ആലുവ : കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായി യാത്രക്കാരി നടത്തിയ ഫോൺ സംഭാഷണം നവമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ കെ.എസ്.ആർ.ടി.സി ജീവനക്കാരന് മാനേജിംഗ് ഡയറക്ടറുടെ അഭിനന്ദന കത്ത്. പരാതിക്കാരിക്ക് ആശ്വാസകരമായ മറുപടിയത് മാതൃകാപരമാണെന്ന് വിലയിരുത്തി ആലുവ ഡിപ്പോയിലെ ചെക്കിംഗ് ഇൻസ്പെക്ടർ സി.ടി. ജോണിക്കാണ് കെ.എസ്.ആർ.ടി.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടോമിൻ ജെ. തച്ചക്കേരി അഭിനന്ദന കത്ത് അയച്ചത്.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട ഡിപ്പോയിലെ ആ.എ.സി 140 നമ്പർ വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് കൊണ്ടുവന്നിരുന്നു. ഈ ബസിലെ സ്ഥിരം യാത്രക്കാരിയെന്ന് അവകാശപ്പെട്ട് ഈരാട്ടുപേട്ടയിലെ ബിരുദ വിദ്യാർത്ഥിനി ആലുവ ഡിപ്പോയിലേക്ക് ഫോൺ ചെയ്തതാണ് നവമാധ്യമങ്ങളിൽ വൈറലായത്. ആർ.എ.സി 140 തങ്ങളുടെ ചങ്ക് വണ്ടിയാണെന്നും തിരിച്ച് ഈരാറ്റുപേട്ടക്ക് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥിനി ഫോൺ വിളിച്ചത്.യാത്രക്കാരുടെയും ജീവനക്കാരുടെയും കണ്ണീരിൽ കുതിർന്ന അഭ്യർഥനയിൽ താരമായി മാറിയ ആർഎസ്എസി 140 കെഎസ്ആർടിസി വേണാട് ബസ് ഒടുവിൽ തിരിച്ചെത്തി.
ആലുവയിലേക്കും അവിടെ നിന്നു കണ്ണൂർക്കും മാറ്റിയ ബസ് ഇന്നലെ പുലർച്ചെയാണ് ഡിപ്പോയിലെത്തിച്ചത്. ദീർഘദൂര യാത്ര കഴിഞ്ഞെത്തിയ ബസ് ഇന്നലെത്തന്നെ സർവീസ് നടത്തിത്തുടങ്ങി. രാവിലെ കൈപ്പള്ളിക്കും അവിടെ നിന്നു കോട്ടയത്തിനും തുടർന്ന് കട്ടപ്പനയ്ക്കുമാണ് ബസ് സർവീസ് നടത്തിയത്.
ചീഫ് ഓഫിസിലെ നിർദേശപ്രകാരം ബസ് കൈമാറിയതിനു പിന്നാലെ ബസ് കണ്ടക്ടറുടെ കുറിപ്പിനൊപ്പം യാത്രക്കാരിയുടെ പരിഭവം പറച്ചിലും വൈറലായതോടെ കെഎസ്ആർടിസി എംഡിയായി ചുമതലയേറ്റ ടോമിൻ തച്ചങ്കരി ബസ് തിരിച്ചുനൽകാൻ നിർദേശിക്കുകയായിരുന്നു. ഈരാറ്റുപേട്ട-കൈപ്പള്ളി, കൈപ്പള്ളി-കോട്ടയം, കോട്ടയം–കട്ടപ്പന റൂട്ടിലായിരുന്നു യാത്രക്കാരുടെ സുഹൃത്തായ ബസിന്റെ യാത്ര.ഫോൺ വിളിച്ച യാത്രക്കാരി ഇപ്പോഴും പൊതു സമൂഹത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ഓഡിയോ സന്ദേശം കേട്ട കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയാണ് ബസ് തിരികെ നൽകാൻ ഉത്തരവിട്ടത്. ഫോൺ വിളിച്ചു ഞങ്ങളുടെ ചങ്ങിനെ തിരിച്ചു വേണം എന്ന് പറഞ്ഞ പെൺകുട്ടിയുടെ വിവരങ്ങൾ ലഭ്യമല്ലെങ്കിലും , ബസ് ഫാൻസിന് ഒരു മുതൽക്കൂട്ട് ആകുകയാണ് പെൺകുട്ടിയുടെ ആവശ്യവും അധികാരികളുടെ പ്രവർത്തനങ്ങളും. ആന വണ്ടി ഇനിമുതൽ ‘ചങ്ക്’ സ്റ്റിക്കറുമായി ഓടിത്തുടങ്ങും , ഒരു ആത്മബന്ധത്തിന്റെ നേർകാഴ്ചയായി.