Breaking News
Home / Lifestyle / വഴി തടഞ്ഞുള്ള ‘ആഘോഷ’പ്പിരിവിനെതിരെ എസ്ഐ; പൊലീസിനും കൊട്ട്: കുറിപ്പിന് കയ്യടി !!

വഴി തടഞ്ഞുള്ള ‘ആഘോഷ’പ്പിരിവിനെതിരെ എസ്ഐ; പൊലീസിനും കൊട്ട്: കുറിപ്പിന് കയ്യടി !!

ആഘോഷങ്ങളുടെ പേരിൽ വഴിയോരത്തു വാഹനങ്ങൾ തടഞ്ഞു നിർത്തിയുളള അനധികൃത പണപ്പിരിവിനെതിരെ രൂക്ഷ പരിഹാസവുമായി എസ്ഐ. പൊലീസിനെയും വിമര്‍ശിച്ചുള്ള ചക്കരക്കല്ല് എസ്ഐ പി.ബിജുവിന്റെ പോസ്റ്റിന് സമൂഹമാധ്യമത്തിൽ നിറഞ്ഞ കയ്യടി.

ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഏച്ചൂർ മുത്തപ്പൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മേലേ ചൊവ്വ മട്ടന്നൂര്‍ ഹൈവേയിലെ ഏച്ചൂർ ടൗണിൽ എല്ലാ വാഹനങ്ങളും തടഞ്ഞു നിർത്തി പണപ്പിരിവ് നടത്തിയ സംഭവത്തെ പരാമര്‍ശിച്ചാണ് എസ്ഐയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചില സംഭവങ്ങളും എസ്ഐ പോസ്റ്റിൽ പരമാർശിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ പലഭാഗങ്ങളിലും ഇത്തരം പണപ്പിരിവു നടക്കുന്നതായി ആക്ഷേപമുണ്ട്.ഇതിനൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ ഇവിടെ…? പോലീസും നിയമവുമൊക്കെ എവിടെ പോയി എന്ന് പലപ്പോഴും നിങ്ങൾ ആശങ്കപ്പെട്ടിട്ടുണ്ടാവില്ലേയെന്നും പൊലീസിനെ സ്വയം വിമര്‍ശിച്ച് എസ്ഐ എഴുതുന്നുണ്ട്.

ഇത്തരം സന്നർഭത്തിൽ നിങ്ങളെ സംരക്ഷിക്കേണ്ടതും സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഒരുക്കിത്തരേണ്ടവരുമായ ഞങ്ങൾ പോലീസ് ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്ന വിധത്തിൽ മാറി നില്കുകയാണോ വേണ്ടതെന്നും എസ്ഐ ചോദിക്കുന്നു.

ഏതോ നാട്ടിൽ നടക്കുന്ന ആഘോഷങ്ങൾക്ക് റോഡിൽകൂടി യാത്രചെയുന്ന മറ്റേതോ നാട്ടുകാരനായ ഞാനെന്തിന് പൈസ കൊടുക്കണം എന്ന് നിങ്ങൾക്ക് തോന്നിടുണ്ടാവില്ലെയെന്നും എസ്ഐ ചോദ്യം ഉയർത്തുന്നു. പൈസ ഇല്ലെന്ന് പറയുമ്പോൾ സാധാരണക്കാരൻ കേൾക്കേണ്ടി വരുന്ന ശകാരങ്ങളും മാനസിക ബുദ്ധിമുട്ടുകളും വിവരിച്ചു കൊണ്ടുളള പോസ്റ്റിൽ ഇത്തരം അനീതി വച്ചുപൊറുപ്പിക്കില്ലെന്നും നിയമപരിരക്ഷ സാധാരണക്കാർക്ക് സാധ്യമാക്കുമെന്ന വാഗ്ദാനവും നൽകുന്നുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

“ഓനെനിക്ക് സന്തോഷത്തോടെ മനസ്സറിഞ്ഞു തന്നതാ “…കൈക്കൂലി വാങ്ങിക്കുന്നവർ അതിനെ ന്യായീകരിക്കാൻ സ്ഥിരം പറയുന്ന ഡയലോഗ് ആണിത് .. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഏച്ചൂർ മുത്തപ്പൻ ക്ഷേത്രോത്സവത്തോടനുബന്ധിച് മേലേചൊവ്വ മട്ടനൂർ തിരക്ക് പിടിച്ച ഹൈവേയിലെ ഏച്ചൂർ ടൗണിൽ എല്ലാ വാഹനങ്ങളും തടഞ്ഞു നിർത്തി പണപ്പിരിവ് നടത്തിയവരും മേൽ സൂചിപ്പിച്ച കൈകൂലിക്കാർ പറഞ്ഞ അതേ ന്യായീകരണം തന്നെയാണ് നിരത്തുന്നത് .

“ഞങ്ങൾ കൈനീട്ടി വണ്ടി തടഞ്ഞു നിർത്തി ചോദിച്ചപ്പോൾ അവർ സ്വമേധയാ സന്തോഷത്തോടെ തന്നതാ “…….. ഇനി വസ്‌തുത എന്താണെന്ന് പരിശോധിക്കാം ……സ്വന്തമായി വണ്ടിയുള്ളവരിൽ മിക്കവാറും എല്ലാവരും തന്നെ യാത്രാ വേളയിൽ പലപ്പോഴും ഇത്തരം പണപ്പിരിവിന് വിധേയരായിട്ടുണ്ടാവും .ചിലപ്പോൾ ഒരുദിവസം തന്നെ രണ്ടോ മൂന്നോ സ്ഥലങ്ങളിൽ പൈസ കൊടുക്കേണ്ടി വന്നിട്ടുമുണ്ടാവും ….അല്ലേ ?എങ്കിൽ ചോദ്യം ഇതൊക്കെയാണ്

1.നിയമപരമായി ഈ വിധത്തിൽ വാഹനം തടയുന്നത് തെറ്റല്ലേ ? 2.പൈസ ഇല്ലെന്നു പറഞ്ഞ സന്നർഭങ്ങളിൽ നിങ്ങൾ ചീത്ത കേൾക്കലിനും ഭീഷണിപ്പെടുത്തലിനും വിധേയരായിട്ടില്ലേ ? 3.നിർത്താതെ പോകാൻ ശ്രമിച്ചപ്പോൾ ഓടിവന്ന് വണ്ടിയുടെ ബോഡിക് ഇടിക്കുകയും ശകാരിക്കുകയും ചെയ്തിട്ടില്ലേ ? 4.മനസ്സിൽ യാതൊരു താല്പര്യവുമില്ലാതെ സംഘടിത ശക്തിയെ പേടിച്ചിട്ട് മാത്രമല്ലേ നിങ്ങൾ പൈസ കൊടുത്തിട്ടുണ്ടാവുക ??

5.ഇതിനൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ ഇവിടെ …പോലീസും നിയമവുമൊക്കെ എവിടെ പോയീ എന്ന് പലപ്പോഴും നിങ്ങൾ ആശങ്കപ്പെട്ടിട്ടുണ്ടാവില്ലേ ? 6.ഏതോ നാട്ടിൽ നടക്കുന്ന ആഘോഷങ്ങൾക്ക് റോഡിൽകൂടി യാത്രചെയുന്ന മറ്റേതോ നാട്ടുകാരനായ ഞാനെന്തിന് പൈസ കൊടുക്കണം എന്ന് നിങ്ങൾക്ക് തോന്നിടുണ്ടാവില്ലേ ?

7.പിരിച്ചെടുക്കുന്ന പൈസയിൽ ഒരു ഭാഗം ബിവറേജസിൽ എത്തിയിട്ടുണ്ടാവുമെന്ന് ന്യായമായും നിങ്ങൾ സംശയിച്ചിട്ടുണ്ടാവില്ലേ ? 8.വളരെ അത്യാവശ്യ കാര്യങ്ങൾക്ക് തിരക്ക് പിടിച്ചു പോകുന്നതിനിടയിലുള്ള ഈ തടഞ്ഞു പിരിവ് നിങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ടാവില്ലേ ?

ഇതിൽ ഒന്നോ ഒന്നിൽ കൂടുതലോ ചോദ്യങ്ങൾക്ക് നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കിൽ , ഇരകളായ നിങ്ങൾക്കു വേണ്ടി നിലകൊള്ളേണ്ടത് നിയമത്തിന്റ ബാധ്യതയല്ലേ ??ഇത്തരം സന്നർഭത്തിൽ നിങ്ങളെ സംരക്ഷിക്കേണ്ടതും സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഒരുക്കിത്തരേണ്ടവരുമായ ഞങ്ങൾ പോലീസ് ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്ന വിധത്തിൽ മാറി നില്കുകയാണോ വേണ്ടത് ?

ഏച്ചൂരിൽ വാഹനം തടഞ്ഞു പണപ്പിരിവ് നടത്തിയവർ തെറ്റു തിരുത്താൻ തയ്യാറല്ല എന്നുള്ളതാതാണ് പിന്നീട് അവർ പോലീസിനെ തടഞ്ഞതിലൂടെ വ്യക്തമാവുന്നത് .ഒറ്റയ്‌ക്കൊറ്റയ്ക് പാവങ്ങളായ പലരും സംഘടിതരാകുമ്പോൾ വേട്ടക്കാരന്റെ കുപ്പായമെടുത്തണിയുന്നത് ഒരു mass psychology ആണ് .പാവങ്ങളായ ശിഖണ്ടികളെ മുന്നിൽ നിർത്തി പിന്നിൽ നിന്നും കളി നിയന്ത്രിച്ചവരെ കണ്ടെത്താനുള്ള ആർജ്ജവം തീർച്ചയായും പോലീസിനുണ്ട് .

ഈ സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ ധാരാളമായി പ്രചരിക്കുന്നുണ്ട് .നന്മയും തിന്മയും, സത്യവും അസത്യവും തിരിച്ചറിയാനുള്ള ശേഷി ഇവിടുത്തെ ജനങ്ങൾക്കുണ്ട് . പോലീസ് ഒരാഘോഷങ്ങൾക്കും എതിരല്ല .പക്ഷേ ആഘോഷത്തിന്റെ മറവിലുള്ള സംഘടിത അന്യായ പ്രവർത്തികൾ വെച്ചു പൊറുപ്പിക്കുകയില്ല ..കൈ കെട്ടി നോക്കി നില്കുകയുമില്ല പൂച്ചയുടെ മുന്നിൽ ഭയന്നു നിസ്സഹായനായി പോകുന്ന എലിയുടെ കൂടെ തന്നെയാണ് ഞങ്ങൾ …..മരിക്കുവോളം

About Intensive Promo

Leave a Reply

Your email address will not be published.