പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ച ആസറാം ബാപ്പുവിന്റെ തനിനിറം വെളിപ്പെടുത്തുന്ന സ്റ്റിംഗ് ഓപ്പറേഷന്‍ വീഡിയോ വൈറലാകുന്നു. 2010ല്‍ ആജ് തക്ക് ടെലികാസ്റ്റ് ചെയ്ത സ്റ്റിംഗ് ഓപ്പറേഷന്റെ ദൃശ്യങ്ങളാണ് എട്ട് വര്‍ഷങ്ങള്‍ ശേഷം കോടതി വിധി വന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സ്റ്റിംഗ് ഓപ്പറേഷനായി എത്തിയ മാധ്യമപ്രവര്‍ത്തകയോട് തന്നോടൊപ്പം ഉറങ്ങാനാണ് ആസാറാം ബാപ്പു ആവശ്യപ്പെടുന്നത്.
ഒരു എന്‍ആര്‍ഐക്കാരി എന്ന വ്യാജേനയാണ് മാധ്യമപ്രവര്‍ത്തക ആസറാം ബാപ്പുവിനെ സമീപിച്ചത്. വഞ്ചനക്കേസില്‍പ്പെട്ടതിനാല്‍ അമേരിക്കയിലെ അന്വേഷണ ഏജന്‍സികളുടെ കണ്ണ് വെട്ടിച്ച് നാട്ടിലെത്തിയതാണെന്നും,തന്നെ രക്ഷിക്കണമെന്നും ഇവര്‍ ആസറാമിനോട് ആവശ്യപ്പെട്ടു. കുറ്റം ഏറ്റുപറഞ്ഞ സ്ഥിതിക്ക് താന്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്നായി ബാപ്പു. മുഖ്യമന്ത്രി പോലും എന്റെ മുന്നില്‍ എത്തി തലകുമ്പിടും, ഒന്നു പേടിക്കാനില്ല ഇയാള്‍ പറഞ്ഞു.
രാത്രിയില്‍ ഉറക്കം വരുന്നില്ലെന്ന് യുവതി പറഞ്ഞതോടെ, അതൊരു അവസരമായി മുതലെടുക്കാനാണ് ആസാറാം ബാപ്പു ശ്രമിച്ചത്. രാത്രി തന്നോടൊപ്പം ഉറങ്ങിയാല്‍ നല്ല സമാധാനം കിട്ടുമെന്നും, എല്ലാ വേദനയും മാറുമെന്നും ആസാറാം ബാപ്പു യുവതിയോട് പറഞ്ഞു. സംഭവത്തിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.