്കൊക്കെ കൊടുത്തും നശിപ്പിച്ചു .

ബാക്കിയുള്ളത് മക്കൾ അവകാശംപറഞ്ഞ് എഴുതി വാങ്ങിച്ചു . തന്റെ മക്കളാണോയെന്നുപോലും സംശയമാണെന്ന അഭിപ്രായത്തിലാ പുള്ളിക്കാരൻ .

ഒന്നുമില്ലാത്തവനെആർക്കുവേണം എല്ലാരും കൈയൊഴിഞ്ഞു . അങ്ങനെ തെരുവിലുമായി . പക്ഷെ ഇടക്ക് പുള്ളി പറയുന്നുണ്ടായിരുന്നു എല്ലാം അവളുടെ ശാപമാണെന്ന് ആരുടെന്ന് ചോദിച്ചപ്പോ അതുമാത്രം പറഞ്ഞില്ല . പാവം അല്ലേ അമ്മേ …

മ്മ് …..

നമ്മളെകൊണ്ട് കഴിയുന്നതൊക്കെ ചെയ്തുകൊടുക്കണ്ടേ അമ്മേ ….

നിന്റെ ഇഷ്ടം . എനിക്ക് ഉറക്കം വരുന്നു ഞാൻപോയി കിടക്കട്ടെ ….

മടിയിൽ കിടന്ന അവനെ എഴുന്നേൽപ്പിച്ച് അവർ മുറിയിലേക്ക് പോയി .

അമ്മക്കിതെന്തുപറ്റി ഹരിയേട്ടാ . ഒരു പ്രത്യേക മൈൻഡ് ..

അതാണ് ഞാനും ആലോചിക്കുന്നത് . എന്തോ പറ്റിട്ടുണ്ട് .

ആ നീ വാ അതൊക്കെ നാളെ ഞാൻ ചികഞ്ഞെടുത്തോളം …..

…………………………………………………………………………………………………

ഷീണവും മരുന്നിന്റെ വീര്യവും കൊണ്ടാകണം രാവിലെ സിസ്റ്റർ വിളിച്ചപ്പോഴാണ് അയാൾ ഉണർന്നത് . ബ്രേക്ഫാസ്റ്റും ടേബിളിൽ വച്ച് രാവിലത്തെ മെഡിസിനും കൊടുത്ത്‌ ഇറങ്ങാൻ നേരത്താണ് അവർ അവിടേക്ക് കടന്നു വന്നത് ….

ഗുഡ് മോർണിംഗ് മാഡം ….

മോർണിംഗ് …….

ബെഡിനരികിലെ ചെയറിൽ അവർ ഇരുന്നു . സിസ്റ്റർ പോയ്കഴിഞ്ഞതും അവരുടെ സ്വരം അയാളുടെ കാതുകളിലേക്ക് ആഴ്ന്നിറങ്ങി …

എങ്ങനെ ഇപ്പൊ സുഖം തോന്നുന്നുണ്ടോ ?

ശബ്ദം കേട്ട ഭാഗത്തേക്ക്‌ അയാൾ നോക്കി . മങ്ങിയ കാഴ്ച മെല്ലെ മെല്ലെ തെളിഞ്ഞുവന്നു . തന്റെ മുന്നിലിരിക്കുന്ന ആളെ തിരിച്ചറിഞ്ഞതുകൊണ്ടാവണം അയാളുടെ കണ്ണുകൾ ചോർന്നൊലിക്കാൻ തുടങ്ങി . അതുകണ്ട് അവർ ഒന്ന് മന്ദഹസിച്ചു ….

ഇതൊക്കെ ഉണ്ടായിരുന്നോ ക്രൂരമായ ആ മനസ്സിൽ . സങ്കടവും വേദനയും ഒന്നും നിങ്ങൾക്ക് അപരിചിതരായിരുന്നല്ലോ . മറ്റുള്ളവന്റെ വേദനയിൽ ആനന്ദം കണ്ടെത്തുന്ന ദുഷ്ടനാണ് നിങ്ങൾ ……..

ലച്ചു ….

വിളിക്കരുത് എന്നെ അങ്ങനെ . അതൊക്കെ അന്നേ ഞാൻ അറുത്തെറിഞ്ഞു പോന്നതാ . ഇനി ഒരുതവണ കൂടി എന്നെ അങ്ങനെ വിളിച്ചാൽ ബാക്കിയുള്ള ജീവനുംകൂടി ഞാൻ ഇങ്ങെടുക്കും …

ആ കണ്ണിലും മനസ്സിലും അഗ്നി ആളിപ്പടരുന്നുണ്ടായിരുന്നു ……

ജീവിക്കാൻ ഒരു മോഹവുമില്ല ലച്ചു മരിക്കാൻ സന്തോഷമേയുള്ളൂ . അത് നിന്റെ കൈകൊണ്ടായാൽ ഞാൻ ചെയ്ത പാപങ്ങൾക്ക് പരിഹാരമാകും …..

നിങ്ങൾ ചെയ്ത പാപങ്ങൾക്ക് മരിച്ചുകഴിഞ്ഞാൽപോലും . നിങ്ങൾക് മോക്ഷം കിട്ടില്ല അത്രക്ക് ക്രൂരതയാണ് നിങ്ങൾ എന്നോട് കാട്ടിയത് .

എന്റെ മാത്രമല്ല . എന്റെ കുടുംബം മുഴുവനുമാണ് നിങ്ങൾ എന്നിലൂടെ നശിപ്പിച്ചത് . എന്റെ വയറ്റിൽ നീ നൽകിയ സമ്മാനം അതിന്റെ നാണക്കേട് സഹിക്കാൻ കഴിയാതെ അച്ഛൻ ആത്മഹത്യ ചെയ്തപ്പോൾ .

അനുജത്തിയുടെ ഭാവിയെ ഓർത്തെങ്കിലും നീ തന്ന വിത്തിനെ നശിപ്പിക്കാൻ അമ്മയും കുടുംബക്കാരും പറഞ്ഞപ്പോ ഞാൻ ഒറ്റപെടുവായിരുന്നു . അവരുടെ വാക്കുകളെ നിരസിക്കുമ്പോൾ നിന്നോടുള്ള സ്നേഹമല്ല എന്റെ കുഞ്ഞിനെ ഞാൻ നശിപ്പിക്കാത്തതിന് കാരണം .

നീയും ഞാനുംകൂടി ചെയ്ത തെറ്റിന് ഒന്നുമറിയാത്ത എന്റെ പാവം കുഞ്ഞ് അതിന്റെ ജീവൻ നശിപ്പിക്കാൻ എനിക്ക് മനസ്സുവന്നില്ല ………

ബാക്കിയുള്ളതിന്റെ ജീവിതമെങ്കിലും നന്നായിരിക്കാൻവേണ്ടി വീട്ടുകാരും കുടുംബക്കാരുംകൂടി പടിയിറക്കി വിടുമ്പോൾ കൂട്ടിന് കണ്ണുനീരും ഒന്നുമറിയാതെ പുറംലോകം കാണാൻ കാത്തുകിടക്കുന്ന എന്റെ കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളു .

അലഞ്ഞു ഒരുപാട് . എന്റെ കുഞ്ഞിനുവേണ്ടി എല്ലാം ഉപേക്ഷിച്ചിറങ്ങിയ എനിക്ക് അതിനെക്കൂടി നഷ്ടമാകുവോന്നു പേടിയായിരുന്നു . പട്ടിണികിടന്നിട്ടുണ്ട് ദിവസങ്ങളോളം .

നടുറോഡിൽ തളർന്നുവീണ എന്നെ ആരൊക്കയോ ഹോസ്പിറ്റലിൽ എത്തിച്ചതും ആരോഗ്യം തിരിച്ചുകിട്ടിയപ്പോ അവിടെ നിന്ന് പോകാൻ ഒരിടമില്ലാതെ കണ്ണുനീർ തൂക്കിയ എന്നെ ഹോസ്പിറ്റലിന്റെ പേരിലുള്ള അനാഥമന്ദിരത്തിലേക്കു സിസ്റ്റർമാർ കൂട്ടികൊണ്ടുപോയതും എന്റെ കുഞ്ഞിന്റെ ഭാഗ്യംകൊണ്ടു മാത്രം …..

അവിടെനിന്ന് ഞാൻ പഠിച്ചു . എന്റെ മോനെ പ്രസവിച്ചു . അച്ഛനില്ലാതെ അവൻ അവിടെ വളർന്നു . അവരുടെ ഹോസ്പിറ്റലിൽത്തന്നെ എനിക്ക് ജോലികിട്ടി . എന്റെ മോനെ നന്നായിട്ട് വളർത്തി ഞാൻ , പഠിപ്പിച്ചു .

നിങ്ങളെക്കാളും നല്ല നിലയിൽ അവനെ എത്തിക്കണമെന്നായിരുന്നു എന്റെ വാശി . ഇന്ന് ഈ കാണുന്നതൊക്കെ അവനുള്ളതാ .

പക്ഷെ എനിക്ക് ഒരു പേടിയുണ്ടായിരുന്നു നിങ്ങടെ ഈ വൃത്തികെട്ട മനസ്സ് എന്റെ കുഞ്ഞിന് ഉണ്ടാകുമോയെന്നു . അവിടെയും ഈശ്വരൻ എന്നെ കൈവിട്ടില്ല നിങ്ങടെ മുഖമോ അഴുക്കുനിറഞ്ഞ ആ മനസ്സോ അവന് കിട്ടിയിട്ടില്ല . എന്റെ മോനാ അവൻ …

അന്ന് ഞാനെന്റെ കുഞ്ഞിനെ നശിപ്പിച്ചിരുന്നെങ്കിൽ ഇന്ന് നിങ്ങളിവിടെ കിടക്കില്ലായിരുന്നു ….

അതിശയത്തോടെ അയാൾ അവളെ തുറിച്ചു നോക്കി .

വഴിയിൽ കിടന്ന നിങ്ങളെ ഇവിടെ എത്തിച്ചത് അവൻതന്നാ .

ഇപ്പൊ അയാളുടെ കണ്ണുകൾ നിറഞ്ഞത് സങ്കടത്തിലാണോ സന്തോഷത്തിലാണോയെന്നറിയില്ല ….

അത് എന്റെ മോൻ …..

അല്ല നിങ്ങടെയല്ല എന്റെ … എന്റെ മോൻ … എന്റെ മാത്രം . അവന്റെ അച്ഛൻ എന്നെ മരിച്ചുപോയി . അതാണ് അവന്റെ വിശ്വാസം . അതാണ് സത്യവും .

അന്ന് ഞാനാ വീട്ടിൽനിന്നും ഇറങ്ങുമ്പോൾത്തന്നെ നിങ്ങളെ ഞാൻ കൊന്നിരുന്നു ഒന്നല്ല ഒരു നൂറുവട്ടം . ഇനി സത്യങ്ങൾ പറഞ്ഞ് അവനെ എന്നിൽനിന്നും അകറ്റാമെന്നു കരുതുന്നുണ്ടെങ്കിൽ ഒരിക്കലും അത് നടക്കില്ല .

ഈ അമ്മയുടെ വാക്കുകളെ ഒരിക്കലും അവൻ അവിശ്വസിക്കില്ല . അറിയണം നിങ്ങൾ ബന്ധങ്ങളുടെ വേർപാട് . ഞാൻ അനുഭവിച്ചതെല്ലാം നിങ്ങളെ അറിയിക്കാനാണ് ദൈവം ഇങ്ങനൊരു വിധി നിങ്ങൾക്ക് തന്നത് ……

മറുപടിക്ക് വാക്കുകൾ ഇല്ലായിരുന്നു അയാളിൽ . കണ്ണുനീരുകളാൽ എല്ലാം സമ്മതിക്കുവായിരുന്നു അയാൾ .

ഓർക്കുന്നുണ്ടോ അന്ന് ഞാൻ പറഞ്ഞ വാക്കുകൾ . ഇന്ന് ഈ കണ്ണുനീര് തുടയ്ക്കാൻ നിങ്ങൾക്കുപോലും കഴിയുന്നില്ല . അതാണ് പെണ്ണിന്റെ ശാപം .

കാലുപിടിച്ച് കെഞ്ചിയതല്ലേ ഞാൻ . അന്ന് എനിക്കൊരു ജീവിതം തന്നിരുന്നെങ്കിൽ ഇന്ന് ആരുമില്ലാതെ ഇങ്ങനെ കിടക്കാൻ വിടില്ലാരുന്നു ഞാൻ . ഇത് നിങ്ങൾ ചോദിച്ചുവാങ്ങിയതാണ് . അനുഭവിക്ക് ….

വാതിൽതുറന്ന് പുറത്തേക്കുപോകുമ്പോൾ അവരുടെ കണ്ണും ഈറനണിഞ്ഞിരുന്നു . ചെയ്തത് ശെരിയോ തെറ്റോ എന്നറിയാതെ ആ പാസ്സേജിലൂടെ നടന്ന് നീങ്ങുമ്പോൾ .

അയാളെ അസുഖങ്ങളിൽ നിന്നും മോചിപ്പിക്കണമേയെന്നു ഒരു പ്രാർത്ഥന ആ മനസ്സിൽ ഉണ്ടായിരുന്നിരിക്കുമോ ????

ഉച്ചയൂണിന് വീട്ടിലെത്തിയ ഹരിക്ക് വന്ന ഫോൺ കോൾ അയാളുടെ മരണവാർത്ത ആയിരുന്നു …..

അമ്മേ ഞാൻ ഇറങ്ങുവാ .

നീ കഴിക്കുന്നില്ലേ …..

ഇല്ലമ്മേ .. അയാൾ മരണപെട്ടു അമ്മേ …

അവരുടെ ഉള്ളൊന്നു പിടച്ചു . പക്ഷെ അവരത് പുറത്തുകാട്ടിയില്ല …

ഞാനിന്നു രാവിലെ ടെസ്റ്റ്‌ ചെയ്യാൻ ചെന്നപ്പോൾ എന്നെ കെട്ടിപിടിച് ഒരുപാട് കരഞ്ഞു . എന്താന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല . ചിലപ്പോ മക്കളെയൊക്കെ ഓർത്തുകാണും ….

അവരറിയാതെ കണ്ണുകളിൽ നിന്നും ഇറ്റുവീണ കണ്ണുനീർത്തുള്ളികൾ ആരും കാണാതെ അവർ തുടച്ചുനീക്കി …

ഞാൻ ഇറങ്ങുന്നു അമ്മേ ….

ഞാനും വരാം …

എന്താ അമ്മേ . ..

ഒന്നുമില്ല .. എനിക്കും ഒന്ന് കാണാല്ലോ ആളെ …

ഹോസ്പിറ്റലിൽ എത്തിയ അവർ നേരെ മോർച്ചറിയിലേക്കാണ് പോയത് . കൂടെ അഞ്ചുവും …

രമേശൻചേട്ടാ അതൊന്ന് തുറന്നെ …

ശെരി സാർ …..

കുറച്ചുനിമിഷങ്ങൾ അവർ ആ മുഖത്ത് നോക്കിനിന്നു . എന്തൊക്കയോ മനസ്സിലൂടെ മിന്നിമറഞ്ഞു .. പുറത്തേക്കിറങ്ങുമ്പോൾ അവരെപ്പോലെ ഹരിയുടെ കണ്ണുകളും നിറഞ്ഞിരുന്നു …..

എന്താ അഞ്ചു ഞാൻ വീട്ടിലേക്ക് പോകുമ്പോൾ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ …

അറ്റാക്കായിരുന്നു ഹരിയേട്ടാ . ഞങ്ങൾ പരമാവധി ശ്രെമിച്ചു പക്ഷെ …

ഇനിയിപ്പോ എന്താ ചെയ്യുക . ആരെയാ അറിയിക്കുക .

ആരെയും അറിയിക്കേണ്ട …

അമ്മ എന്താ ഈ പറയണേ . അറിയിക്കാതെ പിന്നെ .

ജീവിച്ചിരുന്നപ്പോ നോക്കാത്തവരാ ഇപ്പൊ വരാൻ പോകുന്നത് …

എന്നാൽ പോലീസിൽ ഇൻഫോം ചെയ്യാം ..

വേണ്ട ..

അമ്മ എന്തൊക്കെയാ ഈ പറയുന്നേ ….

നീ ചെയ്താൽ മതി കർമ്മങ്ങളൊക്കെ ..

ഞാനോ … എന്തിന് ?

ആരുമില്ലാത്ത പാവമല്ലേ നിന്നെ ഒരുപാടിഷ്ടം ആയതുകൊണ്ടാകും കെട്ടിപിടിച്ച് കരഞ്ഞത് ..

എന്നാലും അമ്മേ …..

വേറെങ്ങും കൊണ്ടുപോണ്ടാ നമ്മുടെ വീട്ടുവളപ്പിൽ ചെയ്താൽമതി . മോക്ഷം കിട്ടികൊളും ..

അവരുടെ സ്വരത്തിനു ഒരു ആജ്ഞാപനത്തിന്റെ ധ്വനി ഉണ്ടായിരുന്നു . വാക്കുകൾക്ക് ഉറപ്പുണ്ടായിരുന്നു …..

നമ്മുടെ വീട്ടുവളപ്പിലോ ?

അതേ .. എന്തേയ് …

ഇല്ലമ്മേ ഒന്നുമില്ല .. അമ്മയുടെ ഇഷ്ടംപോലെ എല്ലാം ചെയ്യാം ….

ചിതയ്ക്ക് തീകൊളുത്തി അതിനുമുന്നിൽ നിൽക്കുമ്പോൾ അവന്റെ ഓർമ്മകളിലൂടെ കടന്നുപോയത് . രാവിലെ ആ മുറിയിലേക്ക് ചെന്നപ്പോൾ വാതിലുകൾക്കിടയിലൂടെ അവൻ കേട്ട വാക്കുകളും അവിടെനിന്നും ഇറങ്ങി ഇടനാഴിയിലൂടെ നടന്നുനീങ്ങുന്ന അമ്മയുടെ രൂപവുമായിരുന്നു …

About Intensive Promo

Leave a Reply

Your email address will not be published.