Breaking News
Home / Lifestyle / കറുത്തുരുണ്ട് കാണാൻ യാതൊരു ഭംഗിയുമില്ലാത്ത ഒരു ഭാര്യയെ മനസ്സ് തുറന്ന് സ്നേഹിക്കാൻ പറ്റുമോ ..?

കറുത്തുരുണ്ട് കാണാൻ യാതൊരു ഭംഗിയുമില്ലാത്ത ഒരു ഭാര്യയെ മനസ്സ് തുറന്ന് സ്നേഹിക്കാൻ പറ്റുമോ ..?

ശരീരത്തിനല്ല മനസ്സിനാണ് സൌന്ദര്യം എന്നൊക്കെ എത്ര വീരവാദം മുഴക്കിയാലും സൌന്ദര്യം കുറഞ്ഞ ഭാര്യമാരുടെ ഭർത്താക്കന്മാരിൽ ഞാനടക്കമുള്ള തൊണ്ണൂറ്റൊമ്പത് ശതമാനവും അസംതൃപ്തരാണെന്നുള്ളത് മറച്ചുവെക്കാനാവാത്ത യാഥാർഥ്യമാണ്…

സ്നേഹിക്കാൻ പറ്റിയ ഒരു മനസ്സുണ്ടോ എന്നറിയാൻ വേണ്ടി അവളുടെ മനസ്സും തപ്പി കുറേ നടന്നെങ്കിലും അങ്ങനൊരു സാധനം കണ്ടെത്താൻ പറ്റിയില്ല….
പോരാത്തതിന് അവളുടെ മുടങ്ങാതെയുള്ള സീരിയല് കാണലും പാറപ്പുറത്ത് ചിരട്ടയുറക്കുന്നതുപോലുള്ള “ചേട്ടാ… ചേട്ടാ ” വിളിയും വല്ലാത്ത അരോചകമായി തോന്നി…
അപ്പുറത്തെ വീട്ടിലെ സുനി….

അവന്റെ കെട്ട്യോളെ കാണാൻ അത്യാവശ്യം ചേലും കോലവുമൊക്കെയുണ്ട്..
എന്നിട്ടും അവൻ വേറെ പെണ്ണുങ്ങളെ തപ്പി നടക്കുന്ന കാര്യം എനിക്ക് നേരിട്ടറിയാം..
പക്ഷേ അതുപോലുള്ള വൃത്തികെട്ട ഏർപ്പാടിനൊന്നും ഞാൻ ഇന്നേവരെ പോയിട്ടില്ല…
ഇവളിൽ നിന്നൊരു മോചനം…

അത് മാത്രമേ ഞാനിപ്പോൾ ആഗ്രഹിക്കുന്നുള്ളൂ….
പെങ്ങളെ കെട്ടിച്ച കടം തീർക്കാൻ വേണ്ടി അപ്പനും അമ്മയും കൂടി തലയിൽ വച്ചു തന്നതാണ് ഈ കുരുപ്പിനെ…
ഇപ്പൊ ഇവളുടെ വീട്ടുകാരേക്കാളും ആസ്തിയും സമ്പത്തും ഒക്കെയുണ്ട്…
വാങ്ങിയത് പലിശ സഹിതം തിരിച്ചു കൊടുക്കാനും പറ്റും…
പക്ഷേ പറഞ്ഞിട്ടെന്തു കാര്യം ഈ മൊതലിനെ റിട്ടേൺ എടുക്കില്ലെന്നുള്ള കാര്യം ഉറപ്പാണ്..
കൊന്നു കളഞ്ഞാലോ എന്ന് പോലും പലപ്പോഴും ചിന്തിച്ചു പോകാറുണ്ട് പക്ഷേ എന്ത് ചെയ്യാനാ എന്റെ മനസ്സിന് അത്രയ്ക്ക് കട്ടി പോര…

ഡിവോഴ്സിനെപ്പറ്റി സംസാരിക്കണമെന്ന് കരുതിയെങ്കിലും അവളോട്‌ സംസാരിക്കാനുള്ള താല്പര്യക്കുറവുകൊണ്ട് അതിന് പറ്റിയില്ല…
ഏതായാലും ഇന്നത്തെക്കൊണ്ട് രണ്ടിലൊന്ന് തീരുമാനിക്കാൻ ഉറപ്പിച്ചിട്ട് തന്നെയാണ് വീട്ടിലേക്കു ചെന്നു കേറിയത്….
മൂപ്പത്തി പതിവുപോലെ ടീവിക്ക്‌ മുന്നിൽ തന്നെയാണ്…
കാലങ്ങളായി ശാരീരിക ബന്ധം ഇല്ലാത്തതിനെക്കുറിച്ചൊന്നും മൂപ്പത്തിക്ക് യാതൊരു പരാതിയോ പരിഭവമോ ഇല്ല…

സമയാസമയം മുടങ്ങാതെ സീരിയല് കണ്ടാൽ മാത്രം മതി…
എന്നെ കണ്ടയുടനെ എഴുന്നേറ്റു അടുക്കളയിലേക്കോടി….
ഞാനത് ശ്രദ്ധിക്കാതെ മുറിയിൽ കയറി ഡ്രസ്സ്‌ മാറി പുറത്തെത്തിയപ്പോഴേക്കും ചായ മേശപ്പുറത്ത് റെഡിയാണ്….
അതെടുത്ത് ചുണ്ടോടടുപ്പിക്കുമ്പോൾ അവളോട്‌ കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കണം എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ….

അവളെ പേരെടുത്തു വിളിക്കണോ വേണ്ടേ എന്നൊരു സംശയം….
സുമേ.. എന്ന് നീട്ടി വിളിക്കാൻ എന്തോ ഒരു അറപ്പ് പോലെ…
അവളാ വിളി കേട്ടിട്ട് എനിക്കവളോട് സ്നേഹം കൂടിയതുകൊണ്ട് വിളിച്ചതാണെന്നു തെറ്റിദ്ധരിച്ചു പാറപ്പുറത്ത് ചിരട്ട ഉരക്കുന്ന ശബ്ദത്തോടെ ചേട്ടാ എന്ന് വിളിച്ചുകൊണ്ട് ചീറിയടുക്കുന്ന രംഗമാണ് അന്നേരം മനസ്സിലേക്ക് ഓടി വന്നത്…

അങ്ങനെ അവളെ വിളിക്കണോ വേണ്ടേ എന്നുള്ള കൺഫ്യുഷനിൽ ഇരിക്കുന്നതിനിടക്കാണ് അവൾ പതിവില്ലാതെ ടീവിയും ഓഫ്‌ ചെയ്തു എന്റടുത്തേക്ക് വന്നത്…
ആളുടെ മുഖത്തൊരൽപ്പം ഗൗരവം മുറ്റി നില്ക്കുന്നുണ്ട്…
ഞാൻ ഇരിക്കുന്നിടത്തു നിന്നും അൽപ്പം മാറി ചുമരിൽ ചാരി എന്നെത്തന്നെ നോക്കുന്ന അവളെ ഞാൻ മെല്ലെ ഇടംകണ്ണിട്ടു നോക്കിക്കൊണ്ട് ചായകുടിച്ചുകൊണ്ടിരുന്നു…

“അതേ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു “….
ഇത്തവണ അവളുടെ സംസാരത്തിൽ സ്പഷ്ടമായ മാറ്റം തോന്നി എന്തോ ഒരു ദൈന്യത ഉള്ളതുപോലെ…
“ഉം… എന്താ ” അവളെ നോക്കാതെ ഞാൻ അവൾക്ക് പറയാനുള്ളത് പറയാനുള്ള അനുവാദം കൊടുത്തു…
“എനിക്ക് കുറച്ചു കാലമായി വിട്ടുമാറാത്ത തലവേദന…
ഞാൻ നിങ്ങളോട് പറയാഞ്ഞിട്ടായിരുന്നു ”

“ആ അത് നീ ഇരുപത്തിനാലു മണിക്കൂറും ടീവിക്ക് മുന്നിൽ ഇരുന്നിട്ടാവും ” എന്ന് അലസമായി മറുപടി പറഞ്ഞുകൊണ്ട് ഞാൻ ചായകുടി തുടർന്നു…
“ഏയ്‌ അതൊന്നുമല്ല… ഞാൻ മിനിഞ്ഞാന്ന് ഹോസ്പിറ്റലിൽ പോയി ചെക്കപ്പും സ്കാനിങ്ങും ഒക്കെ നടത്തി നോക്കി…
ഇന്നാണ് അതിന്റെ റിസൽട്ട് വന്നത്…. ” എന്ന് പറഞ്ഞുകൊണ്ട് അവൾ നിർത്തിയപ്പോൾ എന്റെ മനസ്സിൽ അകാരണമായ എന്തോ ഒരു ഭയം വന്നു തുടങ്ങിയതുപോലെ..
ഇതുവരെ അവളോടില്ലാതിരുന്ന എന്തോ ഒരു ഉത്കണ്ട….
അവൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാനുള്ള ഒരു ധൃതി എന്റെ മനസ്സിനെ ചെറുതായൊന്നു പിടിച്ചുലച്ചതുപോലെ….

അപ്പോഴേക്കും അവളോട്‌ പറയാൻ വേണ്ടി മനസ്സിൽ ഉറപ്പിച്ചതെല്ലാം എന്റെ മനസ്സിൽ നിന്നും ഇല്ലാതായി…
അവളുടെ ഭാക്കി വാചകങ്ങൾക്കായി ഞാൻ കാതോർത്തിരുന്നു…
“അതേ…. ഞാൻ പറയുന്നത് കേട്ട് നിങ്ങള് ബേജാറാവണ്ട…
ചിലപ്പൊ ഞാൻ രക്ഷപ്പെടും…

അഥവാ രക്ഷപ്പെട്ടില്ലെങ്കിൽ നിങ്ങള് എന്നെക്കാൾ സുന്ദരിയായ നല്ലൊരു പെണ്ണിനെ കെട്ടി സുഖമായി ജീവിക്കും എന്ന് വാക്ക് തരണം ” എന്ന് പറഞ്ഞുകൊണ്ട് അവളുടെ കറുത്തിരുണ്ട കൈകൾ എന്റെ നേരെ നീണ്ടു…
ഞാൻ അറിയാതെ ആ കൈകൾ നെഞ്ചോട്‌ ചേർത്തു പിടിച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട് പറയുന്നത് കേട്ടു….
ആ പഴയ ചിരട്ട ഉരയ്ക്കുന്ന ശബ്ദത്തിൽ…
“ചേട്ടാ… ഡോക്ടറു പറഞ്ഞത് എനിക്ക് ബ്രെയിൻട്യൂമർ ആണെന്നാ ”
അവൾ ഒരു കാര്യം കൂടി ആവശ്യപ്പെട്ടു…

അവളോടൊപ്പം ചിലവഴിക്കാൻ കുറച്ചു സമയം കണ്ടെത്തുമോ എന്ന്….
അത് നിരസിക്കാൻ മാത്രം എന്റെ മനസ്സിന് കട്ടി ഇല്ലായിരുന്നു…
അന്ന് രാത്രി കിടന്നിട്ട് ഉറക്കം വന്നില്ല…
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരാതായപ്പോൾ ഞാൻ വളരെ നാളുകൾക്കു ശേഷം അവളോട്‌ ചേർന്ന് കിടന്നു…
ജീവിതത്തിൽ ആദ്യമായി ഞാനവളുടെ മനസ്സ് കണ്ടുതുടങ്ങിയത് അവളോട്‌ ചേർന്ന് കിടന്ന ആ നിമിഷം മുതലാണ്‌…

അവളുടെ തൊലിപ്പുറത്തുള്ള കറുപ്പിനേക്കാൾ വലിയ ഇരുട്ടായിരുന്നു എന്റെയുള്ളിൽ….
അവളുടെ മനസ്സിന്റെ വെളിച്ചം കടന്നു വന്നതോടെ ആ ഇരുട്ട് പതിയെ മാഞ്ഞു തുടങ്ങി…
എന്നെക്കൊണ്ട് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അവളെ ഇത്രയധികം പ്രണയിച്ചു തുടങ്ങാൻ പറ്റുമെന്ന് ഞാൻ സ്വപ്നത്തിൽ കൂടി കരുതിയിരുന്നില്ല…
അവൾക്ക് വേണ്ടി എന്നാൽ കഴിയുന്നതെല്ലാം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം…..
ഇനിയുമെനിക്ക് കൊതിതീരെ പ്രണയിക്കണമവളെ…

Nb:- ചിലതൊക്കെ അങ്ങനെയാണ്… നഷ്ടപ്പെട്ടു എന്ന് തോന്നിത്തുടങ്ങുമ്പോഴായിരിക്കും അതിന്റെ യഥാർത്ഥ മൂല്യം നമ്മൾ തിരിച്ചറിയുക

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *