കുഞ്ഞുങ്ങൾ ഉറങ്ങുമ്പോൾ അവർക്കരികിലായി അമ്മമാർ പാവകൾ വയ്ക്കുന്നത് പതിവാണ്. കുഞ്ഞ് ഉണരുമ്പോൾ കരഞ്ഞ് ബഹളം വെയ്ക്കാതിരിക്കാനോ അല്ലെങ്കിൽ ഉരുണ്ടു താഴെ വീഴാതിരിക്കാനോ മറ്റുമാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഈ ശീലം ഒരിക്കലും ചെയ്യാൻ പാടില്ലാത്തതെന്നാണ് സ്‌കോട്‌ലാന്‍ഡുകാരിയായ ഡെക്‌സി ലേയ് വാല്‍ഷ് എന്ന അമ്മ പറയുന്നത്.
ഒന്നരവയസുകാരി കോണീ റോസ് എന്ന തന്റെ മകളോടൊപ്പം ടെഡിബെയര്‍ പാവയെ വെച്ച് ഉറക്കാന്‍ കിടത്തുമ്പോൾ അവള്‍ സുരക്ഷിതയായിരിക്കണമെന്നേ ഈ അമ്മയും കരുതിയുള്ളൂ. എന്നാല്‍ അത് വലിയൊരു ദുരന്തത്തിന് കാരണമാകുമെന്ന് അവര്‍ വിചാരിച്ചിരുന്നേയില്ല.
അഞ്ചുവയസുള്ള മൂത്തകുട്ടിയോടൊപ്പം തന്നെയാണ് ഒന്നരവയസുകാരി കോണീറോസും ഉറങ്ങാറുള്ളത്. പതിവ് പോലെ ഉറക്കിക്കിടത്തി ഒപ്പം ടെഡിബെയര്‍ പാവയേയും തടയായി വച്ച് ഡെക്‌സി അടുത്ത മുറിയില്‍ ഉറങ്ങാന്‍ പോയി.
എന്നാൽ പിറ്റേന്ന് കാണുന്ന കാഴ്ച ടെഡിബെയര്‍ കുഞ്ഞിന്റെ മുകളില്‍ വീണുകിടക്കുന്നതാണ്. മൂന്നടി പൊക്കമുള്ള ടെഡിബെയര്‍ കുഞ്ഞിന്റെ ശരീരംമൂടി കിടന്നു. അതിന്റെ ഇടയിലൂടെ കുഞ്ഞിക്കാലുകള്‍ കാണാമായിരുന്നു.
മൂത്തമകളെ സ്‌കൂളില്‍ വിടാന്‍ ഉണര്‍ത്തിയശേഷം മകളെ എടുക്കാന്‍ ചെന്ന അമ്മ ഞെട്ടിപ്പോയി. കുഞ്ഞ് ശ്വസിക്കുന്നില്ല. പരിഭ്രാന്തയായി ആംബുലന്‍സ് വിളിച്ചുവരുത്തി, സിപിസിആര്‍ നല്‍കിയിട്ടും കുഞ്ഞ് അനങ്ങിയില്ല. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സ്ഥിരീകരിച്ചു.
ടെഡിബെയര്‍ മുകളില്‍ വീണ് ശ്വാസം കിട്ടാതെയാണ് കുഞ്ഞ് മരിച്ചത്. കഴിഞ്ഞമാസം അവസാനമായിരുന്നു സംഭവം. ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം കാര്യങ്ങള്‍ വലിയ അപകടം വരുതിവെയ്ക്കുമെന്ന് കുഞ്ഞിന്റെ വേര്‍പാടിന്റെ വിഷമത്തിനിടയിലും ഈ അമ്മചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ ബോധവത്കരണം നടത്താനായി അമ്മ ഒരു ഫേസ്ബുക്ക് ക്യാംപെയിനും ആരംഭിച്ചു.