പോക്സോ നിയമത്തില്‍ ഭേദഗതി നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. 12 വയസില്‍ താഴെ പ്രായമുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് നിര്‍ദേശം. കേന്ദ്രം സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കത്‍വ ബലാത്സംഗക്കൊലയും ഉന്നാവോ കേസും ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. 12 വയസിൽ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകാനാവും വിധം ഭേദഗതി വരുത്തുമെന്ന് അടുത്തിടെ കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
അടുത്തകാലത്ത് 12 വയസിൽ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികൾക്ക് വധശിക്ഷ നൽകാനാവും വിധം നിയമഭേദഗതിക്ക് രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ്, അരുണാചൽ പ്രദേശ് നിയമസഭകൾ അംഗീകാരം നൽകിയിരുന്നു.
12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്ന ശക്തമായ മുന്നറിയിപ്പ് നല്‍കാന്‍ നിയമഭേദഗതികൊണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലെ പോസ്കോ നിയമപ്രകാരം വധശിക്ഷ നല്‍കാന്‍ കഴിയില്ല. കത്‍വ, ഉന്നാവോ കേസുകള്‍ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് നിയമഭേദഗതി അടിയന്തരമായി പ്രാബല്യത്തില്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന വാദം ശക്തിപ്പെട്ടത്.