Breaking News
Home / Lifestyle / വെറും 65 മണിക്കൂര്‍ കൊണ്ട് 2585 കിലോമീറ്റര്‍ താണ്ടി; ആറു സംസ്ഥാനങ്ങളിലൂടെ ആംബുലന്‍സ് പറപറന്നു; പയ്യന്നൂരിലെ ആംബുലന്‍സ് ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം

വെറും 65 മണിക്കൂര്‍ കൊണ്ട് 2585 കിലോമീറ്റര്‍ താണ്ടി; ആറു സംസ്ഥാനങ്ങളിലൂടെ ആംബുലന്‍സ് പറപറന്നു; പയ്യന്നൂരിലെ ആംബുലന്‍സ് ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം

കണ്ണൂർ: മാര്‍ബിള്‍ ദേഹത്തുവീണ് അത്യാസന്ന നിലയിലായ മറുനാടന്‍ തൊഴിലാളിയെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച സമയത്തിനുമുന്‍പേ ആസ്​പത്രിയിലെത്തിച്ച പെരുമ്പ ലയണ്‍സ് ക്ലബ്ബ് ആംബുലന്‍സ് ഡ്രൈവര്‍ മീരേഷ് കുഞ്ഞിമംഗലത്തിനും സഹപ്രവര്‍ത്തകര്‍ക്കും നാടിന്റെ അഭിനന്ദനം. രാജസ്ഥാന്‍ കരോലി ജില്ലയിലെ മണ്‍ട്രാല്‍ സ്വദേശി നുറുസി(25)യാണ് കാസര്‍കോട് മാര്‍ബിള്‍ ജോലി ചെയ്യുമ്പോള്‍ സ്ലാബ് ദേഹത്തുവീണ് അത്യാസന്ന നിലയില്‍ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയെത്തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സ വേണമെന്നും രോഗിയെ ജയ്പുര്‍ മഹാത്മാഗാന്ധി ആസ്​പത്രിയില്‍ എത്തിക്കണമെന്നും മംഗളൂരുവിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ അത്യാസന്ന നിലയില്‍ മുഴുവന്‍സമയവും വെന്റിലേറ്റര്‍ സൗകര്യം വേണ്ടുന്ന രോഗിയെ ഇത്രയും ദൂരം കൊണ്ടുപോകാന്‍ മംഗളൂരുവിലെ ഡ്രൈവര്‍മാര്‍ തയ്യാറായില്ല. തുടര്‍ന്ന് പെരുമ്പ ലയണ്‍സ് ക്ലബ്ബ് അധികൃതരെ ആംബുലന്‍സിനായി മംഗളൂരുവില്‍നിന്ന് ബന്ധപ്പെട്ടു. ഇത്രയും ദൂരം വണ്ടി ഓടിച്ചുപോകേണ്ട വെല്ലുവിളി ലയണ്‍സ് ക്ലബ്ബ് ആംബുലന്‍സ് ഡ്രൈവര്‍ മീരേഷ് ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 12-ഓടെ പയ്യന്നൂരില്‍നിന്ന് മംഗളൂരുവിലെ ആസ്​പത്രിയിലെത്തി രോഗിയുമായി രാജസ്ഥാനിലേക്ക് പോയി. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച സമയത്തിനുമുന്‍പേ, 65 മണിക്കൂര്‍കൊണ്ട് 2585 കിലോമീറ്റര്‍ താണ്ടി രോഗിയെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഡ്രൈവര്‍ മീരേഷിനൊപ്പം നഴ്‌സിങ് സ്റ്റാഫ് ബൈജു, മറ്റൊരു ഡ്രൈവര്‍ വിനീത് എന്നിവരുമുണ്ടായിരുന്നു.

രോഗിയെ ലക്ഷ്യസ്ഥാനത്തെത്തിച്ചതിനുശേഷം ഇവര്‍ ആംബുലന്‍സുമായി ബുധനാഴ്ച രാവിലെ ഒന്‍പതോടെ പയ്യന്നൂരില്‍ തിരിച്ചെത്തി. മീരേഷിനെയും സഹപ്രവര്‍ത്തകരെയും പെരുമ്പ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.അശോകന്റെയും സെക്രട്ടറി കെ.യു.വിജയന്റെയും നേതൃത്വത്തില്‍ അഭിനന്ദിച്ചു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *