തിരുവനന്തപുരം:കണ്ണൂർ പിണറായിയിൽ മകളെയും മാതാപിതാക്കളെയും സൗമ്യയെന്ന വീട്ടമ്മ വിഷംകൊടുത്തു കൊന്ന സംഭവത്തിൽ നിശബ്ദത പാലിക്കുന്ന സ്ത്രീപക്ഷവാദികളെ പൊളിച്ചടുക്കിയ പ്രവാസി മലയാളി ശ്രീജ സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. സെലിബ്രിറ്റികളുടെ മനസുനൊന്താൽ ആ നിമിഷം പ്രതികരണങ്ങളുമായെത്തുന്ന വനിതാ കമ്മീഷനെയും വനിതാ സംഘടനകളെയും രൂക്ഷമായി വിമർശിച്ചാണ് ശ്രീജയുടെ പോസ്റ്റ്.
ചുംബന സമരമടക്കമുള്ള പുരോഗമന-സ്വതന്ത്രവാദക്കാർ പിണറായിയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് നിശബ്ദത പാലിക്കുന്നതിനെതിരെയാണ് ശ്രീജയുടെ പോസ്റ്റ്. പുരുഷനാണ് പ്രതിസ്ഥാനത്തെങ്കിൽ പത്രസമ്മേളനം നടത്തി വാചാലരാകുന്ന സെലിബ്രിറ്റി മഹിളാരത്നങ്ങളെയും സ്ത്രീ കുറ്റവാളികളെ കണ്ടില്ലെന്നു നടിക്കുന്ന വനിതാ സംഘടനകളെയും പോസ്റ്റിൽ നിശിതമായി വിമർശിക്കുന്നു. സെലിബ്രിറ്റിയല്ലെങ്കിലും മരിച്ചവരിൽ ഒരു സ്ത്രീയും രണ്ടു പെൺകുഞ്ഞുങ്ങളുമുണ്ട്. അതുവച്ചെങ്കിലും ഇത് ചെയ്തവൾക്കെതിരേ രണ്ടുവാക്ക് സംസാരിക്കാനെങ്കിലും തരപ്പെടുമോയെന്ന് ശ്രീജ ചോദിക്കുന്നു.
അമ്മയെ കൊല്ലാൻ മനോധൈര്യമുള്ള, പെൺകുഞ്ഞുങ്ങളെ കൊല്ലാൻ മനോധൈര്യമുള്ള പെണ്ണുതന്നെയാണ് ഈ ലോകത്ത് ഏറ്റവും അപകടകാരി! പരമാവധി ശിക്ഷ നൽകേണ്ടതും അവൾക്കു തന്നെയാണ്. ബലാൽസംഗം ചെയ്തു കൊന്നാൽ മാത്രമേ കൊലപാതകമാവൂ അല്ലെങ്കിൽ സ്ത്രീകൾക്കെതിരായ അക്രമമാകൂ എന്നാണോയെന്നും ശ്രീജ ചോദിക്കുന്നു. തെരുവിൽ ചുംബിച്ചും താലി പൊട്ടിച്ചെറിഞ്ഞും നമ്മൾ പെണ്ണുങ്ങൾ തലക്കു മദമിളകി സ്വാതന്ത്ര്യം നേടിയെടുത്തത് ആ പാവപ്പെട്ട മനുഷ്യർ അറിഞ്ഞുകാണില്ല
നമുക്കിനിയും സ്വാതന്ത്യം നേടാൻ വഴികൾ ആലോചിക്കാം. നിരത്തുകളിൽ ചുംബിച്ചു കളിക്കാം. ചോദിക്കാൻ വരുന്നവരെ അരാഷ്ട്രീയ വാദികൾ എന്ന് വിളിക്കാം. അതിനു പറ്റിയില്ലെങ്കിൽ കുറഞ്ഞ പക്ഷം സംഘിയെന്നോ സുഡാപ്പിയെന്നോ വിളിക്കാമെന്നും ശ്രീജ പരിഹസിക്കുന്നു. തന്റെ വിപ്ലവം അടുക്കളപ്പുറത്താണെന്നു പറഞ്ഞവരെ അടുക്കളപുറത്തെ വിപ്ലവത്തോളം മനോഹരമായതെന്തുണ്ടെന്ന ചോദ്യവുമായാണ് ശ്രീജ നേരിടുന്നത്.
നല്ല ചുട്ടമുളക് ചേർത്ത് അമ്മിയിൽ അരച്ചെടുത്ത തേങ്ങാചമ്മന്തിയും ആവി പറക്കുന്ന കുത്തരിച്ചോറിന്റെ കഞ്ഞിയും കുടിക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയുണ്ടെന്ന വരികളോടെ പോസ്റ്റ് അവസാനിക്കുന്നു.