Breaking News
Home / Lifestyle / അവഗണിക്കപ്പെട്ട പെൺകുട്ടികൾക്കായി കണ്ണൂർ കലക്ടറുടെ യാത്രാപദ്ധതി സൂപ്പർ ഹിറ്റ് !!

അവഗണിക്കപ്പെട്ട പെൺകുട്ടികൾക്കായി കണ്ണൂർ കലക്ടറുടെ യാത്രാപദ്ധതി സൂപ്പർ ഹിറ്റ് !!

വിനോദയാത്രയുടെ അനുഭവം പറഞ്ഞപ്പോൾ അർച്ചന കരയുകയായിരുന്നു. കരയിലും കടലിലും ആകാശത്തിലുമായി മൂന്നു ദിവസം കാഴ്‌ചകൾ കണ്ട് മതിവരാതെയാണു കൂട്ടുകാരികൾക്കൊപ്പം അവൾ തിരിച്ചുവന്നത്. സ്വപ്‌നത്തിൽപ്പോലും ആഗ്രഹിച്ചിട്ടില്ലാത്തതായിരുന്നു അവർക്ക് കൈവന്ന ഈ ഭാഗ്യം.

വീട്ടിലെ ചുറ്റുപാടുകൾ ഓർത്തപ്പോൾ അർച്ചനക്ക് സന്തോഷവും സങ്കടവും ഒന്നായി വന്നു. അത്രയേറെ പ്രയാസങ്ങൾക്കിടയിലാണ് വളർന്നത്. ആ ചുറ്റുപാടുകളാണ് രക്ഷിതാക്കൾ ഉണ്ടായിരിക്കെ തന്നെ അവളെപ്പോലെ കൂട്ടത്തിലുള്ള പലരേയും ഗവ. ഗേൾസ് ഹോമിൽ എത്തിച്ചത്.

തലശ്ശേരി ഗവ. ഗേൾസ് ഹോമിലെയും ഗവ. ബോയ്‌സ് ഹോമിലെയും ആറളം ഫാമിലെയും ആറളം ഫാമിലെയും 46 കുട്ടികൾക്കാണു കണ്ണൂർ കലക്ടർ മിർ മുഹമ്മദലിയുടെ പ്രത്യേക താൽപര്യപ്രകാരം യാത്രയ്ക്കുള്ള അവസരം ലഭിച്ചത്. അനാഥരും സനാഥരുമായ ഒട്ടേറെ വിദ്യാർഥികൾക്ക് ഇതിനകം ജില്ലയ്ക്ക് അകത്തേക്കും പുറത്തേക്കും വിനോദയാത്രയ്ക്കു കലക്ടർ ഇടപെട്ട് അവസരമൊരുക്കിയിട്ടുണ്ട്.

ജീവിത്തിന്റെ ഘട്ടങ്ങളിൽ ഏത് പ്രതിസന്ധിയിലും പതറാതെ ചുവടുവെക്കാനുള്ള ധൈര്യമാണ് യാത്ര നൽകിയതെന്നാണു പി.ബി.നിത്യ കുറിച്ചിട്ടത്. ആകാശത്തിൽ ഏറെ ഉയരങ്ങളിലായി മാത്രം കണ്ടിരുന്ന വിമാനത്തിൽ കയറാൻ കഴിഞ്ഞത് സ്വപ്‌നതുല്യമെന്ന് ഇ.ജെ.സോണ പറഞ്ഞു. ‘കൊച്ചിയിൽ നിന്ന് ആകാശത്തിന്റെ മടിത്തട്ടിലൂടെ ഞങ്ങൾ കടന്നുപോയി. വിമാനം കോഴിക്കോട് എത്താറായപ്പോൾ മുമ്പിൽ കോഴിക്കോട് നഗരം തീരെ ചെറുതായി കയ്യിൽ പിടിക്കാവുന്നതുപോലെ തോന്നി’–സി.എം.നിഷൂജ കുറിച്ചിട്ടു.

എ.ഡി.ദിവ്യക്ക് വിനോദയാത്രക്കുള്ള ബസ്‌പോലും വിസ്‌മയമായിരുന്നു. ജീവിതത്തിൽ ആദ്യമായാണ് അതുപോലൊരു അടിപൊളി ബസ്സിൽ അവൾ യാത്ര ചെയ്യുന്നത്. അനുയാത്ര ചെയ്‌ത അസി. കലക്ടർ ആസിഫ് കെ.യൂസഫ് അടക്കമുള്ളവരുടെയും സന്ദർശിച്ച സ്ഥലങ്ങളിലെ നാട്ടുകാരുടെയും സ്‌നേഹം അവർക്ക് അവിശ്വസനീയമായ അനുഭവമായി തോന്നി.

‘ഞങ്ങൾ സമൂഹത്തിൽ ഒറ്റപ്പെട്ടവരല്ലെന്ന തോന്നലാണ് ഈ യാത്ര മനസ്സിലുറപ്പിച്ചത്’–ആത്മവിശ്വാസത്തോടെ ദിവ്യ എഴുതി. ജീവിത്തിൽ മായാതെയും മറയാതെയും വിനോദയാത്രയുടെ മൂന്നു ദിനങ്ങൾ നിലനിൽക്കുമെന്ന് ഇ.എം.വിജേഷ്‌മക്ക് ഉറപ്പുണ്ട്.

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവരും കുടുംബത്തിലെ പരാധീനതകൾ കാരണം ഗേൾസ് ഹോമിൽ എത്തിപ്പെട്ടവരുമായിരുന്നു അവരെല്ലാം. ഭാവിജീവിതത്തിൽ മിടുക്കരായി മുന്നോട്ടുപോകാൻ തുണയും സഹായവുമേകേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവാണ് വിനോദയാത്ര അവർക്കായി ഒരുക്കാൻ കലക്ടറെ പ്രേരിപ്പിച്ചത്.

യാത്രയെ പറ്റിയുള്ള അനുഭവക്കുറിപ്പുകളിലാണ് അവർ ആഹ്ലാദവും കാഴ്ചകളുടെ വൈവിധ്യവും പങ്കുവച്ചത്. മനുഷ്യന്റെ ചൂഷണത്തിനിരയാകുന്ന പ്രകൃതിയുടെ ദൈന്യത ഏറെ വേദനിപ്പിക്കുന്ന കാഴ്‌ചയായാണ് സോണക്കും കൂട്ടുകാരികൾക്കും തോന്നിയത്.

ഇത്തരം വിനോദയാത്രകൾ തുടരുമെന്നു കലക്ടർ മിർ മുഹമ്മദലി പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published.