Breaking News
Home / Lifestyle / ബന്ധങ്ങൾ “അമ്മേ വേദയെവിടെ?ഞാനവളോടെന്റെ സാരി ഒന്നിസ്തിരി ഇട്ടുവയ്ക്കാൻ രവിലെ പറഞ്ഞതാ .എന്നിട്ടിതുവരെ അവളത്‌ ചെയ്തില്ല..!!

ബന്ധങ്ങൾ “അമ്മേ വേദയെവിടെ?ഞാനവളോടെന്റെ സാരി ഒന്നിസ്തിരി ഇട്ടുവയ്ക്കാൻ രവിലെ പറഞ്ഞതാ .എന്നിട്ടിതുവരെ അവളത്‌ ചെയ്തില്ല..!!

“അമ്മേ വേദയെവിടെ?ഞാനവളോടെന്റെ സാരി ഒന്നിസ്തിരി ഇട്ടുവയ്ക്കാൻ രവിലെ പറഞ്ഞതാ .എന്നിട്ടിതുവരെ അവളത്‌ ചെയ്തില്ല.വന്ന് വന്ന് ഒരു കാര്യം പറഞ്ഞാൽ അനുസരിക്കാതെയായി”

“അവൾ അമ്പലത്തിൽ പോയിരിക്കുവാ സന്ധ്യേ.ഇസ്തിരിയിട്ടിട്ട്‌ പോകാമെന്നവൾ പറഞ്ഞതാ.ഞാനാ പറഞ്ഞത്‌ പോയിട്ട്‌ വന്നിട്ട്‌ ചെയ്താൽ മതീന്ന്.കല്യാണത്തിന്‌ പുറപ്പെടാൻ ഇനിയുമൊരുപാട്‌ സമയമുണ്ടല്ലൊ.നീ ദേഷ്യപ്പെടണ്ടാ.എന്റെ കുട്ടിക്ക്‌ എന്ത്‌ സങ്കടമുണ്ടാകും.അവളെടുത്തോണ്ട്‌ നടന്ന കുട്ടിയുടെ വിവാഹമാണിന്ന് നടക്കുന്നത്‌..അവൾ മാത്രമിങ്ങനെ..അമ്പലത്തിൽ പോയി അവളുടെ സങ്കടം പറഞ്ഞ്‌ തീർക്കട്ടെയെന്ന് ഞാൻ കരുതി”

“അമ്പലത്തിൽ പോയിട്ടൊന്നും ഒരു കാര്യവുമില്ല.അവളുടെ ജാതക ദോഷം മാറില്ലെന്നല്ലെ ബ്രഹ്മദത്തൻ തിരുമേനി പറഞ്ഞിട്ടുള്ളത്‌.ഇനിയവൾ വന്ന് ഇസ്തിരിയിട്ടിട്ട്‌ എനിക്ക്‌ വിവാഹത്തിനു പോകാൻ കഴിയില്ല.ഞാൻ തന്നെ ചെയ്തോളാം”

സന്ധ്യ ചവിട്ടിതുള്ളി അകത്തേക്ക്‌ പോയപ്പോൾ വേദയുടെ അമ്മ സാവിത്രി വഴിക്കണ്ണുമായി കോലായിൽ ഇരുന്നു.

മകൻ ദേവൻ ജനിച്ച്‌ വർഷങ്ങൾ ഏഴു കഴിഞ്ഞപ്പോഴാണ്‌ വേദയ്ക്ക്‌ സാവിത്രി ജന്മം നൽകിയത്‌.രണ്ടാമത്‌ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ ജനിക്കാൻ പോകുന്നതൊരു പെൺകുഞ്ഞാകണേയെന്നായിരുന്നു പ്രാർത്ഥന.സാവിത്രിയുടെ ഭർത്താവ്‌ ശങ്കര മേനോനും ഒരു മോളെ കിട്ടണേയെന്ന ആഗ്രഹമാണുണ്ടായിരുന്നത്‌.

അവരുടെ ആഗ്രഹം പോലെ മകളെത്തന്നെ ലഭിച്ച സന്തോഷത്തിന്‌ അധികം ആയുസ്സുണ്ടായില്ല.ആ നാട്ടിലെ ജ്യോതി പണ്ഡിതനായിരുന്നു ബ്രഹ്മ ദത്തൻ നമ്പൂതിരി.അദ്ദേഹത്തിന്റെ പ്രവചങ്ങൾ തെറ്റിയ ചരിത്രം ആ നാട്ടുകാർക്കില്ലായിരുന്നു.വേദയുടെ ജാതകം അദ്ദേഹത്തെക്കൊണ്ടായിരുന്നു എഴുതിച്ചത്‌.വേദയുടെത്‌ ദോഷ ജാതകമാണെന്നും മംഗല്യ യോഗമില്ലെന്നും വിവാഹം നടന്നാൽ ഭർത്താവിന്‌ മൂന്നു ദിവസത്തിൽ കൂടുതൽ ആയുസ്സുണ്ടാകില്ലെന്നും ജാതകം കൈമാറിയിട്ട്‌ അദ്ദേഹം ശങ്കര മേനോനെ അറിയിച്ചു.

വേദയുടെ കുസൃതികളൊക്കെ കാണുമ്പോൾ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്ന സന്തോഷം മുഴുവൻ മോൾ വലുതായിക്കോണ്ടിരിക്കുകയാണെന്നും വർഷങ്ങൾ കണ്ണടച്ചുതുറക്കും പോലെ പെട്ടെന്ന് കഴിയുമെന്നും വിവാഹ പ്രായമിങ്ങെത്തുമെന്നുമൊക്കെ ചിന്തിച്ച്‌ അടുത്ത നിമിഷത്തിൽ തന്നെ മാഞ്ഞുപോയിരുന്നു.

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ വേദ സ്വന്തം ദുർ വിധിയേക്കുറിച്ചറിയുന്നത്‌.കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ജാനുവേടത്തിയുടെ മകൾ സീത വന്ന് അക്കാര്യം പറയുന്നത്‌.

“വേദേ നീ വലുതാവുമ്പ്പോൾ നിന്നെ കെട്ടാനാരും വരില്ല.നിന്റെ ജാതകത്തിലെന്തോ വലിയ ദോഷമുണ്ട്‌.അതുകൊണ്ട്‌ നിന്നെ ആരേലും കെട്ടിയാൽ അയാൾ മൂന്നു ദിവസത്തിനുള്ളിൽ മരിക്കും”

അത്‌ കേട്ട്‌ വേദയും മറ്റുള്ള കൂട്ടുകാരും ഒരു കണിയാട്ടി വന്നിരിക്കുന്നെന്ന് പറഞ്ഞ്‌ സീതയേ കളിയാക്കി.

“എന്നെ കളിയാക്കുവൊന്നും വേണ്ട.വേദയുടെ ഗായത്രിച്ചിറ്റ എന്റെ അമ്മയോട്‌ പറയണത്‌ ഞാനൊളിച്ച്‌ നിന്ന് കേട്ടതാ.ബ്രഹ്മദത്തൻ നമ്പൂതിരിയാണത്രെ അങ്ങനെ പറഞ്ഞിരിക്കുന്നത്‌”

“ഞങ്ങളെല്ലാവരും കല്യാണം കഴിച്ച്‌ പോയിക്കഴിയുമ്പോൾ നീ ഒറ്റയ്ക്കാവുമല്ലോ വേദെ.നിന്റെ ദോഷംകോണ്ടാകുമോ ഉണ്ണിക്കുട്ടൻ മരിച്ചത്‌.നമ്മളന്ന് പൂമാലയിട്ട്‌ കളിച്ചപ്പോൾ നീ അവന്റെ കഴുത്തിലും അവൻ നിന്റെ കഴുത്തിലുമല്ലേ ഇട്ടത്‌.അതിന്റെ പിറ്റേന്നാണെന്ന് തോന്നുന്നു അവൻ മരിച്ചത്‌.പാവം ഉണ്ണിക്കുട്ടൻ ” എന്ന് പറഞ്ഞ്‌ കൂട്ടത്തിലെ വഴക്കാളി നീരദ അവളെ കളിയാക്കി.

കൂട്ടുകാരുടെ കളിയാക്കൽ കേട്ട്‌ വേദ മാവിൻ ചുവട്ടിലിരുന്ന് കരയാൻ തുടങ്ങി.ബാക്കി കുട്ടികളെല്ലാം കളിയിൽ മുഴുകിയപ്പോൾ വേദ ‘സച്ചുവേട്ടാ’ എന്നു വിളിക്കുന്ന സച്ചിൻ അവൾക്കിഷ്ടപ്പെട്ട മാമ്പഴവുമായി അവൾക്കടുത്തെത്തി.’നീ കരയണ്ടടീ അവർ പറഞ്ഞതുപോലൊന്നും ഉണ്ടാകില്ല’ എന്ന് പറഞ്ഞവളേ സമാധാനിപ്പിച്ചു.

“ആരും നിന്നെ കെട്ടാൻ വന്നില്ലെങ്കിൽ ഞാൻ വന്ന് കെട്ടിക്കോളാഡീ.എനിക്കെന്താടീ ഒരു കുറവ്‌..സുന്ദരനല്ലേ ഞാൻ” എന്ന് പറഞ്ഞ്‌ കൈയിലിരുന്ന മാങ്ങ അവൾക്ക്‌ നീട്ടി സൈക്കിൾ ടയറും പായിച്ച്‌ അവൻ ഓടിപ്പോകുന്നതും നോക്കി അവൾ ഇരുന്നു.

മുട്ടറ്റം വരെ മുടിയും ഗോതമ്പിന്റെ നിറവും നീണ്ട മനോഹരമായ നാസികയും വിടർന്ന് കരിനീല മിഴികളും ഒത്ത അംഗ ലാവണ്യവുമുള്ള വേദ ആ നാട്ടിലെ പുരുഷന്മാരുടെയെല്ലാം മനസ്സിലെ സുന്ദരിയായിരുന്നെങ്കിലും അവളുടെ ജാതകദോഷം അറിയാവുന്നതുകൊണ്ട്‌ അവരാരും അവളെ വിവാഹം കഴിക്കുവാൻ തയ്യാറായില്ല.

മകളുടെ വിവാഹം നടക്കാത്തതിൽ മനം നൊന്താണ്‌ ശങ്കരമേനോൻ മരണത്തെ പുൽകിയത്‌.വേദയുടെ ജാതകദോഷം മറച്ചുവച്ച്‌ വിവാഹം നടത്തുവാൻ വീട്ടുകാരും ആഗ്രഹിച്ചിരുന്നില്ല.വൈധവ്യം അണിയുന്നതിലും ഭേദം താലി അണിയിക്കാതിരിക്കുന്നതാണെന്ന് അവർ ചിന്തിച്ചു.

വേദ നാലാൾ കൂടുന്ന സ്ഥലത്തൊന്നും പോകാതെയായി.ആൾക്കാരുടേ പരിഹാസവും സഹതാപം നിറച്ച വാക്കുകളും അവളെ ഒരുപാട്‌ നൊമ്പരപ്പെടുത്തുന്നുണ്ട്‌.ചിലരൊക്കെ അവളെ അപശകുനം എന്ന് മറഞ്ഞും തിരിഞ്ഞും പറയാൻ തുടങ്ങിയത്‌ കാരണം അടുത്ത ബന്ധുക്കളുടെ വീട്ടിലെ ചടങ്ങുകൾക്കുപോലും അവൾ പങ്കെടുക്കാതെയായി.

വേദയുടെ ഏട്ടൻ ദേവനും ഭാര്യ സന്ധ്യയ്ക്കും അവളുടെ വിവാഹം നടക്കാത്തതിപ്പോൾ ഏറെക്കുറേ അനുഗ്രഹം ആയിട്ട്‌ തോന്നിത്തുടങ്ങിയിട്ടുണ്ട്‌.അവർ രണ്ടാളും ജോലിയ്ക്ക്‌ പോകുമ്പോൾ വീട്ടുജോലി ചെയ്യാനും അവരുടെ മകൾ ദേവൂനെ നോൽക്കാനുമൊക്കെ വേറെ ആളെ അന്വേഷിക്കണ്ടല്ലോ എന്ന ചിന്തയാണവർക്ക്‌..പ്രത്യേകിച്ചും സന്ധ്യയ്ക്ക്‌..

ആരൊക്കെ തള്ളിപ്പറഞ്ഞാലും പെറ്റമ്മയ്ക്ക്‌ സ്വന്തം മകളെ അങ്ങനെ ചെയ്യാനാവില്ലല്ലോ.ഓരോ ദിവസവും സാവിത്രിയ്ക്ക്‌ സങ്കടം കൂടിക്കൂടി വന്നു.അമ്മയെ സമാധാനിപ്പിക്കാൻ വേദ ദു:ഖമെല്ലാം ഉള്ളിലൊളിപ്പിച്ച്‌ സന്തോഷം അഭിനയിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും അമ്മയ്ക്കത്‌ അറിയാമായിരുന്നു.

ജാതകത്തിൽ വിശ്വാസമില്ലെന്നും പറഞ്ഞ്‌ പലരും വന്നെങ്കിലും അവരൊക്കെ പെണ്ണുകണ്ടുപോയ വഴി ആരൊക്കെയോ ചേർന്ന് എന്തൊക്കെയോ പറഞ്ഞ്‌ അവരെയെല്ലാം പിന്തിരിപ്പിച്ചു.

ഒരു ദിവസം സന്ധ്യയ്ക്ക്‌ വേദ അമ്പലത്തിൽ പോയിട്ട്‌ വന്നപ്പോൾ മുറ്റത്തൊരു സ്വിഫ്റ്റ്‌ കാർ കിടക്കുന്നു.ഈ സമയത്ത്‌ ആരാണാവോ എത്തിയിരിക്കുന്നത്‌?ഇനി എന്തൊക്കെ ചോദ്യങ്ങൾ കേൾക്കണം എന്നൊക്കെ ചിന്തിച്ച്‌ കയറിച്ചെന്ന വേദ കണ്ടത്‌ രണ്ട്‌ പേരിരുന്ന് ചായ കുടിക്കുന്നതാണ്‌…അതിലൊരാളുടെ മുഖം എവിടയോ കണ്ടുമറന്നപോലെ..അവൾ അവർക്കരികിലൂടെ മുഖം താഴ്ത്തി പതിയെ ഉള്ളിലേക്ക്‌ നടന്നു.

“അൽപം പ്രസാദം തരുമോ” എന്ന ചോദ്യം കേട്ടാണ്‌ വേദ നിന്നത്‌.എവിടയോ കണ്ടതുപോലെ എന്ന് തോന്നിയ ആൾ വേദയുടെ അടുത്തേക്ക്‌ ചെന്നു.അവളുടെ കൈയിലിരുന്ന ഇലയിൽ നിന്നും ഒരു നുള്ള്‌ ചന്ദനമെടുത്ത്‌ നെറ്റിയിൽ ചാർത്തി പകരം അവളുടെ കൈയ്യിലേക്ക്‌ ഒരു മാമ്പഴം വച്ചുകൊടുത്തപ്പോൾ അയാളെ ഓർത്തെടുക്കാൻ അതിനപ്പുറം മറ്റൊന്നും വേണ്ടായിരുന്നു.

“സച്ചുവേട്ടൻ…ഇവിടെനിന്ന് പോയതിനുശേഷം ഒരറിവും ഇല്ലായിരുന്നല്ലോ..ഉമയമ്മ എവിടെ?”

“ഇങ്ങോട്ട്‌ വരണമെന്ന് ഒരുപാട്‌ തവണ ആഗ്രഹിച്ചെങ്കിലും ഇപ്പോഴാണ്‌ സാഹചര്യം ഒത്തുവന്നത്‌..അമ്മ എന്നെ വിട്ടുപോയിട്ട്‌ പത്ത്‌ വർഷം കഴിഞ്ഞു.”

“സച്ചുവേട്ടന്റെ ഭാര്യ?”

” വിവാഹം ഉടനെയുണ്ട്‌.എല്ലാം തീരുമാനിച്ച്‌ വച്ചിരിക്കുകയാണ്‌”

അത്‌ കേട്ടപ്പോൾ വേദയുടെ മുഖം അവളറിയാതെ തന്നെ മങ്ങി.അതുകണ്ടിട്ട്‌ സച്ചിൻ പറഞ്ഞു- “ഞാൻ മാത്രമേ തീരുമാനം എടുത്തിട്ടൊള്ളു..ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിന്റെയും വീട്ടുകാരുടെയും സമ്മതം ചോദിക്കാനാണ്‌ ഞാൻ വന്നത്‌.എനിക്ക്‌ സമ്മതം ചോദിക്കുവാൻ എന്റെ അമ്മ മാത്രമേ ഉള്ളു.അമ്മയുടെ അസ്ഥിത്തറയിൽ വിളക്കുവച്ച്‌ സമ്മതം വാങ്ങിയിട്ടാണ്‌ ഞാൻ വന്നിരിക്കുന്നത്‌.എന്റമ്മയ്ക്കറിയാം എനിയ്ക്കവളെ കുട്ടിക്കാലം മുതലേ ഒരുപാടിഷ്ടമാണെന്ന്”

സാവിത്രി അത്ഭുതത്തോടെ സച്ചിനെ നോക്കി.വേദ കേൾക്കുന്നത്‌ സത്യമാണോ എന്ന് ചിന്തിച്ച്‌ സച്ചിന്റെ കണ്ണുകളിലേക്ക്‌ നൊക്കി.

“സച്ചുവേട്ടാ വേണ്ട..ഞാൻ സമ്മതിക്കില്ല.എന്നെ വിവാഹം കഴിച്ച്‌ സച്ചുവേട്ടന്‌ ദോഷം വരുവാൻ ഞാൻ സമ്മതിക്കില്ല.എനിക്കീ ജന്മം വിവാഹ ജീവിതം വേണ്ടാ എന്നായിരിക്കും ദൈവ നിശ്ചയം.അതങ്ങനെ തന്നെ നടന്നോട്ടെ.സച്ചുവേട്ടന്‌ നല്ലയൊരു പെൺകുട്ടിയേ കിട്ടും”

“നിന്നെ വിവാഹം കഴിച്ച്‌ മൂന്ന് ദിവസം ആകുമ്പോഴല്ലേ ഞാൻ മരിക്കു…ഒരു ദിവസമെങ്കിലും നിന്റെ ഭർത്താവായി എനിക്ക്‌ ജീവിക്കാമല്ലോ.എനിക്കതുമതി..നിന്റെ ഭർത്താവായിട്ട്‌ മരിക്കാനായെനിക്കിഷ്ടം”

വേദയുടെ മിഴികൾ നിറഞ്ഞൊഴുകി.സാവിത്രി സച്ചിന്റെ കൈകൾ പിടിച്ച്‌ വിതുമ്പി.ആ അമ്മയെ നെഞ്ചോട്‌ ചേർത്തപ്പോൾ കണ്ണടയും മുൻപ്‌ മകളെ വിശ്വാസമുള്ള കൈകളിൽ ഏൽപിയ്ക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷം അവരുടെ ഹൃദയമിടുപ്പിൽ നിന്നും അയാൾക്കറിയാൻ കഴിഞ്ഞു.

വേദയുടെയും സച്ചിന്റെയും മകൾ ദക്ഷയുടെ വിവാഹമാണ്‌ നാളെ.ദക്ഷയുടെ ജാതകം സച്ചിൻ എഴുതിച്ചിരുന്നില്ല.ഒരിക്കൽ പോലും വേദ സച്ചിനോട്‌ അതേക്കുറിച്ച്‌ സംസാരിച്ചുമില്ല.
“എന്താ വേദേ നീ നമ്മുടെ മോളുടെ ജാതകം എഴുതിക്കുവാനൊരിക്കൽ പോലും എന്നോട്‌ പറയാതിരുന്നത്‌”

“അവൾക്കും എന്തെങ്കിലും ദോഷമുണ്ടെന്നാരെങ്കിലും പറഞ്ഞിട്ട്‌ എന്റെ മോളും ഞാനുരുകിയതുപോലെ ഉരുകേണ്ടിവന്നാലോ.എനിക്കെന്റെ സച്ചുവേട്ടൻ തണലായി വന്നപോലെ എന്റെ മോൾക്ക്‌ ആരെങ്കിലും വന്നില്ലെങ്കിലോ എന്ന പേടിച്ചാണ്‌ ഞാൻ അക്കാര്യം പറയാതിരുന്നത്‌”

“അമ്മയും അച്ഛനും ഇവിടെ വന്നിരിക്കുകയാണോ?നാളെ എന്റെ കല്യാണമാണെന്ന വിചാരമൊന്നുമില്ലേ?” എന്ന് ചോദിച്ചുകൊണ്ട്‌ ദക്ഷ ഒരു കൊച്ചുകുട്ടിയേപ്പോലെ അവരുടെ നടുവിൽ കയറിയിരുന്നു…
(-നിങ്ങളുടെ സ്വന്തം രചനകൾ വളപ്പൊട്ടുകൾ പേജിൽ ഉൾപ്പെടുത്തുവാൻ പേജ്‌ ഇൻബോക്സിലേക്ക്‌ മെസേജ്‌ അയക്കൂ…)

About Intensive Promo

Leave a Reply

Your email address will not be published.