Breaking News
Home / Lifestyle / അറുത്ത കൈക്കു ഉപ്പുതേക്കാത്ത കരുണയുള്ള ഗോപാലേട്ടൻമാർ

അറുത്ത കൈക്കു ഉപ്പുതേക്കാത്ത കരുണയുള്ള ഗോപാലേട്ടൻമാർ

”അറുത്ത കൈക്ക് ഉപ്പുതേക്കാത്ത മനുഷ്യൻ..”

ഗോപാലേട്ടന്റെ ചായക്കടയിലേക്ക് നടന്നടുക്കവേ, കടയിൽ നിന്നും ഇറങ്ങിയർ പരസ്പരം പിറുപിറുത്തു പോകുന്നുണ്ടായിരുന്നു…..

”എന്താ ഗോപാലേട്ടാ, രാവിലെ തന്നെ കശപിശ…”???

കടയുടെ മുൻപിലെ ബഞ്ചിലിരുന്നുകൊണ്ടു ഞാൻ ഒരു ചെറുചിരിയോടെ ചോദിച്ചു.

”രണ്ടുമാസത്തെ പറ്റ് ഓർമ്മപെടുത്തിയതിനാ ആ രോഷം….”

മുഖത്തൊരു ചെറുചിരിയോടെ ഗോപാലേട്ടൻ പറയുമ്പോൾ, കടയിലുണ്ടായിരുന്നവർ ഒന്നടങ്കം അട്ടഹസിച്ചു….

”അല്ലേലും കച്ചോടം കൂടിയപ്പോൾ ഗോപാലനൽപ്പം പിശുക്കും, വാശിയും കൂടിയിട്ടുണ്ട്… സ്ഥിരമായി വരുന്നവർക്കൊക്കെ ഒരു ഇളവ് നൽകിക്കൂടെ തനിക്ക്..”

ചായകുടിച്ചുകൊണ്ടിരുന്ന കാരണവന്മാർ പരിഹാസച്ചുവയോടെ പറയുമ്പോൾ, ആ വാക്കുകൾക്ക് കാതോർക്കാതെ ഗോപാലേട്ടൻ എന്നെ നോക്കി….

”മോനെന്താ വേണ്ടേ??”

”പതിവ് ചായ” എന്ന് മറുപടി നൽകി ഞാൻ ഗോപാലേട്ടനിലേക്ക് തന്നെ കണ്ണ് നട്ടിരുന്നു…

ഒരു തുള്ളി പോലും പുറത്തുപോകാതെ കൈകളുയർത്തി പാത്രത്തിൽ നിന്നും കപ്പിലേക്കും, തിരിച്ചും, ഗോപാലേട്ടൻ പുഞ്ചിരിയോടെ ചായ വീശിയടിക്കുന്നത് തന്നെ കണ്ടിരിക്കാൻ ഒരു ഹരമാണ്..

ഒടുവിൽ ഗ്ലാസ്സിലേക്ക് ഒഴിച്ചുവെച്ച ആ ചായയുടെ മുകളിലേക്ക്, തിളച്ചു മറിയുന്ന പാൽ പാത്രത്തിൽ നിന്നും ഒരു സ്പൂൺ കോരിയെടുത്തു പകരുമ്പോൾ, തൂവെള്ള പേപ്പറിൽ ചായം കലർത്തുന്ന ഒരു ചിത്രകാരന്റെ മുഖഭാവമാണ് ഗോപാലേട്ടനും….

ഗോപാലേട്ടന്റെ ചായയുടെ മധുരം വാനോളം ഉയർന്നതും, ആ ചിത്രപ്പണിയിലൂടെയാണ്… ചായ കയ്യിൽ കിട്ടുന്നവർ അത് നുകരും മുൻപേ, ചായക്ക്‌ മുകളിൽ, പാൽ തുള്ളി കൊണ്ടുള്ള ആ ചിത്രപ്പണിയെ തന്റെ മൊബൈൽ കാമറയിൽ പകർത്തും….

ആ ചൂടുചായക്കൊപ്പം, ചൂടുള്ള പത്രവാർത്തകളും നോക്കിയിരിക്കുമ്പോഴാണ്, റോഡിരികിൽ നിന്നും നീട്ടിയുള്ള ഒരു ഹോൺ മുഴക്കം കാതിൽ നുഴഞ്ഞു കയറിയത്…

റോഡ്‌ മുറിച്ചു കടക്കാൻ ശ്രമിച്ചിരുന്ന പ്രായമായ ഒരു നാടോടി വയോധികയുടെ അരികിലൂടെ ചീറി പാഞ്ഞുപോയിരുന്ന ഒരു കാറുകാരൻ… പോകുന്ന പോക്കിലും കൈകൾ പുറത്തേക്ക് വീശി അയാൾ അവരെ ചീത്ത വിളിക്കുന്നുണ്ട്…

എങ്കിലും അതൊന്നും ശ്രദ്ധിക്കാതെ, അവർ റോഡ് മുറിച്ചുകടക്കുവാനുള്ള ശ്രമത്തിലാണ്…

പ്രായമേറിയതിനാലാകാം, വേച്ചു വേച്ചു നടക്കുന്ന ആ കാലുകൾക്ക് വേഗത വളരെ കുറവായിരുന്നു….

അരികിലുള്ളവരാരും തന്നെ അവരെയൊന്നു നോക്കുകപോലും ചെയ്യുന്നില്ലെന്നു കണ്ടപ്പോൾ കയ്യിലെ ചായഗ്ളാസ്സും, പത്രവും മാറ്റി, അവർക്ക് നേരെ സഹായഹസ്തവുമായി ഞാൻ നടക്കാനൊരുങ്ങുമ്പോഴാണ്, മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല എന്ന് വിളിച്ചോതും വിധത്തിൽ അവരുടെ കൈകളെ, കരിവളകൾ നിറഞ്ഞുകിടന്നിരുന്ന മറ്റൊരു കൈ ചേർത്തുപിടിച്ചത്….

ആ കൈകൾ അവരെ മുന്നോട്ടു നയിച്ചു… ചീറി പാഞ്ഞു വന്നിരുന്ന പലരും, അവളുടെ കണ്ണുതുറിച്ചുള്ള നോട്ടത്തിനും, ഉയർത്തിപ്പിടിച്ച കൈകൾക്കും മുൻപിൽ സഡ്ഡൻ ബ്രേക്കിട്ടു….

കൈപിടിച്ചവൾ അവരെ ഗോപാലേട്ടന്റെ കടയുടെ മുൻപിലെത്തിച്ചു യാത്ര പറയുമ്പോൾ, ആ വയോധിക അവളുടെ തലയിൽ കൈവെച്ചനുഗ്രഹിക്കുന്നുണ്ടായിരുന്നു….

കണ്ണിമ ചിമ്മാതെ ആ നിമിഷങ്ങളെ നോക്കിയിരുന്നതിനാലാകാം, ചുണ്ടോടു ചേർത്ത ചായഗ്ളാസ്സിലെ, ഗോപാലേട്ടന്റെ ചിത്രപ്പണി എന്റെ മീശത്തുമ്പിൽ പറ്റിപിടിച്ചിരുന്നത് ഞാൻ അറിയാതെപോയതും, മുൻപിലൂടെ കടന്നുപോയ അവൾ അതുകണ്ടു വാ പൊത്തി ചിരിച്ചതും….

കടയിലേക്ക് കയറിയ അവർ വിശന്നൊട്ടിയ വയറു നിറക്കാനായി ചായയും മറ്റും ആവിശ്യപ്പെടുന്നുണ്ടായിരുന്നു….

”ഗോപാലേട്ടനു ഇന്നൊരിരായി..”

ചായകുടിച്ചു പോകുന്നവർ പരസ്പരം ആ സ്ത്രീയെ നോക്കി അടക്കം പറയുന്നുണ്ടായിരുന്നു….

ഞാൻ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി.. ആ മുഖത്തൊരു സന്തോഷം അലയടിക്കുന്നുണ്ട്… ഒരുപക്ഷേ കൈത്താങ്ങു നൽകിയ ആ കരിവളകളെ ഓർത്തിട്ടാകാം….

”ഇങ്ങനെവേണം മനുഷ്യരായാൽ…”

രോമങ്ങൾ പോലും ഉയർത്തെഴുന്നേറ്റ ആ നിമിഷത്തിൽ, നടന്നകലുന്ന ആ പെൺകുട്ടിയെ നോക്കികൊണ്ട്‌ എന്റെ ചുണ്ടുകൾ ഞാൻ പോലും അറിയാതെ മന്ത്രിക്കുമ്പോൾ, കേട്ടുനിന്നിരുന്ന ഗോപാലേട്ടന്റെ മുഖത്തൊരു ചിരി വിടർന്നു….

ആ ചിരിയുടെ പൊരുളറിയാതെ ഞാൻ ഗോപാലേട്ടനെ കണ്ണുചുളിച്ചു നോക്കുമ്പോൾ, ചായഗ്ലാസ്സ് കഴുകിക്കൊണ്ടിരുന്ന ഗോപാലേട്ടൻ കണ്ണുകൾ ദൂരേക്ക് ചൂണ്ടി….

അവിടെ ആ കരിവളയിട്ടവളെ ഫോക്കസ് ചെയ്യുന്ന അവളുടെ ചങ്ങാതിമാരുടെ മൊബൈൽ ക്യാമറകൾ….

”ചായക്കടയുടെ മുൻപിലെത്തിയതുവരെ മതി…. അത് കണ്ടാലേ ആളുകൾ വിശ്വസിക്കൂ…”

ക്യാമറ പിടിച്ചിരുന്നവരെ നോക്കി അവൾ വിളിച്ചു പറയുമ്പോൾ, അവരെല്ലാം ശരിയെന്ന അർത്ഥത്തിൽ തലയാട്ടുന്നുണ്ടായിരുന്നു…..

ഉയർന്നു പൊങ്ങിയ രോമങ്ങൾ പോലും പുച്ഛത്തോടെ എന്നെ നോക്കി തല താഴ്ത്തി….

എന്റെ മുഖത്തെ വൈക്ലഭ്യം നിറഞ്ഞ ഭാവം കണ്ടിട്ടാകണം, ഗോപാലേട്ടൻ ചിരിയടക്കാൻ പാടുപെടുന്നുണ്ട്…..

”നാലാൾക്കുമുന്പിൽ പേരും പ്രശസ്തിയും മോഹിച്ചുമാത്രമാണ് ഇന്നത്തെ തലമുറ സഹായഹസ്തങ്ങൾ നീട്ടുന്നത്…”

കടയിൽ ചായകുടിച്ചിരുന്നവർ പരസ്പരം മുഖത്തോടു മുഖം നോക്കി പറയുമ്പോൾ, കൂട്ടത്തിലെ പ്രായമേറിയവർ ആത്മഗതമെന്ന പോലെ മന്ത്രിക്കുന്നുണ്ടായിരുന്നു…..

”മനുഷ്യത്വമൊക്കെ പണ്ടേ മണ്ണടിഞ്ഞു മക്കളെ..”

പക്ഷേ,,

പുതുതലമുറയെ കളിയാക്കിയവരും, ആത്മഗതം പുറപ്പെടുവിച്ചവരും, കുടിച്ച ചായയുടെയും, കഴിച്ച ഭക്ഷണത്തിന്റെയും വില നല്കാൻ മടിത്തട്ടിലെ ചില്ലറത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയിരുന്ന ആ സ്ത്രീയെ മാത്രം കണ്ടില്ല….. അറിഞ്ഞില്ല….. അവരുടെ കണ്ണുകൾ അപ്പോഴും, ആ കരിവളയുടെ പുറകെയായിരുന്നു…..

ആ തിരിച്ചറിവിൽ ഗോപാലേട്ടനരികിലെത്തി ആ സ്ത്രീ കഴിച്ച ഭക്ഷണത്തിന്റെ വിലകൂടി എണ്ണി തിട്ടപ്പെടുത്തി ഞാൻ നൽകുമ്പോൾ, ഗോപാലേട്ടൻ ഒരു ചെറു പുഞ്ചിരിയോടെ അത് നിരസിച്ചു….

”വിശന്നൊട്ടി വന്ന ആ വയറിനു ഞാൻ വിലയിട്ടിട്ടില്ല” എന്ന് പറഞ്ഞുകൊണ്ട് ഞാൻ കുടിച്ച ചായക്കാശു മാത്രം എടുത്തു ബാക്കി തരുമ്പോൾ ഞാൻ അറിയുകയായിരുന്നു….

മണ്ണടിഞ്ഞത് മനുഷ്യത്വമല്ല… പകരം നമ്മുടെ കണ്ണുകളാണ്…. കാഴ്ചകളാണ്…

പേരും പ്രശസ്തിയും മോഹിച്ചുകൊണ്ടു പലരും സഹായഹസ്തങ്ങൾ നീട്ടുമ്പോൾ, നമ്മുടെ കണ്ണുകളും, കാഴ്ചകളും അവരിലേക്ക് മാത്രമായി ചുരുങ്ങുമ്പോൾ,, സമൂഹത്തിൽ ആരാലുമറിയാതെ, വലതുകൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന ചിന്തയും നെഞ്ചിലേറ്റി എവിടെയൊക്കെയോ ജീവിച്ചിരിപ്പുണ്ട്… അറുത്ത കൈക്കു ഉപ്പുതേക്കാത്ത കരുണയുള്ള ഗോപാലേട്ടൻമാർ….

Saran Prakash

About Intensive Promo

Leave a Reply

Your email address will not be published.