ഒരു ജീവന്‍ കെടാതെ കാക്കാനുള്ള നെട്ടോട്ടത്തിലാണ് 66 കാരനായ മുഹമ്മദ്. ആത്മസുഹൃത്തിന്റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ ലോട്ടറി വില്‍പ്പനയിലാണ് വാര്‍ധക്യത്തിലെത്തി നില്‍ക്കുന്ന നന്മ നിറഞ്ഞ മനുഷ്യന്‍. സുഹൃത്തായിരുന്ന ബാലകൃഷ്ണന്റെ മകള്‍ ചിഞ്ചു(28)വിന്റെ ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് മുഹമ്മദ്. ചിഞ്ചു തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വൃക്കരോഗം ബാധിച്ച് ചികിത്സയിലാണ്.
വൃക്കരോഗം ഗുരുതരമായിരിക്കുകയാണ് ചിഞ്ചുവിന്. മിണ്ടാനും അനങ്ങാനും വയ്യ,
ഹൃദ്രോഗിയായ അമ്മയാണ് കൂടെ. ബാലകൃഷ്ണന്‍ എട്ടുവര്‍ഷം മുമ്പ് ഹൃദ്രോഗം വന്ന് മരിച്ചു. ചിഞ്ചുവിനും അമ്മയ്ക്കും താങ്ങും തണലുമായി ബാലകൃഷ്ണന്റെ സ്ഥാനത്ത് മുഹമ്മദുണ്ട്. ലോട്ടറി വിറ്റു കിട്ടുന്ന പണം കൊണ്ട് ചിഞ്ചുവിനെ ചികിത്സിക്കുകയാണ് 66-ലെത്തിയ മുഹമ്മദ്.
15 വര്‍ഷം മുമ്പ് മട്ടാഞ്ചേരിയില്‍നിന്ന് തൃശ്ശൂരിലേക്ക് താമസം മാറ്റിയപ്പോള്‍ മുഹമ്മദിനും കുടുംബത്തിനും സഹായമായത് മണ്ണുത്തിക്കടുത്തുള്ള കൊഴുക്കുള്ളിയിലെ എടമക്കാട് ബാലകൃഷ്ണനായിരുന്നു. തൃശ്ശൂരില്‍ മൂന്നുവര്‍ഷം തങ്ങി മുഹമ്മദ് മട്ടാഞ്ചേരിയിലേക്ക് തിരിച്ചുപോയെങ്കിലും ആ ബന്ധം അവസാനിച്ചില്ല.
മട്ടാഞ്ചേരിയിലേക്ക് മാറിയ മുഹമ്മദിന്റെ വീട്ടില്‍ ഒരിക്കല്‍ ബാലകൃഷ്ണന്‍ എത്തിയിരുന്നു. മകന്റെ വിവാഹം കഴിഞ്ഞതോടെ വീട്ടില്‍ കഴിയുന്നത് ബുദ്ധിമുട്ടായെന്നും താനും ഭാര്യയും മകളും എറണാകുളത്തേക്ക് മാറാന്‍ തീരുമാനിച്ചതായും അറിയിച്ചു. സന്തോഷത്തോടെ അവരെ സ്വീകരിച്ച മുഹമ്മദ് അവര്‍ക്ക് വാടകവീടും സംഘടിപ്പിച്ചു നല്‍കി. പൂജകള്‍ നടത്തി ജീവിക്കുകയായിരുന്നു ബാലകൃഷ്ണന്‍. മുഹമ്മദിന് മീന്‍വില്പനയും.
വൈകാതെ ബാലകൃഷ്ണന്‍ മരിച്ചു. ബാലകൃഷ്ണന്റെ മൃതദേഹത്തോടൊപ്പം ചിഞ്ചുവിനെയും അമ്മയെയും മുഹമ്മദ് തൃശ്ശൂരിലെ ബാലകൃഷ്ണന്റെ വീട്ടില്‍ എത്തിച്ചു. തിരിച്ച് മട്ടാഞ്ചേരിയിലെത്തി 22-ാം നാള്‍ ചിഞ്ചുവിന്റെ ഫോണ്‍വിളിയെത്തി. വീട്ടില്‍ താമസിക്കാന്‍ വയ്യാത്ത അവസ്ഥയായതിനാല്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആവശ്യം. ആത്മസുഹൃത്തിന്റെ മകളെയും ഭാര്യയെയും അന്നുതന്നെ മട്ടാഞ്ചേരിയിലേക്ക് കൊണ്ടുവന്നു മുഹമ്മദ്. ഭാര്യയും അഞ്ചു മക്കളുമടങ്ങുന്ന കുടുംബത്തില്‍ രണ്ടു നാള്‍ താമസിപ്പിച്ചു. പിന്നീട് സ്വന്തം ചെലവില്‍ അവര്‍ക്ക് വാടകവീടെടുത്ത് നല്‍കി. മീന്‍വിറ്റും ചുമടെടുത്തും കിട്ടുന്ന തുകയില്‍നിന്ന് വാടകയും ചെലവിനുള്ള പണവും അവര്‍ക്ക് നല്‍കി. എട്ട് വര്‍ഷമായി കുടുംബത്തിന്റെ കൈത്താങ്ങാണ് മുഹമ്മദ്.
ഇക്കൊല്ലം ജനുവരിയിലാണ് ചിഞ്ചുവിന് വൃക്കരോഗം സ്ഥിരീകരിച്ചത്. കൈയിലുണ്ടായിരുന്ന കാശെല്ലാം മുടക്കി പലയിടങ്ങളിലും ചികിത്സിച്ചു. പണം തീര്‍ന്നപ്പോഴാണ് ഏപ്രില്‍ നാലിന് മെഡിക്കല്‍ കോളേജിലെത്തിച്ചത്. രോഗം സ്ഥിരീകരിച്ച അന്നു മുതല്‍ മുഹമ്മദ് സ്നേഹത്തോടെയും കരുതലോടെയും കൂടെയുണ്ട്. ചികിത്സച്ചെലവിന് മുഹമ്മദിന്റെ മക്കളും സഹായിക്കുന്നു.