Breaking News
Home / Lifestyle / ആ ‘ഗര്‍ഭിണി’ ഗര്‍ഭിണിയല്ല; നെട്ടോട്ടമോടിയ പൊലീസിനെ അമ്പരപ്പിച്ച് ട്വിസ്റ്റ് !!

ആ ‘ഗര്‍ഭിണി’ ഗര്‍ഭിണിയല്ല; നെട്ടോട്ടമോടിയ പൊലീസിനെ അമ്പരപ്പിച്ച് ട്വിസ്റ്റ് !!

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ പ്രസവമുറിയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ യുവതിയെ കരുനാഗള്ളിയില്‍ കണ്ടെത്തിയതിന് പിന്നാലെ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. കരുനാഗപ്പള്ളിയില്‍ ഡോക്ടര്‍മാരുടെ വൈദ്യ പരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്ന് തിരിച്ചറിഞ്ഞു.

മൂന്ന് ദിവസമായി യുവതിയെ തിരഞ്ഞ് നെട്ടോട്ടമോടിയ പൊലീസിനെയും നാട്ടുകാരെയും അമ്പരപ്പിക്കുന്നതായി കണ്ടെത്തല്‍. നഗരത്തിലൂടെ അലഞ്ഞ് നടക്കുന്നത് ശ്രദ്ധയില്‍പെട്ട ടാക്സി ഡ്രൈവര്‍മാരാണ് പൊലീസിനെ വിവരം അറിയിച്ചത്

ഭര്‍ത്താവിനൊപ്പം പ്രസവത്തിനായി എസ്.എ.ടി ആശുപത്രിയില്‍ എത്തിയ മടവൂര്‍ സ്വദേശിനിയായ യുവതിയെ ചൊവ്വാഴ്ചയാണ് കാണാതായത്. കാണാതായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കരുനാഗപ്പള്ളിയില്‍വെച്ച് അവശനിലയില്‍ അലഞ്ഞുതിരിയുകയായിരുന്ന യുവതിയെ കണ്ട് സംശയിച്ച ടാക്സി ഡ്രൈവര്‍മാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസെത്തി യുവതിയെ കരുനാഗപ്പള്ളി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്ന് തെളിഞ്ഞതായി കരുനാഗപ്പള്ളി എസ്.ഐ. ഉമര്‍ ഫറൂഖ് പറഞ്ഞു.

യുവതി ചെങ്ങന്നൂരിലെത്തിയതായി ഇന്ന് രാവിലെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇന്നലെ വെല്ലൂരുണ്ടെന്നും സൂചന ലഭിച്ചിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് യുവതിയെ കാണാതായതെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ സംഭവം ചൂടുപിടിച്ചു. യുവതി ഗര്‍ഭിണിയായി അഭിനയിച്ചതെന്തിനെന്നും.വീട്ടുകാരെ ഉപേക്ഷിച്ച് പോയതെന്തിനാണെന്നും ഇപ്പോഴും വ്യക്തമല്ല. ഭര്‍ത്താവും കുടുംബവും എന്തുകൊണ്ട് ഇക്കാര്യം മറച്ചുവെച്ചു എന്നതടക്കം അന്വേഷണം തുടരുകയാണ്.

അന്ന് മുതല്‍ സംഭവിച്ചത്, പൊലീസ് വിശദീകരിച്ചത് ഇങ്ങനെ

ചൊവ്വാഴ്ച പകല്‍ 11.30ന്, പ്രസവത്തിന് അഡ്മിറ്റാകാന്‍ ഡോക്ടര്‍മാര്‍ ചീട്ട് എഴുതി. അവസാന വട്ട പരിശോധനക്കായി ഷംന മാത്രം ആശുപത്രിക്കുള്ളിലെ മുറിയിലേക്ക് കയറി.

ഉച്ചയ്ക്ക് 1 മണി, രണ്ട് മണിക്കൂറിലേറെയായിട്ടും ഷംനയെ കാണാതായതോടെ ഭര്‍ത്താവും മാതാപിതാക്കളും ലേബര്‍ റൂമിന് സമീപത്തെ മുറിയിലെത്തി അന്വേഷിച്ചു. ഷംനയെ കണ്ടേയില്ലെന്നായിരുന്നു നഴ്സുമാരും ഡോക്ടര്‍മാരും പറഞ്ഞത്. ആശങ്കയിലായ കുടുംബക്കാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയിലെ ബാത്ത് റൂമുകളിലടക്കം പരിശോധിച്ചു. ഷംനയെ കാണാനില്ല. കാണാതായതിന് ശേഷമുള്ള ആദ്യമണിക്കൂറുകള്‍ ഷംനയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ്

വൈകിട്ട് 5.15, ഷംനയുടെ ഫോണില്‍ നിന്ന് ഭര്‍ത്താവിന്റെ മൊബൈലിലേക്ക് വിളി. അന്‍ഷാദ് ഫോണെടുത്തെങ്കിലും മറുപടിയൊന്നുമില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ കട്ടായി.

വൈകിട്ട് 5.30, ഷംനയുടെ ഫോണില്‍ നിന്ന് ബന്ധുവായ മറ്റൊരു സ്ത്രീയുടെ മൊബൈലിലേക്ക് വിളി. ഞാന്‍ സേഫാണ്. പേടിക്കേണ്ട…ഇതുമാത്രം പറഞ്ഞ് കട്ടായി.. ഇതോടെ പൊലീസ് മൊബൈല്‍ ടവര്‍ നിരീക്ഷിച്ച് അന്വേഷണം തുടങ്ങി.

വൈകിട്ട് 6.10ന് കോട്ടയം ഏറ്റുമാനൂര്‍ ടവറിലും രാത്രി 7.40ന് എറണാകുളം നോര്‍ത്തിലും ഉള്ളതായി മൊബൈല്‍ ടവര്‍ സൂചിപ്പിച്ചു. വടക്കോട്ടുള്ള ട്രയിനില്‍ യാത്ര ചെയ്യുകയാവാമെന്ന നിഗമനത്തില്‍ റയില്‍വേ പൊലീസ് സംഘം ട്രയിനില്‍ കയറി പരിശോധിച്ചു. കണ്ടെത്തിയില്ല.മൊബൈല്‍ വീണ്ടും സ്വിച്ച്ഡ് ഓഫ്…എറണാകുളം നോര്‍ത്തില്‍ ഗര്‍ഭിണിയായ സ്ത്രീ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നത് കണ്ടതായി മൊഴിയും ലഭിച്ചു.

ഇതോടെ പൊലീസ് സംഘം എറണാകുളത്ത് തിരച്ചില്‍ തുടങ്ങി. രാത്രി മുഴുവന്‍ ആശുപത്രികളിലും ലോഡ്ജുകളിലും പരിശോശോധിച്ചു. പക്ഷെ ഷംനയെ കണ്ടിട്ടില്ല. ഇന്നോ നാളയെ പ്രസവിക്കേണ്ട സ്ത്രീയാണ്. എവിടേക്ക് പോകാന്‍..? എത്ര ദൂരം യാത്ര ചെയ്യും…? പോകാനുള്ള കാരണമെന്ത്..? പൊലീസിനും കുടുംബത്തിനും ഒരു പിടിയും കിട്ടിയില്ല.

ബുധനാഴ്ച രാത്രി ഷംന വെല്ലൂരില്‍ ഉണ്ടെന്ന് മൊബൈല്‍ ലൊക്കേഷന്‍ നോക്കി പൊലീസിന് വിവരം. ഇന്ന് രാവിലെയാകട്ടെ ചെങ്ങന്നൂരില്‍‌ എത്തിയതായും കണ്ടെത്തി. എല്ലാത്തിനുമൊടുവില്‍ കരുനാഗപ്പള്ളിയില്‍ കണ്ടെത്തി. അപ്പോഴേക്കും പുറത്തുവരുന്ന വിവരം ഗര്‍ഭിണിയല്ല എന്നും.

About Intensive Promo

Leave a Reply

Your email address will not be published.