സംസ്ഥാനങ്ങൾ മാത്രം മാറുന്നു. ദാരുണകാഴ്ചകൾ അതുപോലെ തന്നെ തുടരുന്നു. സ്വന്തം സഹോരന്റെ മൃതദേഹം സൈക്കിളിൽ വച്ചുകെട്ടി വീട്ടിലേക്ക് കൊണ്ടുപോകുന്ന ജ്യേഷേഠന്‍റെ ചിത്രമാണ് ഇപ്പോൾ രാജ്യത്തെ കണ്ണീരണിയിക്കുന്നത്.
ഗതാഗത യോഗ്യമല്ലാത്ത റോഡില്ലാത്തതിന്റെ പേരിൽ എട്ടു കിലോമീറ്ററാണ് പതിനെട്ട് വയസുള്ള സഹോദരന്റെ മൃതദേഹം വച്ചുകെട്ടി ഇയാൾ സൈക്കിൾ ഉന്തിയത്. അസാമിലെ മജൂലിയിലാണ് പുതിയ സംഭവം. ആസാം മുഖ്യമന്ത്രി സബര്‍ബന്ത സോനോവാളിന്റെ മണ്ഡലത്തിൽ നിന്നാണ് ഇൗ ദാരുണ കാഴ്ചയെന്നതാണ് ശ്രദ്ധേയം.
കൃത്യസമത്ത് ആശുപത്രിയിലെത്തിക്കാത്തതിനാലാണ് അനിയന്റെ ജീവൻ നഷ്ടമായത്. മുള കൊണ്ട് നിർമിച്ച പാലത്തിലൂടെ വളരെ കഷ്ടപ്പെട്ടാണ് കുടുംബം രോഗിയെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ അപ്പോഴേക്കും രോഗി മരിച്ചിരുന്നു. യാതൊരു വാഹനസൗകര്യങ്ങളുമില്ലാത്ത നാടാണ് ഇത്.
ആശുപത്രിയിൽ നിന്നും തിരിച്ച് വീട്ടിലേക്ക് ആകെയുണ്ടായിരുന്ന സൈക്കിളിന്റെ ഒരു വശത്ത് മൃതദേഹം വച്ചുകെട്ടിയാണ് കുടുബം വീട്ടിലേക്ക് മടങ്ങിയത്. ഇൗ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നത്. മുൻപും ഇത്തരത്തിൽ ഒട്ടേറെ വാർത്തകൾ രാജ്യത്ത് റിപ്പോപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ആവർത്തനത്തിന് മാത്രം ഒരു കുറവും വന്നിട്ടില്ല