ശ്രീജിത്ത് കസ്റ്റഡി മരണത്തിൽ ആലുവ റൂറൽ എസ്പിയെ കുടുക്കാൻ സിനിമാ ലോകത്തു നിന്നും ഗൂഡാലോചന. ദേശീയപാതയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെയുള്ള സിനിമാ രംഗത്തെ ഉന്നതർക്കെതിരെ നിലകൊണ്ടതിന്‍റെ മധുര പ്രതികാരമാണ് ഇപ്പോൾ ശ്രീജിത്ത് കേസിൽ എസ്പിക്ക് തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്നത്.
പ്രമുഖ കോൺഗ്രസ് എംഎൽഎയുടെ കൂടി പിന്തുണയോടെയാണ് എസ്പിക്കെതിരെ കസ്റ്റഡി മരണക്കേസ് തിരിച്ചുവിട്ടിരിക്കുന്നത്. ശ്രീജിത്തിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു കൊണ്ടുപോയ ടൈഗർ ഫോഴ്സ് ടീമിനെ രൂപീകരിച്ചത് എസ്പി എ.വി. ജോർജായിരുന്നു. ഇക്കാരണം മറയാക്കിയാണ് ജോർജിനെതിരെ സിനിമാ രംഗം നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം ശ്രീജിത്തിന്‍റെ കസ്റ്റഡി മർദനത്തിൽ ജോർജിനു നേരിട്ടു പങ്കില്ലെന്നും ആർടിഎഫ് ടീമിനെ സിഐക്ക് വിട്ടു നൽകുക മാത്രമാണ് ചെയ്തതെന്നും പൊലീസ് സേനക്കുള്ളിൽ നിന്നും വിവരം ലഭിക്കുന്നുണ്ട്. എന്നാൽ കേസിൽ എസ്പിയെ താഴെയിറക്കാനുള്ള നീക്കങ്ങൾക്ക് ശക്തി പകരാനാണ് നീക്കം നടക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ആദ്യ ഘട്ടത്തിൽ വാർത്തകൾ പ്രചരിച്ച ഘട്ടം മുതൽ എസ്പിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയിരുന്നു. കോൺഗ്രസ് എംഎൽഎയാണ് ഇക്കാര്യത്തിൽ മധ്യസ്ഥനായി നിലകൊണ്ടത്. എന്നാൽ എംഎൽഎയ്ക്ക് പിന്നാലെ പാർട്ടിയിലെ തന്നെ ഉന്നതർ ഇടപെട്ടിട്ടും എസ്പി കുലുങ്ങിയില്ല. കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ടീമിലും എസ്പി ഉണ്ടായിരുന്നു. ഇതോടെ കേസിൽ ഉന്നത പൊലീസ് വൃത്തങ്ങൾക്ക് കൃത്രിമം നടത്താനും കഴിഞ്ഞില്ല.
ഇതാണ് നടിക്കേിസിൽ ദിലീപിനെതിരെ ശക്തമായ നീക്കം നടക്കാൻ കാരണമായത്. ഇതിന്‍റെ പക നിലനിൽക്കെയാണ് ആലുവ എസ്പി കസ്റ്റഡി മരണക്കേസിൽ ആരോപണ വിധേയനാകുന്നത്. ഇതോടെ എസ്പി എ.വി. ജോർജിന്‍റെ പങ്ക് വെളിപ്പെടുത്തി നിരവധി വാർത്തകളാണ് പുറത്തു വന്നത്. ഇതിനു പിന്നിൽ എംഎൽഎയാണെന്നും സിനിമാ രംഗത്തെ ചില പ്രമുഖർ ഇക്കാര്യത്തിൽ എംഎൽഎയുമായി ആലോചന നടത്തിയെന്നുമുള്ള സൂചനകളാണ് പുറത്തു വരുന്നത്.