പണ്ടത്തെപ്പോലെയൊന്നുമല്ല കാര്യങ്ങൾ ഇപ്പോൾ. സിനിമയിലെ ചൂഷണങ്ങൾ, അത് ശാരീരികം ആയാലും സാമ്പത്തികമായാലും അപ്പപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. അതിൽ തന്നെ ഏറെ വിവാദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച് അഥവാ അവസരത്തിനായി കിടക്ക പങ്കിടൽ.
മലയാളത്തിലെ ഉൾപ്പടെ പ്രമുഖ നടിമാർ എല്ലാവരും കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരുന്നുണ്ട്. സിനിമയിലെ ഇത്തരം ചൂഷണങ്ങൾ ഇല്ലാതാകണം എന്നാണ് താരങ്ങൾ ആവശ്യപ്പെടുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് നടി രമ്യാ നമ്പീശനും കാസ്റ്റിംഗ് കൗച്ച് വിവാദങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. അതിനു പിന്നാലെ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭി ലക്ഷ്മിയും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ്.
നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി നടിമാര്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നുവെന്നെല്ലാം കേട്ടിട്ടുണ്ടെങ്കിലും എനിക്ക് അങ്ങനെ മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല. ‘ശീലാവതിയും സത്യവതിയുമൊന്നും ചമയുകയല്ല. എനിക്കങ്ങനെയൊരു മോശം അനുഭവം ഉണ്ടായിട്ടില്ല.
ഒന്നോ രണ്ടോ ദിവസം മാത്രം ലൊക്കേഷനിലെത്തി, കുഞ്ഞു കുഞ്ഞു വേഷങ്ങള്‍ ചെയ്തത് കൊണ്ടുമാവാമത്. ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല.‘ – സുരഭി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
പക്ഷേ, തനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി സിനിമയിൽ കാസ്റ്റിങ് കൌച്ച് ഇല്ലെന്ന് പറയാൻ സാധിക്കില്ലെന്നും സുരഭി പറയുന്നു. പലർക്കും പല അനുഭവങ്ങളാണ് ഉണ്ടാവുക. സിനിമയിൽ മാത്രമല്ല, എവിടെയാണ് സ്ത്രീ സുരക്ഷിതയായി ഇരിക്കുന്നതെന്നും സുരഭി ചോദിക്കുന്നു.
രമ്യാ നമ്പീശനും സമാനമായ അഭിപ്രായമാണ് പറഞ്ഞിരുന്നത്. സഹപ്രവർത്തകരും സുഹൃത്തുക്കളുമൊക്കെ സിനിമയിലെ ഇത്തരം മോശം പ്രവണതകളെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്, പക്ഷെ ഭാഗ്യവശാൽ തനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് താരം തുറന്നു പറഞ്ഞത്.