ഷഹാനാ അതായിരുന്നു അവളുടെ പേര് … സ്നേഹത്തിന്റെ വില അറിയാത്തവർക്കായുള്ള ഒരു കഥ….
അതേ വിവാഹം കഴിഞ്ഞു രണ്ട് കുട്ടികളായി ഇതുവരെ ഒന്നു സ്നേത്തോടെ നോക്കുക പോലും ചെയ്തിട്ടില്ല ഞാൻ. എന്തിലും ഏതിലും കുറ്റം കണ്ടെത്താനെ ഞാൻ ശ്രമിച്ചിട്ടുള്ളു.
പലപ്പോളും അവൾ വിളമ്പുന്ന ഭക്ഷണത്തിൽ നിന്നും അവളുടെ മുടി എനിക്ക് കിട്ടിയിട്ടുണ്ട് അത് മതി അന്നത്തെ വഴക്കിന് എന്നാൽ അനേകായിരം മുടികൾ അവൾ വീഴാതെ നോക്കിയിരുന്നത് ശ്രദ്ധിച്ചിരുന്നില്ല.
രണ്ടു കുട്ടികളേയുമേന്തി അവൾ ഉണ്ടാക്കി തന്നിരുന്ന ഭക്ഷണങ്ങൾക്കെല്ലാം കുറ്റമേ ഞാൻ പറഞ്ഞിട്ടുള്ളു.
അന്നൊരു ദിവസം ഓഫീസിൽ പോവാൻ സമയം ആയിട്ടും ചായ കിട്ടാത്തതിന്റെ ദേശ്യത്തിൽ ഞാൻ നിൽക്കുമ്പോൾ വായു പിടിച്ചവൾ ചായ ഉണ്ടാക്കാനോടി മുലകുടി പോലും മാറാത്ത ഏഴ് മാസമായ കുട്ടി അവളുടെ ഒക്കത്തും രണ്ടു വയസായ കുട്ടി ഉമ്മയുടെ സാരി തുമ്പിലും പിടിച്ചിവലിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലൂടെ അവളുടെ ഇടത്തേ മാറോട് ചേർത്ത് ഇടം കൈ കൊണ്ട് ആ പിഞ്ചു കുഞ്ഞിനെ വാരി പുണർന്നു പിടിച്ചു കൊണ്ടവൾ വലത്തേ കൈ കൊണ്ട് എങ്ങനെയോ ചായ ഉണ്ടാക്കി .
തിളച്ചുമറിയുന്ന സ്റ്റീൽ പാത്രത്തിൽ പിടിക്കാനുള്ള തട തുണി എവിടെയോ വെച്ചവൾ മറന്നു .
എന്റെ ദേശ്യം അറിയാവുന്നത് കൊണ്ട് തട തുണി നോക്കി സമയം കളയാതെ ആ പാത്രം അവളുടെ കൈ കൊണ്ട് പിടിച്ചിറക്കി.
പാവത്തിന്റെ കൈ പൊള്ളിയതൊന്നും ഞാൻ അറിഞ്ഞില്ല.
വേഗമവൾ ചായ ഗ്ലാസിലാക്കി എന്നെ ലക്ഷ്യം വെച്ചോടി വരുന്നതിനിടയിലവൾക്ക് നിലത്തുറച്ചു നിൽക്കാൻ കഴിഞ്ഞില്ല.
ഗ്ലാസിൽ നിന്നും അൽപ്പമൊരു തുള്ളി ടേബിളിലേക്ക് തെറിച്ചു വീണു അതിൽ നിന്നും സൂചി കുത്തുപോലെ രണ്ടു മൂന്നു തുള്ളികൾ എന്റെ ഷർട്ടിലേക്കും വീണു. ദേശ്യം സഹിക്കവയ്യാതെ ചായ അപ്പുറത്തെ പറമ്പിലേക്ക് ഞാൻ തട്ടി തെറിപ്പിച്ചു.
ഒന്നു കൊടുക്കാൻ കൈ ഓങ്ങിയപ്പോളാണ് കൊച്ച് കയ്യിലിക്കുന്നത് ഞാൻ ശ്രദ്ധിച്ചത് അത് കൊണ്ട് തല്ലിയില്ല പകരം ദേശ്യത്തോടെ സംസാരിച്ചു. നിന്റെ ചായേം വേണ്ട ഒരു കോപ്പും വേണ്ടന്ന് പറഞ്ഞിറങ്ങി ഞാനാ പടി മുറ്റം.
ഓഫീസിലെ തിരക്കുകൾക്കിടയിലെവിടെയാ ഇവരോട് കൊഞ്ചാനൊക്കെ സമയം.. അവൾക്കും കുട്ടികൾക്കും വേണ്ടതെല്ലാം വാങ്ങി കൊടുക്കുന്നുണ്ട് ഞാൻ ഒരു ഭർത്താവായാൽ ഇത്രയുമൊക്കെ പോരെ എന്നൊക്കെ ഞാനും ചിന്തിച്ചിട്ടുണ്ട്.
പക്ഷേ അതിനേക്കാൾ അപ്പുറത്തൊരു ലോകം അവൾക്കുണ്ടായിരുന്നതറിഞ്ഞില്ല ഞാൻ. ആ ലോകത്ത് എന്നെ ഒന്നടുത്ത് കിട്ടാനായിരുന്നു അവൾ കൊതിച്ചത്.. അന്ന് രാത്രി വീട്ടിൽ കേറി വന്ന എന്റെ കയ്യിൽ ഒരു പൊതി കണ്ടവൾ ചോദിച്ചു അതെന്താ ഇക്കാന്ന് .
അവൾ അത് തുറന്നു നോക്കി അത് മസാല ദോശ ആയിരുന്നു. അവൾ വേഗം കുട്ടികളെ ഉറക്കി ദോശ തിന്നാൻ ടേബിളിനടുത്തേക്ക് ഓടി വരുന്നതും ആ പൊതി വീണ്ടുംപൊട്ടിക്കുന്ന തിരക്കും വെപ്രാളവുംആർത്തിയും കണ്ടപ്പോൾ അറിയാതെ ഞാനും മനസ്സിൽ ഓർത്തു പോയി ഇതെന്തു പണ്ടാറാണ് തീറ്റ ഇതുവരെ കണ്ടിട്ടില്ലാത്തത് പോലെ…
ദോശ പാതി ആയപ്പോളാ അവളെന്നോടാ കാര്യം ചോദിച്ചത്. ഇതെന്തു പറ്റി ഇക്കാപതിവില്ലാത്തൊരു ശീലമിന്ന്. രാവിലെ എന്നെ വഴക്കു പറഞ്ഞതിനാണോ ഇത്.
പിന്നേ കോപ്പാണ് ഞാനും ഓഫീസിലെ രണ്ടു സ്റ്റാഫും കൂടി ചായ കുടിച്ചു കഴിഞ്ഞപ്പോ 75 രൂപയായി 500 ന്റെ നോട്ടാ ഞാൻ കൊടുത്തത് ചില്ലറ ഇല്ലന്നു കടക്കാരൻ പറഞ്ഞപ്പോ നൂറ് രൂപ റൗണ്ടാക്കാൻ എന്താന്നു വെച്ചാൽ താന്ന് പറഞ്ഞപ്പോൾ തന്നതാ ഇത് മസാല ദോശയായി രുന്നുവെന്ന് സത്യം പറഞ്ഞാൽ ഇപ്പോളാ ഞാനും കാണുന്നത്.
ഇത് പറയുമ്പോൾ അവളുടെ കവിളുകൾ ചുവന്നു തുടുത്തു കണ്ണുകളിൽ നിന്നും ഉതിർന്നു വീഴുന്ന തുള്ളികളാൽ ആ ദോശ നനഞ്ഞു.
അവൾ ആ പാതി ദോശയിലേക്ക് നോക്കി വിതുമ്പി ഇതൊന്നും മനസിലാവാതെ ഞാൻ റൂമിലേക്ക് കിടക്കാൻ പോയി. വെറും ഇരുപത്തഞ്ചി രൂപയുടെ ഒരു ദോശയിൽ ഇത്രയേറേ മാധുര്യം ഉണ്ടായിരുന്നുവെന്നത് ഞാനും അറിഞ്ഞിരുന്നില്ല…
കിടക്കാൻ വന്നാലു അടുപ്പിക്കുന്ന ഒരു സ്വഭാവം എനിക്കില്ലാർന്നു. എത്ര ആട്ടി ഓടിച്ചാലു എന്റെ നെഞ്ചിലെ രോമകൂപങ്ങൾക്കിടയിൽതല ചായ്ക്കാനവൾ വരും അവളുടെ ചൂണ്ട് വിരൽ കൊണ്ടെന്റെ നെഞ്ചിൽ വൃത്തം വരച്ച് കൊഞ്ചിയവൾ വിളിക്കും ഇക്കാന്ന്..
എനിക്കാണെങ്കിൽ ഈ പോർക്ക് ഇങ്ങനെയൊക്കെ കാണിക്കുമ്പോ ദേശ്യം വരും.. എനിക്ക് തോന്നുന്ന രാത്രികളിൽ മാത്രം അടുത്ത് കിടത്തുന്നതാ ഇഷ്ടം അതും ഒരു തരം കിടത്തം.. എന്തെങ്കിലുമൊക്കെ കാണിച്ചു കൂട്ടി വേഗം കിടക്കണം അത്ര തന്നേ..
അല്ലാതെ അവൾ ആഗ്രഹിച്ചിരുന്നതു പോലെയുള്ള സ്നേഹത്തിന്റെ പ്രതീകമായ ഒരു ചുംബനമോ വാത്സല്യത്തോടെയുള്ള ഒരു തലോടലുകളോ ഒന്നും തന്നെ എന്നിൽ നിന്നും ഉണ്ടായിട്ടില്ല… സ്നേഹമില്ലാത്ത കാമം മാത്രമായിരുന്നു എന്റെത്..
ആ രാത്രി എന്റെ നെഞ്ചോട് ചേർന്നു കിടക്കാൻ വന്നവളെ ഞാൻ അകറ്റി മാറ്റി.. പിറ്റേന്ന് രാവിലെ അവൾ എണീറ്റില്ല…… അതെ അവൾക്കനക്കമില്ല എന്റെ വിളി കേട്ടിട്ടാവണം അയൽവാസികളും ഓടി വന്നു ഞങ്ങൾ വേഗം അടുത്തുള്ള ഹോസ്പിറ്റലിലേക്ക് അവളേയു കൊണ്ടുപോയി ഞങ്ങളെ പുറത്തു നിർത്തിട്ട് ഏതോ ഒരു മുറിയിലേക്കവർ അവളേയും കൊണ്ടുപോയി .
കുറച്ചു കഴിഞ്ഞപ്പോൾഡോക്ടർ എന്നേ അകത്തേക്ക് വിളിച്ചിട്ട് പറഞ്ഞു ക്ഷമിക്കണം ആള് മരണപ്പെട്ടിട്ട് നാല് മണിക്കൂറോളം ആയി എങ്ങനെയോ ആളുടെ കൈ പൊള്ളിട്ടുണ്ട് അതുവഴി ഇൻഫക്ഷൻ ആയിട്ടുണ്ട്.
പിന്നെ വേറെ എന്തൊക്കെയോ പറഞ്ഞു അതൊന്നും എന്റെ മനസ്സിലേക്ക് കേറിയില്ല ഞാനാകെ തകർന്നു പോയി. ആരെ അറിക്കാനാ അവൾക്കാരാ ഉള്ളത് .
വർഷങ്ങൾക്ക് മുമ്പേ അവളുടെ ഉമ്മയും ഉപ്പയും മരണപ്പെട്ടതാണ് പിന്നീടവൾക്കെല്ലാം ഞാനായിരുന്നുവെന്നുള്ള സത്യം എനിക്കിപ്പോളാ മനസ്സിലായത്.
കബറടക്കത്തിനുള്ളതെല്ലാം ഏർപ്പാടാക്കി ഞാൻ വീട്ടിലേക്ക് വേഗം പോന്നു ഒന്നും അറിയാത്ത രണ്ടു പിഞ്ചോമനകളെ അടുത്ത വീട്ടിൽ ഏൽപ്പിച്ചിട്ടാ ഞാൻ പോന്നിരിക്കുന്നത് അവർ ഉമ്മ എവിടെ വാപ്പാ എന്നു ചോദിച്ചാൽ എന്തു മറുപടി പറയും.
താരാട്ടുപാട്ടുകളും കഥകളും പറഞ്ഞു അവരെ ഉറക്കിയ. അല്ലെങ്കിൽ ലാളിച്ചും കൊഞ്ചിച്ചും അവർക്ക് ഭക്ഷണം നൽകിയ ആ ഉമ്മ ഇനി വരില്ലന്നു പറയണോ ഞാൻ.
നിക്കൊന്നും അറീല്ല. വീടിന് മുന്നിൽ ആരൊക്കെയോ പന്തല് ഇട്ടുവെച്ചിട്ടുണ്ട് ചിലയിടങ്ങളിലായി ചുവപ്പുനിറത്തിലേകസേരകളും കാണാം ..
കസേരകൾ തട്ടിമാറ്റി ഞാൻ വീടിന്റെ ഉമ്മറപ്പടിയിൽ നിന്നും അകത്തേക്ക് കയറി. ആരും എന്നെ ആശ്വസിപ്പിക്കാനൊന്നും വന്നില്ല കാരണം ഞാനവളെ സ്നേഹിച്ചിരുന്നതായി അയൽവാസികൾക്കും തോന്നിയിട്ടില്ല.
ഞാനെന്റെ മുറിയിലേക്ക് കയറിയപ്പോൾ അടുക്കളയിൽ എന്തോ തട്ടിത്തെറിച്ചു താഴെ വീഴുന്ന ശബ്ദം ഞാൻ കേട്ടു മനസുകൊണ്ടറിയാതെ ഞാൻ മോഹിച്ചുപോയി റബ്ബേഇത് അവളായിരിക്കണേന്ന് പക്ഷേ എന്റെ പ്രതീക്ഷകളെ തകർത്തെറിഞ്ഞു കൊണ്ട് ഒരുകണ്ടൻ പൂച്ച ജനാലയിലൂടെ പുറത്തേക്ക് ചാടി .
നിലത്ത് വീണ പാത്രം ഞാൻ എടുത്ത് വെക്കാൻ നോക്കിയപ്പോൾ തലേ ദിവസം എനിക്ക് ചായക്കായി അവൾ കരുതി വെച്ച പാലായിരുന്നതിൽ ആ പാലിപ്പോൾ തൈരിലേക്ക് രൂപം മാറി കൊണ്ടിരിക്കുന്നു അതുകൊണ്ടാവും പൂച്ച അത് കുടിക്കാതെ പോയത്.ഇതിനിടയിൽ ചെറിയൊരു ചാറ്റൽ മഴ. ആരോ പുറത്തു നിന്നും പറയുന്നുണ്ട് മുകളിൽ എന്തോ തുണി കിടപ്പുണ്ടെന്ന് .
ഇത് കേട്ടയുടനെ ഞാനോടി ടറസിലേക്ക് അവിടെ അവൾ എന്റെ എല്ലാം കഴുകി വിരിച്ചിരിക്കുന്നു
കൂട്ടത്തിൽ ആ ചായ കറയായ ഷർട്ടും ഷർട്ടിലെ കറപോയിട്ടില്ല പക്ഷേ അത് പോവാൻ വേണ്ടി അവളുടെ ആ പൊള്ളിയ കൈ കൊണ്ട് അവൾ ഒരുപാടത് തേച്ചുരച്ചു കഴുകിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി
മഴയുടെ ശക്തി കൂടിയപ്പോൾ എല്ലാം വാരിയെടുത്ത് ഞാൻ താഴെ ഇറങ്ങി വസ്ത്രങ്ങൾ അലമാരക്കുള്ളിൽ കുത്തിനിറക്കാൻ നോക്കിയപ്പോൾ അലമാരയുടെ മറുവശത്തായി എനിക്കിന്നിടാൻ തേച്ചുമിനുക്കി വെച്ചിരിക്കുന്ന ഷർട്ടുകൾ .
സങ്കടം സഹിക്കവയ്യാതെ എല്ലാം അവിടെ ഇട്ടു ഞാൻ .അപ്പോളാണ് ഞാനാ കാഴ്ച്ച കണ്ടത് അലമാരയോട് ചേർന്നിരിക്കുന്ന കുട്ട അതിൽ നിറയെ അവളുടെ അലക്കാത്തതായിട്ടുള്ള ഉടുപ്പുകൾ രണ്ടും മൂന്നും ദിവസത്തെ പഴക്കമുണ്ട് എല്ലാത്തിനും.
എപ്പോളും കരിപുരണ്ട രൂപത്തിലേ ഞാനവളെ കണ്ടിട്ടുള്ളത് എന്നാൽ എപ്പോളെങ്കിലും നീ കുളിച്ചോ ചായ കുടിച്ചോ ഭക്ഷണം കഴിച്ചോ ഇതൊന്നും ഞാൻ തിരക്കിയിട്ടില്ല ഈ രണ്ടു കുട്ടികളെയും വെച്ച് അവൾ എന്റെ കാര്യങ്ങളിലായിരുന്നു ശ്രദ്ധ പുലർത്തിയിരുന്നത്.
അവളുടെ വിയർപ്പിന്റെ ഗന്ധത്തോട് മുമ്പ് പലപ്പോളും വെറുപ്പായി തോന്നിയിട്ടുണ്ടെങ്കിലും നാറണെന്നും പറഞ്ഞ് അവളെ ഞാൻ അകറ്റിയിട്ടുണ്ടെങ്കിലും അന്നവളുടെ വസ്ത്രങ്ങളുടെ വിയർപ്പിന്റെ ഗന്ധം എനിക്ക് സുഖന്ധ മായാണ് തോന്നിയത്.
ആ അഴുക്കുപിടിച്ച തുണികളെല്ലാം ഞാൻ കയ്യിലെടുത്തു എന്നിട്ട് ഒരു നിമിഷം ഞാനതിൽ നോക്കി നിന്നു അതു കൊണ്ട് ഞാനെന്റെ മുഖം പൊത്തി മറച്ചു എന്നിട്ട് ആരും കാണാതെ ഞാൻ അവളുടെ തുണികൾക്കുള്ളിൽ പൊട്ടി കരഞ്ഞു.
ആ തുണികൾ ഞാനെന്റെ കിടപ്പറയിൽ കൊണ്ടുവന്നു വെച്ചു എന്നിട്ടതുകൊണ്ട് ഞാനൊരാൾരൂപം ഉണ്ടാക്കി കെട്ടി പിടിച്ചു എന്റെ കരങ്ങൾ കൊണ്ട് ഞാൻ വാരി പുണർന്നു
ചെറിയൊരു മയക്കത്തിലേക്ക് പോകവേ ശക്തമായ ഒരു ഇടിവെട്ട് കേട്ട് ഞാൻ നെട്ടിയുണർന്നു ആ ഇ ടിമിന്നലിൽ ശരിക്കും ഞാനൊരാൾരൂപം കണ്ടു അതേ എന്റെ കരങ്ങൾക്കുള്ളിൽ അവൾ കിടക്കുന്നു എനിക്കിത് വിശ്വസിക്കുവാൻ കഴിയുന്നില്ല….
ന്റെ റബ്ബേ ഞാൻ ഇത്ര നേരം കണ്ടതു മുഴുവനും സ്വപ്നമായിരുന്നോ എന്റെ അടുത്ത് കിടക്കുന്നത് ഷഹാന തന്നെയാണോ.. ഏതാണ് സ്വപ്നം ഏതാണ് യാഥാർത്യം ഒന്നുമറിയാതെ പകച്ചു നിൽക്കുമ്പോളാ പാതി ഉറക്കത്തിൽ നിന്നും എണീറ്റവൾ ചോദിച്ചത്……
എന്താ ഇക്കാ.. കുറച്ചു നേരം ഞാനവളെ നോക്കി നിന്നു എന്റെ കണ്ണുനീർ മഴുവനും അവളുടെ മുഖത്തു പതിച്ചു എന്താ നടന്ന തെന്നൊന്നുമറിയാതെ പാവം വേഗം എണീറ്റു എന്നിട്ടു ചോദിച്ചു എന്തു പറ്റി ഇക്കാ ഇങ്ങള് എന്തിനാ കരയുന്നത് ‘..
എന്റെ മാറോട് ചേർത്തവളെ ഞാൻ കെട്ടിപിടിച്ചു അവളുടെ നെറ്റിയിലേക്ക് ഉതിർന്നുവീണു കിടന്നിരുന്ന മുടിയിഴകൾ ഞാനെന്റെ വിരലുകൾ കൊണ്ട് മെല്ലെ തഴുകി നീക്കി എന്നിട്ടാ തിരുനെറ്റിയിൽ ഒരായിരം ചുടുചുംബനങ്ങൾ ചാർത്തി.
ഇത്ര വർഷങ്ങളായിട്ടും കൊടുക്കാതിരുന്ന സ്നേഹം മുഴുവനും ഞാനാ രാത്രി അവൾക്കു നൽകി കൂടെ സർവ്വേശ്വരനൊരു സ്തു ദിയും….. അൽഹംദുലില്ലാഹ്…………
അന്ന് ഞാനൊരു കാര്യം മനസ്സിലാക്കി തിണ്ണമിടുക്കും തടിമിടുക്കും ഉണ്ടായതു കൊണ്ടു മാത്രം ഒരു നല്ല ഭർത്താവാകണമെന്നില്ല ഇരുപത്തയ്യായിരം രൂപയുടെ സാരി വാങ്ങി കൊടുത്തിട്ട് കാണിക്കാത്ത സന്തോഷം വെറും ഇരുപത്തഞ്ചു രൂപയുടെ ദോശയിൽ അവൾ കാണിച്ചെങ്കിൽ അവൾ ആഗ്രഹിക്കുന്നത് എന്റെ സ്നേഹമാണ്. എന്റെ സാന്നിദ്ധ്യമാണ്. എന്റെ വാത്സല്യമാണ്..