Breaking News
Home / Lifestyle / ഇന്നലെ വരെ മുഷിഞ്ഞ ലുങ്കിയുമുടുത്ത് നടന്നവളാ..എന്താ ഇവൾടെയൊക്കെ അഹങ്കാരം; സാമൂഹ്യപ്രവര്‍ത്തകയുടെ കുറിപ്പ് വൈറലാവുന്നു

ഇന്നലെ വരെ മുഷിഞ്ഞ ലുങ്കിയുമുടുത്ത് നടന്നവളാ..എന്താ ഇവൾടെയൊക്കെ അഹങ്കാരം; സാമൂഹ്യപ്രവര്‍ത്തകയുടെ കുറിപ്പ് വൈറലാവുന്നു

മനുഷ്യമനസാക്ഷിയെ ഏറെ ഞെട്ടച്ച വാര്‍ത്തയാണ് പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം. ജിഷയുടെ മരണത്തിനു ശേഷം നിരവധി വ്യക്തികളും സര്‍ക്കാരും ജിഷയുടെ കുടുംബത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ആ തുകകള്‍ ജിഷയുടെ അമ്മ രാജേശ്വരി ധൂര്‍ത്തടിച്ചുവെന്ന തരത്തില്‍ അവരെ ആക്ഷേപിച്ച് നിരവധി വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അടുത്തിടെ രാജേശ്വരി ബ്യൂട്ടി പാര്‍ലറില്‍ പോയെന്നും അണിഞ്ഞൊരുങ്ങി നടക്കുന്നുവെന്നുവെന്നുമായിരുന്നു ചിലരുടെ കുറ്റം പറച്ചില്‍. രാജേശ്വരിയെ ആക്ഷേപിച്ചവര്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തക ശ്രീജ സുരേഷ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശ്രീജയുടെ മറുപടി.

കുറിപ്പിന്റെ പൂർണരൂപം

ജിഷയുടെ അമ്മയാണ്..
ഏറ്റവും പുതിയ ചിത്രമാണ്‌ ..
അവര്‍ ധരിച്ചിരിക്കുന്നത് നൈറ്റിയും
ഷാളുമാണ് …

ഈ ഫോട്ടോ കണ്ടിട്ടെങ്കിലും കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..ആനന്ദിക്കൂ…
മകള്‍ മരിച്ചില്ലെങ്കിലും ഇവര്‍ അലക്കി തേച്ച, നിറമുള്ളൊരു വേഷമണിഞ്ഞാൽ നമുക്കിഷ്ടപ്പെടില്ല.
കാരണം ഭർത്താവുമായി അകന്നു കഴിയുന്നവളാണ്..
അപ്പോള്‍ നമ്മള്‍ പറയും കേറിക്കിടക്കാൻ നല്ലൊരു വീടുപോലു മില്ലാത്തവൾ അണിഞ്ഞൊരുങ്ങി
നടക്കുന്നു!!

എവിടെന്നാണ് ഇവൾക്ക് ഇതിനും മാത്രം പണം?
പിന്നെ വീണ്ടും അടക്കം പറയും “അവൾ ആളത്ര ശരിയല്ല”!!
നേരിട്ട് അനുഭവമുള്ള ചിലതുകൂടി ഇതോടൊപ്പം ചേര്‍ത്തു വക്കേണ്ടതുണ്ട്..
എന്റെ വീടിനടുത്ത് ഒരു ചേച്ചിയുണ്ട്.
അഞ്ച് മക്കളുടെ അമ്മ..

പ്രാരാബ്ധങ്ങളുമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയിൽ ഒരു മകന്‍ ഗൾഫിൽ പോയി. ജീവിതം പതുക്കെ പച്ചപിടിച്ചു. അതുവരെ ലുങ്കിയും ബ്ളൗസുമിട്ടു നടന്നിരുന്ന ആ ചേച്ചി സെറ്റുമുണ്ട് ഉടുക്കാൻ തുടങ്ങി.
ഉടൻ വന്നു അഭിപ്രായങ്ങളുടെ പെരുമഴ!
ഇന്നലെ വരെ മുഷിഞ്ഞ ലുങ്കിയുമുടുത്ത് നടന്നവളാ..എന്താ ഇവൾടെയൊക്കെ അഹങ്കാരം…അപ്പോ ഇവൾക്കൊക്കെ വല്ലതും ഉണ്ടായിരുന്നെങ്കിലോ? അഹങ്കാരി !!

ദാ..ഇതാണ്..ഇങ്ങനെയൊക്കയാണ് ഭൂരിപക്ഷം..
സമൂഹം കല്പിക്കുന്ന തോന്ന്യവാസങ്ങൾ അനവധിയാണ്..
വേണ്ടപ്പെട്ടവരാരെങ്കിലും മരണപ്പെട്ടാൽ ജീവിച്ചിരിക്കുന്നവർ പിന്നീടൊരിക്കലും ചിരിച്ചുകാണരുതെന്ന് ശഠിക്കുന്നവർ.

ഭർത്താവു മരിച്ചൊരു സ്ത്രീ പൊട്ടു കുത്തിയാൽ, കസവുള്ളൊരു സാരിയുടുത്താൽ രോക്ഷം കൊള്ളുന്നവർ!
ആഘോഷങ്ങളിൽ നിന്നും അവളെ മാറ്റിനിർത്താൻ മത്സരിക്കുന്നവർ!
ജീവിക്കാന്‍ വേണ്ടി തൊഴിലന്വേഷിച്ചാൽ വേശ്യാപട്ടം ചാർത്തികൊടുക്കുന്നവർ!
ഏറെ രസകരം ഒരു സ്ത്രീയെ മാറിനിന്ന് കുറ്റം പറയുന്നതും,വൃത്തിയായി നടക്കുന്നത് കാണാനിഷ്ടപ്പെടാത്തതും അധികവും സ്ത്രീകള്‍ തന്നെയാണ്..

ഇന്നു ഞാനെങ്കിൽ നാളെ നീയെന്ന് ഒാർക്കുന്നത് നന്നാവും!

About Intensive Promo

Leave a Reply

Your email address will not be published.