അരുൺ മാധവ് എന്ന സിനിമാസ്വാദകന്റെ കുറിപ്പ്.
എല്ലാ സിനിമാ നക്ഷത്രങ്ങളും വിണ്ണിൽ വിരാജിക്കുന്നവരല്ല. മണ്ണിലെ നക്ഷത്രങ്ങളെയും അപൂർവ്വമായെങ്കിലും കണ്ട് മുട്ടാറുണ്ട്. തികച്ചും യാദൃശ്ചികമായാണ് അത്തരത്തിൽ ഒരു കലാകാരനെ നേരിൽ കണ്ടത്. നിരവധി സിനിമകളിൽ ചെറുതുമായ വേഷങ്ങൾ ചെയ്ത കെ.ടി.എസ് പടന്നയിലിനെ അദ്ദേഹത്തിന്റെ കടയിൽ വച്ച് കാണാനും കുറച്ച് സമയം ചെലവഴിക്കാനും സാധിച്ചു. പ്രായത്തിന്റെ അവശതകൾ തീരെ പ്രകടിപ്പിക്കാത്ത ചുറുചുറുക്കോടെയുള്ള സംസാരവും ഹൃദ്യമായ പെരുമാറ്റവും.
അഭിനയമായാലും കച്ചവടമായാലും തൊഴിലിനെ മാന്യമായി സമീപിക്കുക എന്നതാണ് തന്റെ പക്ഷം എന്ന് പറയുന്ന ഒരു നാട്ടിൻ പുറത്തുകാരൻ. സിനിമ കുറച്ചു കൂടി മികച്ച ഭൗതിക സാഹചര്യങ്ങൾ തന്നില്ലെന്ന പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോൾ – ജീവിതത്തിൽ എല്ലാ കാര്യത്തിലും സംതൃപ്തി മാത്രമേ ഉള്ളു എന്ന് മറുപടി. സിനിമയുടെ പുത്തൻ കാലത്ത് അവസരങ്ങൾ കുറയുന്നോ എന്ന ചോദ്യത്തിനും കിട്ടിയ അവസരങ്ങൾക്ക് നന്ദി എന്ന നിസംഗമായ മറുപടി.
ഇപ്പോഴും ചില ചിത്രങ്ങളുടെ ഭാഗമാകാൻ കഴിയുന്നുവെന്നും അടുത്തിടെ റിലീസായ പഞ്ചവർണത്തത്തയിലും അഭിനയിച്ചുവെന്നും കൂട്ടിച്ചേർത്തു. കടയിൽ എത്തുന്നവരിൽ മിക്കവർക്കും സെൽഫി എടുക്കണം. മടി കൂടാതെ എല്ലാവരോടും കുശലം പറഞ്ഞും ചിരിച്ചും സജീവമാണ് ഈ കലാകാരൻ. കെ ടി എസ് പടന്നയിൽ എങ്ങനെ മറ്റ് നടൻമാരിൽ നിന്ന് വ്യത്യസ്തനാകുന്നു എന്ന് ചോദിച്ചപ്പോൾ ഫുൾ ടൈം ബിസിനസ് കാരനായ നടനല്ലേ ഞാൻ എന്ന മറുപടി.
ഒപ്പം പ്രശസ്തമായ ആ പടന്നയിൽ ചിരിയും.. ഒരു സിനിമാ നടന്റെ കയ്യിൽ നിന്ന് കോളയും വാങ്ങിക്കുടിച്ച് തിരികെ നടന്നപ്പോൾ മണ്ണിൽ ജീവിക്കുന്ന ഒരു നക്ഷത്രത്തെ പരിചയപ്പെട്ടതിന്റെ ആത്മ സംതൃപ്തി!