തന്റെ വിവാഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ശ്രീനിവാസന്‍. പ്രണയിച്ച് വിവാഹിതരായവരാണ് ശ്രീനിവാസനും വിമലയും. വിവാഹത്തെക്കുറിച്ചുള്ള രസകരമായ കഥ ശ്രീനിവാസന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.
സംഭവ ബഹുലമായ വിവാഹമായിരുന്നു ശ്രീനിവാസന്റേത്. നേരത്തെ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. പൊതുവേദിയില്‍ വെച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ എന്തായിരുന്നു ആ രസകരമായ സംഭവമെന്ന് ഒന്നുകൂടെ ഓര്‍ത്താലോ? രസകരമായ ആ സംഭവത്തിലൂടെ തുടര്‍ന്നുവായിക്കൂ.
ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിനിടയില്‍ വെച്ചാണ് ശ്രീനിവാസന്‍ രജിസ്റ്റര്‍ വിവാഹത്തെക്കുറിച്ച് ഇന്നസെന്റിനോട് സൂചിപ്പിച്ചത്. ആരേയും ക്ഷണിക്കുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇറങ്ങാന്‍ നേരം കൈയ്യിലൊരു പൊതി തന്നാണ് അദ്ദേഹം തന്നെ ഞെട്ടിച്ചത്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയും ഏറെ രസകരമായിരുന്നു.
എങ്ങനെയാണ് ഈ പൈസ സംഘടിപ്പിച്ചതെന്ന് ചോദിച്ചപ്പോള്‍ ആലീസിന്റെ രണ്ട് വള കൂടി വിറ്റുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം തന്ന പണം ഉപയോഗിച്ചാണ് സാരിയൊക്കെ വാങ്ങിയത്. മമ്മൂട്ടിയോടാണ് ബാക്കി പൈസ കടം വാങ്ങിയത്. വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ താനും വരാമെന്നായി അദ്ദേഹം.
അതിരാത്രം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു മമ്മൂട്ടിയോട് വിവരം പറഞ്ഞത്. കണ്ണൂരില്‍ വെച്ചായിരുന്നു ചിത്രീകരണം നടക്കുന്നത്. രണ്ടായിരം രൂപ വേണമെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ അദ്ദേഹം തന്നു. രജിസ്റ്റര്‍ വിവാഹമാണ് ആരെയും ക്ഷണിക്കുന്നില്ലെന്ന് അദ്ദേഹത്തോടും പറഞ്ഞിരുന്നു.
വിവാഹത്തിന് വരാമെന്ന് പറഞ്ഞ അദ്ദേഹത്തോട് നിങ്ങള്‍ വന്നാല്‍ കല്യാണം കലങ്ങുമെന്ന് പറഞ്ഞു. ആരും അറിയാതെ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ നിങ്ങള്‍ വന്നാല്‍ കഥ മാറും. അറിയപ്പെടുന്ന താരമായ നിങ്ങള്‍ വന്നാല്‍ പിന്നെ പരിപാടി നടക്കില്ലെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോഴാണ് അദ്ദേഹം വരുന്നില്ലെന്ന് തീരുമാനിച്ചത്.
രജിസ്റ്റര്‍ വിവാഹമാണെങ്കിലും താലി വാങ്ങിക്കണമെന്നായിരുന്നു അമ്മ പറഞ്ഞത്. അതിനുള്ള കാശ് കൈയ്യിലിലെന്ന് പറഞ്ഞ് അമ്മയെ നിരുത്സാഹപ്പെടുത്തിയിരുന്നു. പിന്നീട് മമ്മൂട്ടി തന്ന പൈസ ഉപയോഗിച്ച് താലി വാങ്ങുകയായിരുന്നുവെന്നും ശ്രീനിവാസന്‍ പറയുന്നു.
പഴയ വീഡിയോയാണെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ സംഭവം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. മതസൗഹാര്‍ദ്ദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. മുസ്സീമായ മമ്മൂട്ടിയും ക്രിസ്ത്യാനിയായ ഇന്നസെന്റും സഹായിച്ചപ്പോഴാണ് വിവാഹം നടന്നത്.