ടാറില്‍ വീണ നായയ്ക്ക് പുനര്‍ജന്മമേകി മൃഗസ്‌നേഹികള്‍. കോട്ടയം പാറേച്ചാലിലെ വീട്ടില്‍ വളര്‍ത്തിയിരുന്ന അപ്പു എന്ന നായയ്ക്കാണ് കോട്ടയം ഫ്രണ്ട്‌സ് ഓഫ് അനിമല്‍സ് പ്രവര്‍ത്തകര്‍ പുര്‍ജന്മം നല്‍കിയത്. ഏപ്രില്‍ ഒന്‍പതിലെ ഹര്‍ത്താലാണ് അപ്പുവിന് വിനയായത്. കോട്ടയം നാട്ടകംപാറേച്ചാല്‍ ബൈപ്പാസിലെ ഗതാഗതം തടസ്സപ്പെടുത്താന്‍ സമരാനുകൂലികള്‍ ടാര്‍ വീപ്പകള്‍ റോഡിലേക്ക് മറിച്ചിട്ടിരുന്നു.
ടാര്‍ റോഡില്‍ പരന്നു. കനത്ത വെയിലില്‍ ഉരുകിയൊലിച്ചു. സമീപത്തെ വീട്ടില്‍ വളര്‍ത്തിയിരുന്ന അപ്പു വ്യാഴാഴ്ചയാണ് ടാറില്‍പ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അതിലേക്ക് വീണു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം കൂടുതല്‍ ടാര്‍ പുരണ്ടു. ഒടുവില്‍ ഒരു പ്രതിമപോലെ ടാറില്‍ത്തന്നെ കിടന്നു. നായുടെ നിസ്സഹായാവസ്ഥ കണ്ട പരിസരവാസി ഡിനു, കോടിമത മൃഗാശുപത്രിയില്‍ വിവരമറിയിച്ചു. ഇവിടത്തെ ഡോക്ടര്‍മാര്‍ മൃഗസ്‌നേഹികളുടെ സംഘടനയായ കോട്ടയം ഫ്രണ്ട്‌സ് ഓഫ് അനിമല്‍സ് (ഫ്രാങ്ക്) പ്രവര്‍ത്തകരോട് പറഞ്ഞു.