അബുദാബി ∙ മകളുടെ വിവാഹത്തിന്റെ ചെലവ് മുഴുവൻ വഹിച്ച് ഇന്ത്യൻ ജീവനക്കാരനോടുള്ള സ്നേഹവും കടപ്പാടും പ്രകടിപ്പിച്ച് എമിറാത്തി കമ്പനി ഉടമയുടെ ഹൃദയം തൊടുന്ന പ്രവർത്തി.17 വർഷം തന്റെ കമ്പനിക്കായി ജോലി ചെയ്ത ഇന്ത്യൻ ജീവനക്കാരന്റെ മകളുടെ വിവാഹമാണ് എമിറാത്തി വ്യവസായിയും അൽ ഷാദ പ്രൊജക്റ്റിന്റെയും കൽബയിലെ ബെന്റ് അൽ നൊഹീതാ റസ്റ്ററന്റിന്റെയും ഉടമസ്ഥനുമായ ഹുസൈൻ ഇസാ അൽ ഡർമാക്കി ആഘോഷമായി നടത്തി സ്നേഹം പ്രകടിപ്പിച്ചത്.
പ്രവാസിയായ ജീവനക്കാരന് ഇതിലും മികച്ചൊരു പ്രതിഫലം തന്റെ തൊഴിൽ ഉടമയിൽ നിന്നും ലഭിക്കാനുമില്ല! ആത്മാർഥവും മൂല്യാധിഷ്ഠിതവുമായ ജീവനക്കാരന്റെ പ്രവർത്തിയും ഇടപെടലുമാണ് ഇത്തരമൊരു നീക്കത്തിലേക്ക് തന്നെ നയിച്ചതെന്ന് അൽ ഡർമാക്കി പ്രതികരിച്ചു. അദ്ദേഹത്തെയും കുടുംബത്തെയും സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ് ചെയ്യേണ്ടതെന്ന് കരുതിയിരുന്നു.
അതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും അൽ ഡർമാക്കി പറഞ്ഞു. അൽ ബയാൻ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 40 വർഷത്തിൽ അധികമായി തന്നെ സേവിച്ച വ്യക്തിയെ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ക് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ അടുത്തിടെ ആദരിച്ചിരുന്നു. Screenshot 2018 01 23 08 12 38 സായിദിന്റെ മക്കളെന്ന നിലയിലും സായിദ് വർഷമായി ആഘോഷിക്കുന്ന ഈ അവസരത്തിൽ നമ്മൾ അദ്ദേഹത്തിന്റെ പാരമ്പര്യവും മനുഷ്യത്വപരമായ നീക്കങ്ങൾ തുടരണ്ടേത് ആവശ്യമാണ്. സമൂഹത്തിൽ ആളുകളെ സഹായിക്കാൻ സാധിക്കുന്നുവോ അത് ചെയ്യുക. പ്രത്യേകിച്ച് നമ്മുക്ക് നല്ലത് ചെയ്തവർക്ക് വേണ്ടി–അൽ ഡർമാക്കി വ്യക്തമാക്കി.