സ്‌നേഹത്തിലുപരി തോന്നുന്ന വികാരമാണ് പ്രണയം. പ്രണയത്തിന് പ്രായമെന്നോ കാലമെന്നോ ജാതിയെന്നോ മതമെന്നോ വേര്‍തിരിവില്ല. അതിര്‍വരമ്പുകള്‍ ഇല്ലാത്ത പ്രണയം അനശ്വരം ആകുന്നത് അതുകൊണ്ടുതന്നെയാണ്. പ്രണയത്തിന് പ്രായമില്ലെന്ന് പറഞ്ഞ് കഴിഞ്ഞ് കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയ ഒരു ഫോട്ടോഷൂട്ട് ഉണ്ട്. ഐറിന നെല്‍ദ്യക്കോവ എന്ന റഷ്യന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ‘വൃദ്ധദമ്പതികളുടെ പ്രണയം’ എന്ന ഫോട്ടോഷൂട്ട് അത്രയേറെ ആകര്‍ഷണീയമായിരുന്നു.
സെര്‍ഗെയ്, വാലന്റൈന്‍ എന്നിവരാണ് ഫോട്ടോഷൂട്ടിലെ താരങ്ങള്‍.പലരും കരുതിയത് ഇരുവരും യഥാര്‍ഥ ദമ്പതികളാണെന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്നാണ് ഫോട്ടോഗ്രാഫറുടെ വെളിപ്പെടുത്തല്‍. ഫോട്ടോഷൂട്ടിന് വേണ്ടിയാണ് സെര്‍ഗെയും വാലന്റൈനും ആദ്യമായി കാണുന്നത് പോലും. പക്ഷെ എത്ര മനോഹരമായാണ് ഇരുവരും പ്രണയം ക്യാമറയ്ക്ക് മുന്നില്‍ അനശ്വരമാക്കിയതെന്ന് ഐറിന പറയുന്നു. ഫോട്ടോഷൂട്ടിന്റെ സെറ്റില്‍ ഇരുവരുടെയും പ്രകടനം കണ്ട കണ്ണ്‌നിറഞ്ഞുപോയെന്നും അവര്‍ വ്യക്താക്കി.
ഫോട്ടോ ഷൂട്ടിംനു മികച്ച പ്രതികരണം ലഭിച്ചതിന് നന്ദി അറിയിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഐറിനയുടെ വെളിപ്പെടുത്തല്‍. ‘എന്റെ ഫോട്ടോഷൂട്ട് കണ്ട് മെയില്‍ അയച്ചവരെ കൊണ്ട് മെയില്‍ബോക്‌സ് നിറഞ്ഞുകവിഞ്ഞു. പതിനായിരത്തോളം പേര്‍ ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ദിവസം എന്റെ ഫോളോവേഴ്‌സ് ആയി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എനിക്ക് എഴുതി. അത്തരമൊരു ഫോട്ടോസ്‌റ്റോറി നല്‍കിയതിന് നന്ദി അറിയിച്ചാണ് പലരും മെയില്‍ അയച്ചത്.
എല്ലാവര്‍ക്കും അറിയേണ്ടത് സെര്‍ഗെയ്‌ടെയും വാലന്റൈനിന്റെയും പ്രണയ കഥയെ കുറിച്ചാണ്. എന്നാല്‍ അവര്‍ യഥാര്‍ഥ ദമ്പതികള്‍ അല്ല. അവര്‍ മോഡലുകളാണ്. അവര്‍ ഫോട്ടോഷൂട്ടിന് മുമ്പ് കണ്ടിട്ടേയില്ല. എന്നാല്‍ അവരുടെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറെടുപ്പുകള്‍ ഒന്നും ഞങ്ങള്‍ നടത്തിയിരുന്നില്ല. ഒരു സിനിമ ചിത്രീകരിക്കുന്നത് പോലെ ഫോട്ടോഷൂട്ട് ചെയ്യാമെന്ന് മാത്രമാണ് ഞാനും സെറ്റിലുള്ള മറ്റുള്ളവരും കരുതിയത്. പക്ഷെ ആ ചിത്രീകരണവേളയില്‍ ഞങ്ങളില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞു, പലരും സങ്കടം കൊണ്ട് മുഖം തിരിച്ചു, കണ്ണുനീര്‍ തുടച്ചു. അത്രയ്ക്ക് ജീവനുള്ള കഥാപാത്രങ്ങളായിരുന്നു അവര്‍. എന്നെ സംബന്ധിച്ചിടത്തോളം ആ ഫോട്ടോഷൂട്ട് വലിയൊരു വിജയമാണ്’, നെല്‍ദ്യക്കോവ കുറിച്ചു.