Breaking News
Home / Lifestyle / ‘മരണം തട്ടിപ്പറിച്ചെടുത്താലും നിന്നെ ഞാനും മോനും ചേര്‍ന്ന് ഇവിടെ ജീവിപ്പിച്ചു നിര്‍ത്തും

‘മരണം തട്ടിപ്പറിച്ചെടുത്താലും നിന്നെ ഞാനും മോനും ചേര്‍ന്ന് ഇവിടെ ജീവിപ്പിച്ചു നിര്‍ത്തും

തൃശ്ശൂര്‍: അകാലത്തില്‍ മരണം കവര്‍ന്നെടുത്ത പ്രിയതമയുടെ ഓര്‍മ്മയില്‍ ഭര്‍ത്താവിന്റെ വൈകാരികമായ കുറിപ്പ് വൈറലാകുന്നു. പട്ടാമ്പി സ്വദേശി രമേശ് കുമാര്‍ കാന്‍സര്‍ ബാധിച്ചു മരിച്ച ഭാര്യ അച്ചുവിനെക്കുറിച്ചെഴുതിയ ഓര്‍മ്മക്കുറിപ്പാണ് വായനക്കാരെ കണ്ണീരിലാഴ്ത്തുന്നത്.

മരണം അകലെയല്ലെന്ന് തിരിച്ചറിഞ്ഞ അവസാന നിമിഷങ്ങളിലും ഊര്‍ജ്ജത്തോടേയും സന്തോഷത്തോടേയും ജീവിച്ച അച്ചു എന്ന പെണ്‍കുട്ടിയും അവള്‍ക്ക് കരുത്തായും നിന്ന രമേശും… വായിച്ചു തീരുമ്പോള്‍ മനസ്സില്‍ ബാക്കിയാവുന്നത് മരണത്തിനപ്പുറവും പ്രകാശം പരത്തുന്ന ഇവരുടെ ഈ പ്രണയമായിരിക്കും.

രമേശിന്റെ വാക്കുകളിലേക്ക്;

”ഒരു വര്‍ഷം ആവുകയാണ്.. ‘മരണം തട്ടിപ്പറിച്ചെടുത്താലും നിന്നെ ഞാനും മോനും ചേര്‍ന്ന് ഇവിടെ ജീവിപ്പിച്ചു നിര്‍ത്തും ….അത് ഇനിയും തോല്‍വി സമ്മതിക്കാന്‍ മനസ്സില്ലാത്ത എന്റെയും അവന്റെയും വാശിയാണ്, ചെറുത്തുനില്‍പ്പാണ്. ഞങ്ങടെ ഉള്ളില്‍ നീ ഇപ്പോഴും മരണത്തെപോലും തോല്‍പ്പിച്ചുനില്‍ക്കുന്ന ഒരു കുഞ്ഞുസുന്ദരിക്കുട്ടിയാണ് ‘

മരണത്തിനു ശരീരത്തിനെയെ ഇല്ലാതാക്കാന്‍ കഴിയൂ. ഓരോ നിമിഷത്തിലും ചിലഎഴുത്തുകളിലൂടെ, ചിത്രങ്ങളിലൂടെ, വാക്കുകളിലൂടെ, ഞങ്ങളിലൂടെത്തന്നെ നിന്നെയിവിടെ ജീവിപ്പിച്ചു നിര്‍ത്തും.

അതൊരു വാശിയാണ്, അത്രത്തോളം ഇറുക്കിപ്പിടിച്ചിട്ടും തട്ടിപ്പറിച്ചു കളഞ്ഞാല്‍, അവിടെ എല്ലാമവസാനിപ്പിച്ചു തോറ്റു തലകുനിച്ചു മടങ്ങാന്‍ മനസില്ലാത്തവന്റെ ഒരു കുഞ്ഞുവാശി.

വര്‍ഷങ്ങള്‍ക്ക് മുന്നേ ഒരു പാതിരാത്രിയിലാണ് അവള്‍ പറഞ്ഞത്..അതേയ് എനിക്ക് ഇങ്ങേരോട് ഒടുക്കത്തെ പ്രണയമാണെന്ന് തോന്നുന്നു, അവിടെ വേറാരും കേറിയിരിപ്പില്ലേല്‍ എന്നെക്കൂടേ കൂട്ടുവോ എന്ന്.
ഇച്ചിരി കഴിഞ്ഞാ മനസ്സെങ്ങാന്‍ മാറിയാലോന്നു പേടിച്ചു ഞാന്‍ അപ്പൊത്തന്നെ അപ്രൂവലും കൊടുത്തുകൂടെ കൂട്ടി.

എന്റെ ഏറ്റവും പ്രിയപെട്ട കൂട്ടുകാരി ആയിരുന്നു. തൃപ്പുണിത്തുറ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ആദ്യമായി കാണുന്നത് …..എറണാകുളം കായംകുളം ലോക്കല്‍ ട്രെയിനിലേക്ക് കയറുമ്പോ എന്റെ നേരെ കൈനീട്ടി എന്റെ കയ്യൊന്നുപിടിക്ക് മാഷേ എന്ന് പറഞ്ഞപ്പോ തമാശക്ക് ഞാന്‍ പറഞ്ഞു എന്നോടൊക്കെ കൈ പിടിക്കാന്‍ പറയുമ്പോ സൂക്ഷിക്കണം കേട്ടോ ..ഒരിക്കല്‍ പിടിച്ചാല്‍പിന്നെ എന്റെ ജീവന്‍പോയാലും ആ പിടിവിടുമെന്ന് കരുതണ്ട…..ആണോ ..? ഞാനും അങ്ങനെയാ എന്നുപറഞ്ഞു ചന്തമുള്ള ഒരു പുഞ്ചിരിയോടെ എന്നാ പിന്നെ ഇച്ചിരി ഇറുക്കിപിടിച്ചോ മാഷേ എന്ന് പറഞ്ഞതും, കൈനീട്ടിയതും…..ആ ഇറുക്കിപിടുത്തം ഇളംചൂടുള്ള ഒരോര്‍മയായി ഇപ്പോഴും ഉള്ളിലങ്ങനെയുണ്ട് …….(ഒരു ദോശ ഉണ്ടാക്കിയ പ്രണയംപോലെ വളരെ രസകരമായ ഒരു കഥയാണ് ഞങ്ങടെ പ്രണയം ‘ഒരു കുളിയുണ്ടാക്കിയ പ്രണയം’സൗകര്യംപോലെ ഒരിക്കല്‍ പറയുന്നുണ്ട് )

നീണ്ട 8 വര്‍ഷത്തെ കൂട്ട് , 5 വര്‍ഷം കല്ല്യാണത്തിന് ശേഷം …അങ്ങനെ ഒരുമിച്ചുള്ള മനോഹരമായ പതിമൂന്നു വര്‍ഷങ്ങള്‍ …..
കുന്നികുരുവോളമേ ഉണ്ടായുള്ളുവെങ്കിലും മനോഹരമായ ജീവിതം, ഒരുപാട് നല്ല ഓര്‍മകള്‍ ….
അതുതന്നെ ധാരാളമാണ് ഈ ജന്മം മുഴുവന്‍ ഓര്‍ക്കാന്‍ ……

ഓര്‍മ്മകള്‍ എന്നെ പിറകോട്ടല്ല നയിക്കുന്നത്, കൂടുതല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടാണ്. മുഖപുസ്തകത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിലൂടെ, അവരുടെ ഹൃദയത്തിലൂടെ ഒരുപാടൊരുപാട് സ്‌നേഹം ഏറ്റുവാങ്ങി അവളിവിടെ ജീവിച്ചു കൊണ്ടേയിരിക്കട്ടെ ….

‘ഏതു സമയത്തും വേണമെങ്കിലും വളരെ മോശമായ ഒരു കാര്യം സംഭവിക്കും തളര്‍ന്നുപോകരുത് മോന്റെ കയ്യില്‍ മുറുക്കെപ്പിടിച്ചു ഒരു തരിമ്പുപോലും ഇളകാതെ മുന്നോട്ട് തന്നെ പോയികൊണ്ടിരിക്കണം, ലൈവില്‍ നില്‍ക്കണം എന്ന് പറഞ്ഞു അവസാന നാളുകളില്‍ പോലും സ്‌നേഹംകൊണ്ട് എന്നെ ഇറുക്കിപ്പിടിച്ചിരുന്ന അവളെ എനിക്കെങ്ങനെയാണ് വിട്ടുകളയാനാവുക ………!

മാലചാര്‍ത്തിയും വിളക്ക് കത്തിച്ചുവച്ചും ഒരു ഫോട്ടോപോലും ഞാന്‍ എവിടേം വച്ചിട്ടില്ല …..ദേ ഇങ്ങനെ ചിരിച്ചോണ്ട് ലൈവില്‍ നിക്കണ ഫോട്ടോകള്‍ കാണുമ്പോ കൂടെതന്നെ ഉണ്ടെന്നുള്ള ഒരു വിശ്വാസം ആണ് ….”

About Intensive Promo

Leave a Reply

Your email address will not be published.