Breaking News
Home / Lifestyle / സ്ത്രീകൾക് ഉപകാരപ്രദമാകുന്ന പോസ്റ്റ് സജ്ന നിഷാദ് എഴുതുന്നു : നെഗറ്റീവ് കമന്റുകൾ ഭയന്ന് എഴുതാതെ മാറ്റി വെച്ച ഒരു ടോപിക് ആയിരുന്നു menstrual cup നെ കുറിച്ചുള്ളത്…

സ്ത്രീകൾക് ഉപകാരപ്രദമാകുന്ന പോസ്റ്റ് സജ്ന നിഷാദ് എഴുതുന്നു : നെഗറ്റീവ് കമന്റുകൾ ഭയന്ന് എഴുതാതെ മാറ്റി വെച്ച ഒരു ടോപിക് ആയിരുന്നു menstrual cup നെ കുറിച്ചുള്ളത്…

കമന്റുകൾ ഭയന്ന് എഴുതാതെ മാറ്റി വെച്ച ഒരു ടോപിക് ആയിരുന്നു menstrual cup നെ കുറിച്ചുള്ളത്..പക്ഷെ, ഒരു സ്ത്രീ എന്ന നിലയിൽ ഏറ്റവും കൂടുതൽ അനുഭവിച്ചു കൊണ്ടിരുന്ന ഒരു ബുദ്ധിമുട്ടിൽ നിന്ന് ഒരുപാട് ഒരുപാട് ആശ്വാസം കിട്ടിയ ഒരു കാര്യം മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുത്തില്ലെങ്കിൽ ഞാൻ ഏറെ സ്വാർത്ഥ ആയിപ്പോകും..ഇന്ന് ഒരുപാട് സ്ത്രീകൾ മെനസ്ട്രൽ കപ്പ് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും ആ ഉപയോഗം നൽകിയ സന്തോഷം വിളിച്ചു പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും യോനി, വജൈന, ആർത്തവം , മുല ഇതൊക്കെ തുറന്നു പറയുന്ന പെണ്ണുങ്ങൾ വേറെ എന്തൊക്കെയോ ആണെന്നും, അത്തരം പോസ്റ്റിൽ പോയി സദാചാരം വിളമ്പി ഉത്ഘോഷിക്കുകയും ചെയ്യുന്ന ‘

കുറച്ചു മാന്യന്മാർ’ ഉള്ളത് കൊണ്ടും പലരും മിണ്ടാതെ പോകുന്നു.. ഞാനും മിണ്ടാതെ ഇരുന്നു..പക്ഷെ ഇന്നലെ എന്റെ കൂട്ടുകാരിയോട് എന്തെ മെനസ്ട്രൽ കപ്പ് ഉപയോഗിച്ചൂടെ നിനക്ക് എന്ന് ചോദിച്ചപ്പോൾ, പിന്നെ, അതൊക്കെ ഉള്ളിൽ വെച്ചിട്ട് വേണം ഭാവിയിൽ ഇനി വല്ല അസുഖവും ഉണ്ടാകാൻ എന്ന മറുപടി ഏറെ വിഷമം ഉണ്ടാക്കി..വജൈനയുടെ ഉള്ളിൽ വെക്കുക എന്നത് കൊണ്ട് എന്തോ സംഭവിക്കും എന്ന് ചിന്തിച്ചു മാത്രം ഇത്രയും നല്ലൊരു മാറ്റം വേണ്ടെന്ന് വെക്കുന്ന ഒരുപാട് പേർ കാണും എന്ന് തോന്നി..ഈ പ്രൊഡക്ടിനെ കുറിച്ച് കുറെ നാളുകൾ മുൻപ് കേട്ടിരുന്നു ,

ക്ഷെ മുഖപുസ്തകത്തിൽ ഒരു ജേർണലിസ്റ്റ് കുട്ടിയുടെ പോസ്റ്റ് കണ്ടപ്പോൾ ആണ്, ഉപയോഗിച്ച് നോക്കാം എന്ന് എനിക്കും തോന്നിയത്.. പിന്നീട് ഗൂഗിളിലും, യൂടൂബിലും ഒക്കെ ഒരുപാട് തിരച്ചിൽ ആയിരുന്നു, അവയെ കുറിച്ചുള്ള ആർട്ടിക്കിൾ വായിച്ചു, ഗൈനക്കോളജിസ്റ്റ് പറയുന്ന വിഡിയോ കണ്ടു, ഉപയോഗിക്കുന്ന രീതി നോക്കി .ഇക്കയോട് പറഞ്ഞപ്പോൾ ബർത്ഡേക്ക് ഗിഫ്റ്റ് ആയി വാങ്ങി തരാം എന്ന് പറഞ്ഞു.. പക്ഷെ, ജോലിക്ക് പോയി കിട്ടിയ ആദ്യ വരുമാനം കൊണ്ട് തന്നെ ഞാൻ ആ ‘വിപ്ലവമാറ്റത്തിന്’ ഓർഡർ കൊടുത്തു..പർപ്പിൾ കളറിൽ ആ മാറ്റം എന്റെ വീട്ടിൽ എത്തി..പിന്നീട് പീരിയ്ഡ്സ് ആകാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു.

നഴ്സ് ആണെങ്കിലും വജൈനയിൽ മെഡിസിൻ ഒക്കെ ഇന്സെർട് ചെയ്തിട്ടുണ്ടെങ്കിലും ഒരു ഫോറിൻ ബോഡി ഉള്ളിലേക്ക് വെക്കുന്ന എല്ലാ ആശങ്കയോടും കൂടെ തന്നെ ആയിരുന്നു ആദ്യ ദിനങ്ങൾ.. ആദ്യത്തെ ഒന്ന് രണ്ടു ദിവസമേ ഉപയോഗ പരിചയക്കുറവിന്റെ ബുദ്ധിമുട്ട് ഉണ്ടായിയുന്നുള്ളൂ..ഉപയോഗിച്ച് തുടങ്ങി മെനസ്ട്രൽ കപ്പിന്റെ സൗകര്യം അറിഞ്ഞപ്പോ ജീവിതത്തിൽ ആരോടും ചോദിക്കാതെ ഒറ്റയ്ക്ക് ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം ആയിരുന്നു ഇതെന്ന് ഉറപ്പിച്ചു..

ഇത് മെനസ്ട്രൽ കപ്പിന്റെ ബ്രാൻഡ് പരിചയപ്പെടുത്തലോ പരസ്യമോ ഒന്നും അല്ല..പണ്ട് തുണി(ഇന്നും ഉണ്ട്) അതും വിയർപ്പും അഴുക്കും ഒക്കെ പറ്റി, അലക്കി അലക്കി മുഷിഞ്ഞ ലുങ്കി തുണി കീറി ഉപയോഗിച്ചിരുന്ന കാലം, കോളേജിൽ പോകുന്ന ഒരു ചേച്ചി ആണ് പാഡ് കാണിച്ചു തരുന്നത്.. വീട്ടിൽ അത് വാങ്ങി തരാൻ അന്ന് വഴക്ക് ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട്.. കടയിൽ പോയി ഇതൊക്കെ വാങ്ങുന്നത് എങ്ങനെ ആണ്, മോശം അല്ലെ എന്നൊക്കെ വിദ്യാഭ്യാസം ഉള്ള ഉമ്മച്ചി പോലും ചിന്തിച്ചിരുന്നു..

പക്ഷെ പാഡ് ഉപയോഗിച്ചപ്പോൾ രക്തത്തിന്റെ ഉളുമ്പ് മണം പിടിച്ച തുണിയിൽ നിന്നും കിട്ടിയ ആശ്വാസം ചെറുത് ആയിരുന്നില്ല.. അന്നും ഏറെ കഴിഞ്ഞാണ് വീട്ടിലെ മുതിർന്നവർ തുണി ഒഴിവാക്കിയത്..വൃത്തി രഹിതമായ ആർത്തവ പരിപാലനം(തുണി ഉപയോഗം) ആണ് ഇത്രയും നാൾ ശീലിച്ചു പോന്നതെന്നും അതിന്റെ ഭവിഷ്യത്തുകൾ എത്രത്തോളം എന്നും നഴ്സിംഗ് പഠിക്കാൻ ചെന്നപ്പോൾ ആണ് അറിഞ്ഞത്..

ഉപയോഗം തുണിയിൽ നിന്നും സുഖകരം എങ്കിലും ഏതൊരു പെൺകുട്ടിയെ പോലെയും അത്ര സുഖകരം ആയിരുന്നില്ല ആർത്തവ ദിനങ്ങൾ..അതും തൂവെള്ള യൂണിഫോം ഒക്കെ അണിഞ്ഞ സമയങ്ങളിൽ..ഇന്നും കറുത്ത പർദ്ദ അണിഞ്ഞാലും ആർത്തവ ദിനങ്ങൾ ആശങ്കയിൽ തന്നെ ആയിരുന്നു.. വസ്ത്രത്തിൽ പറ്റുമോ..പുറത്തൊക്കെ യാത്രക്ക് പോയാൽ എവിടുന്ന് മാറും, ചില കാര്യങ്ങൾക്ക് ഒക്കെ രാവിലെ ഇറങ്ങിയാൽ പാഡ് മാറ്റാൻ ഉള്ള സമയവും സൗകര്യവും പലർക്കും ഉണ്ടാകില്ല..ജോലിക്കാരുടെ കാര്യം പറയേണ്ടതില്ല.. നാലു മുതൽ ആറ് മണിക്കൂർ വരെ മാത്രം ഉപയോഗിക്കാവുന്ന പാഡ് മിക്കപ്പോഴും ആദ്യ ദിവസങ്ങളിൽ രക്‌തം കൊണ്ട് നിറഞ്ഞിട്ടുണ്ടാകും.

മൂത്രം ഒഴിക്കാൻ പോയാൽ പാഡ് മാറ്റേണ്ടി വരും എന്നും എന്നാൽ അതിനുള്ള സമയം ഇല്ല എന്നും ഒക്കെ കരുതി മൂത്രം പിടിച്ചു വെച്ചും ,പാഡിന്റെ ഇറിട്ടേഷനും ഒക്കെ ആയി മനം മടുപ്പിക്കുന്ന ദിനങ്ങൾ.. ഹോർമോൺ വ്യതിയാനങ്ങൾ വരുത്തുന്ന മൂഡ് സ്വിങ്സിനെക്കാൾ എനിക്ക് ദേഷ്യവും സങ്കടവും കൂടുതൽ ഈ സമയത്ത് വരാൻ ഉള്ള കാരണം ആയി തോന്നിയിട്ടുള്ളത്, രക്തത്തിന്റെ കൊഴുപ്പ് വജൈനക്കും പാഡിനും ഇടയിൽ ശരീരത്തിൽ അറിയിക്കുന്ന അസ്വസ്ഥത ആണെന്നാണ്..അങ്ങിനെ പറയാൻ കാരണം, ആ ദേഷ്യവും ഇറിട്ടേഷനും എനിക്ക് ഇപ്പോൾ ഇല്ല എന്നതാണ്.. പറഞ്ഞു വരുന്നത് മെനസ്ട്രൽ കപ്പ് നൽകുന്ന ഉപകാരങ്ങൾ ആണ്.. ഇത് ഉപയോഗിച്ച് തുടങ്ങിയപ്പോൾ പലപ്പോഴും,

എനിക്ക് പീരിയ്ഡ്സ് ആണെന്ന് ഞാൻ മറന്നു തുടങ്ങിയിരിക്കുന്നു..ഇടയ്ക്ക് ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ മാത്രം ആണ് ഓർമ്മിപ്പിക്കുന്നത്.. കാലും നടുവും വയറും വേദന എടുക്കുമ്പോഴും പാഡ് തെന്നി മാറി രക്തം ഡ്രസ്സിലൊ, ബെഡ്ഷീറ്റിലോ ആകുമോ എന്നോർത്തു വടി പോലെ കിടക്കാറെ ഉണ്ടായിരുന്നുള്ളൂ.. എന്നാൽ ഇപ്പോൾ ഏറ്റവും കംഫർട് തോന്നുന്ന പൊസിഷനിൽ കിടക്കാൻ സാധിക്കുന്നു..കട്ടിക്ക് വെച്ച പാഡിന്റെ ഉരച്ചിൽ നോവിൽ നിന്നുള്ള മോചനം നടത്തത്തിന്റെ വേഗത കുറയ്ക്കുന്നില്ല.. സീറ്റ് ഉണ്ടായിട്ടും ബസിൽ ഒഴിവാക്കി നിൽക്കേണ്ടി വന്നിട്ടില്ല..മോളെയും കൊണ്ട് അവധിക്കാലത്ത് ഉള്ള പുഴയിൽ പോക്ക് മാറ്റി വെച്ചില്ല..ഉപയോഗിച്ച പാഡ് വീട്ടിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിട്ട് ദുർഗന്ധം സഹിച്ചു കത്തിച്ചു കളയേണ്ടി വന്നിട്ടില്ല,

കൂട്ടിൽ കെട്ടി ആരും കാണാതെ തൊട്ടിലോ തൊടിയിലോ പുഴയിലോ വലിച്ചെറിഞ്ഞു പ്രകൃതിയെ ഉപദ്രവിക്കേണ്ടിയും വന്നില്ല.. 99 ശതമാനം ഉപകാരം മാത്രമേ ഉണ്ടായിട്ടുള്ളൂ..ബാക്കി ഒരു ശതമാനം പുറത്തു പോകുമ്പോൾ കപ്പ് എടുത്തു മാറ്റി ക്ളീൻ ചെയ്യേണ്ടതായി വന്നാൽ വൃത്തിയായ വെള്ളം കിട്ടുമോ എന്നുള്ള ടെൻഷൻ മാത്രം ആണ്.. അതിന് മെഡിക്കൽ സ്റ്റോറിൽ നിന്നോ കപ്പ് വാങ്ങുമ്പോഴോ കൂടെ ക്ലെൻസിങ് സ്പ്രേ കിട്ടും..ഇല്ലെങ്കിൽ ഒരു കുപ്പി വെള്ളം കരുതിയാൽ മതി( നമ്മുടെ നാട്ടിലെ പബ്ലിക് ടോയിൽറ്റിലെ വെള്ളം കൊണ്ട് കപ്പ് കഴുകി വെറുതെ ബാക്ടീരിയയെ ഉള്ളിലേക്ക് ക്ഷണിക്കണ്ട) മെനസ്ട്രൽ കപ്പിന്റെ ചിത്രം കണ്ട് ആരും ടെൻഷൻ അടിക്കേണ്ട.അതിന്റെ മെറ്റീരിയൽ ഏത് വിധേനയും ഉള്ളിലേക്ക് വെക്കാവുന്ന രീതിയിൽ സോഫ്റ്റും ഫ്ലെക്സിബിളും ആണ്..

നമുക്ക് യോജിച്ച സൈസ് തിരഞ്ഞെടുത്താൽ മാത്രം മതി.( യു ടൂബിൽ ഒക്കെ കൃത്യമായ വീഡിയോകൾ ഉണ്ട്). ഒരു തവണ വാങ്ങിയാൽ പിന്നെ കുറഞ്ഞത് 8 വര്ഷം എങ്കിലും ഉപയോഗിക്കാം.. ഓരോ ആർത്തവ മാസങ്ങളിലും ആവശ്യം കഴിഞ്ഞാൽ തിളപ്പിച്ചെടുത്തു വെച്ചാൽ മാത്രം മതി..(ഇനി പാഡ് വാങ്ങാൻ പോകുമ്പോ ഉള്ള ചേട്ടന്മാരുടെ അടക്കി ചിരിയും വേണ്ടെന്ന് വെക്കാം). വായിച്ചവർ ആരായാലും ആണുങ്ങൾ എങ്കിൽ നിങ്ങളുടെ അമ്മയ്ക്കോ ഭാര്യാക്കോ പെങ്ങൾക്കോ സ്ത്രീ സുഹൃത്തുക്കൾക്കോ വാങ്ങി നൽകാവുന്ന ഏറ്റവും നല്ല സമ്മാനം ആകും.. ( ചിലരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ട് ആണെങ്കിലും അവരുടെ നന്മയ്ക്ക് വേണ്ടി ബോധ്യപ്പെടുത്താൻ ശ്രമിക്കുക).

പൊതുവെ കല്യാണം കഴിഞ്ഞ സ്ത്രീകൾ ആണ് ഉപയോഗിക്കുന്നത്..സ്‌കൂളിൽ പോകുന്ന പെൺകുട്ടികൾക്ക് ആണ് ശരിക്കും ഇത് ഉപയോഗ പ്രദം.. കന്യാചർമ്മം ചാരിത്ര്യത്തിന്റെ ഐ എസ് ഐ മാർക്ക് ആക്കി വെച്ചു പെണ്മക്കളെ വളർത്തുന്ന മാതാപിതാക്കളും, ആദ്യ രാത്രിയിലെ വെള്ള ബെഡ്ഷീറ്റിലെ ചുവന്ന തുള്ളി കാത്ത് നിൽക്കുന്ന ഭര്തൃവീടും ഒക്കെ നിലനിൽക്കുന്നിടത്തോളം നിര്ബന്ധിക്കുന്നില്ല..പക്ഷെ ഒന്നുണ്ട്, പാഡ് ഉപയോഗിച്ച് ഉണ്ടായേക്കാവുന്ന വജൈനൽ ഇൻഫെക്ഷൻ തൊട്ട് സെർവിക്കൽ കാൻസർ വരെ തടയാവുന്ന ഒരു മാർഗ്ഗം വേണ്ടെന്ന് വെക്കുന്ന വിഡ്ഢികൾ ആകാതെ നോക്കാം നമുക്ക്

About Intensive Promo

Leave a Reply

Your email address will not be published.