Breaking News
Home / Lifestyle / 20 രൂപയ്ക്ക് മീൻകറി ഊണ്; കാരുണ്യം ഊട്ടിയ ജനകീയ അടുക്കള സൂപ്പർഹിറ്റ് !!

20 രൂപയ്ക്ക് മീൻകറി ഊണ്; കാരുണ്യം ഊട്ടിയ ജനകീയ അടുക്കള സൂപ്പർഹിറ്റ് !!

ആലപ്പുഴ: ഇരുപതുരൂപയുണ്ടെങ്കില്‍ വയറു നിറയെ മീന്‍ കറിയും കൂട്ടി ഊണ് കഴിക്കാം. മണ്ണഞ്ചേരിയിലെ പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കളയാണ് വിശക്കുന്ന വയറിന് വയറു നിറയെ ആഹാരമെത്തിക്കുന്നത്. കിടപ്പു രോഗികളും ആരോരുമില്ലാത്തവരും ഉള്‍പ്പെടെ 400 പേര്‍ക്കു സൗജന്യ നിരക്കില്‍ ഉച്ചയൂണ് എത്തിക്കുന്ന ഈ കാരുണ്യത്തിന്റെ ഭക്ഷണശാല ഹിറ്റായിക്കഴിഞ്ഞു.

വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയുടെ ഭാഗമായി സിപിഎം നേതൃത്വത്തിലുള്ള പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് കഴിഞ്ഞ ഡിസംബറിലാണ്ജനകീയ അടുക്കള തുടങ്ങിയത്. ഒരു ലക്ഷത്തിലധികം രൂപയുടെ കടമുണ്ടെങ്കിലും ഭക്ഷണ വിതരണത്തില്‍ മുടക്കമില്ലാതെ നാലു മാസം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് സംഘാടകര്‍.

പാചകക്കാരും വീടുകളില്‍ ഭക്ഷണമെത്തിക്കുന്ന ഡ്രൈവര്‍മാരും ഉള്‍പ്പെടെ എട്ടു ജീവനക്കാരുമായാണു പ്രവര്‍ത്തനം. രണ്ടു നേരത്തെ ഭക്ഷണം ചൂടാറാത്ത പാത്രത്തിലാക്കി ഉച്ചയ്ക്കു മുന്‍പു വീട്ടിലെത്തിക്കും. രാവിലെ ആറു മണിക്കു മുന്‍പു ജോലി തുടങ്ങും. പത്തോടെ ഭക്ഷണം തയാറാകും. പതിനൊന്നോടെ ആദ്യ ഭക്ഷണവണ്ടി പുറപ്പെടും. ഒന്‍പതു മേഖലകളില്‍ എത്തിക്കുന്ന ഭക്ഷണം സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലേക്കു കൈമാറും. ഇതിനായി നൂറ്റിഅന്‍പതോളം പേരുണ്ട്.

തലേദിവസത്തെ ഭക്ഷണ പാത്രങ്ങള്‍ തിരികെയെത്തിക്കുന്നതും ഇവരാണ്. രാവിലെ എത്തുന്നവര്‍ക്കു തലേന്നത്തെ ഭക്ഷണം പഴങ്കഞ്ഞിയായി നല്‍കും. ഉച്ചയ്ക്കാണെങ്കില്‍ ഊണു നല്‍കും. ആഴ്ചയില്‍ ഒരോ ദിവസം ഇറച്ചിയും മീനും നല്‍കിയിരുന്നതു പരിഷ്‌കരിച്ചു. രണ്ടു ദിവസം മീനും ഒരു ദിവസം ഇറച്ചിയും വെള്ളിയാഴ്ചകളില്‍ വെജിറ്റബിള്‍ ബിരിയാണിയുമാണു കൊടുക്കുന്നത്.

ഡിസംബറില്‍ 3.13 ലക്ഷം രൂപയായിരുന്നു ചെലവ്. 3.45 ലക്ഷം, 3.29 ലക്ഷം, 3.10 ലക്ഷം എന്നിങ്ങനെയാണു തുടര്‍മാസങ്ങളിലെ ചെലവ്. ആകെ 12.98 ലക്ഷം രൂപ. ഇവ കണക്കാക്കിയാല്‍ ഒരു ഊണിന് ശരാശരി ചെലവ് 27 രൂപ വരും. പക്ഷേ, സ്‌പോണ്‍സര്‍മാരില്‍ നിന്ന് 20 രൂപയേ വാങ്ങുന്നുള്ളൂ. വാര്‍ഡ് തലത്തില്‍ ധനസമാഹരണം നടത്തിയപ്പോള്‍ ലഭിച്ച 1.72 ലക്ഷം, ജനകീയ അടുക്കളയിലെ സംഭാവന 40,000, പാലിയേറ്റീവ് സംഘടനകളില്‍ നിന്നു ലഭിച്ച 42,000, പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവന മൂന്നു ലക്ഷം രൂപയുമാണു പ്രധാന വരുമാനം.

ഒരു ലക്ഷം രൂപയുടെ അരി സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടി. മലബാര്‍ ചാരിറ്റി ട്രസ്റ്റില്‍ നിന്നു മാസംതോറും 50000 രൂപയുടെ പലവ്യഞ്ജനങ്ങള്‍ നല്‍കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിലൂടെ 51000 രൂപ ലഭിച്ചു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ആകെ കിട്ടിയത് 9.05 ലക്ഷം രൂപ. ഭക്ഷണം എത്തിച്ചു ലഭിച്ച 2.18 ലക്ഷം രൂപയും ജനകീയ അടുക്കളയിലെ വിറ്റുവരുമാനം 40000 രൂപയും കൂട്ടി ആകെ വരുമാനം 11.63 ലക്ഷം രൂപ. നഷ്ടം 1.18 ലക്ഷം.

അടുത്ത നാലു മാസത്തിനുള്ളില്‍ ഊണിന് 20 രൂപ, പ്രഭാത ഭക്ഷണത്തിനും കഞ്ഞിക്കും 10 രൂപയും വിലയിട്ട് രണ്ടു കടകള്‍ കൂടി തുറക്കും. മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം പഞ്ചായത്തുകളിലായി 200 അഗതികള്‍ക്കും കിടപ്പുരോഗികള്‍ക്കും കൂടി ഭക്ഷണം നല്‍കാനും പദ്ധതിയുണ്ട്.

ജനകീയ അടുക്കളയുടെ പുതിയ മെനു

ഞായർ: സാമ്പാർ, വൻപയർ എരിശ്ശേരി, അച്ചാർ തിങ്കൾ: ഇറച്ചി, പച്ചയ് ക്കാതോരൻ, അച്ചാർ ചൊവ്വ: തീയൽ, മാങ്ങാചമ്മന്തി, അച്ചാർ ബുധൻ: മാങ്ങാക്കറി, ചെമ്മീൻ ചമ്മന്തി, അച്ചാർ വ്യാഴം: മീൻകറി, വെണ്ടയ്ക്ക‌/ കോവയ്ക്ക മെഴുക്കുപെരട്ടി, അച്ചാർ വെള്ളി: വെജിറ്റബിൾ ഫ്രൈഡ് റൈസ്, അച്ചാർ, സാലഡ് ശനി: ചെമ്മീൻകറി, ചുരയ്ക്ക/ചെചെറുപയർ തോരൻ, അച്ചാർ.

About Intensive Promo

Leave a Reply

Your email address will not be published.