തൃശ്ശൂര്‍: വിവാഹം എന്നു പറയുമ്പോള്‍ തന്നെ ആദ്യം മനസില്‍ തെളിയുന്നത് എല്ലാവരില്‍ നിന്നും വ്യത്യസ്തമായ ചിത്രവും വീഡിയോകളും പകര്‍ത്തണം എന്നതാവും. അതിനായി കൂട്ടത്തില്‍ ഏറ്റവും നല്ല ടീമിനെ തന്നെ ഇറക്കുന്നവരും നമുക്കിടയില്‍ ഉണ്ട്. അത്തരത്തിലൊരു വിവാഹ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ത പുലര്‍ത്താനുള്ള ശ്രമത്തിലായിരുന്നു തൃശ്ശൂരിലെ തൃത്തല്ലൂര്‍ സ്വദേശി വിഷ്ണു. കഷ്ടപ്പെട്ട് മരത്തില്‍ കയറിയതിനും ഫലം അനുകൂലമായി ചിത്രവും അതോടൊപ്പം ചിത്രം പകര്‍ത്തിയ കലാകാരനെയും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.
എങ്ങനെ ചിത്രത്തിന് ജീവന്‍ നല്‍കാം എന്ന് വിഷ്ണുവിനെ അലട്ടുമ്പോഴാണ് അടുത്ത് നില്‍ക്കുന്ന അക്വേഷ്യ മരം ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ നവദമ്പതികളെയും കൂട്ടി മരത്തിനടുത്തേയ്ക്ക് നീങ്ങി. വിഷ്ണു ഉടനെ മരത്തിലേയ്ക്ക് പാഞ്ഞു കയറി. വവ്വാല്‍ തൂങ്ങി കിടക്കും പോലെ കിടന്ന് ദമ്പതികളുടെ ചിത്രം പകര്‍ത്തി. വിചാരിച്ചതിനുമപ്പുറം ചിത്രം കളാറായി എന്നു വേണം അക്ഷരാര്‍ത്ഥത്തില്‍ പറയാന്‍. ചെറുപ്പം മുതലെ മാങ്ങയും പേരയ്ക്കും തുടങ്ങിയ കായകനകള്‍ പറിക്കാന്‍ മരത്തില്‍ കയറിയിട്ടുള്ള വിഷ്ണുവിന് ഈ സാഹസം ശീലമായത് എന്നു വേണം പറയാന്‍.
സഹപ്രവര്‍ത്തകരുടെ കൈത്തണ്ടയിലല്‍ ചവിട്ടി മരത്തില്‍ പൊത്തിപ്പിടിച്ചു കയറിയശേഷം ചാഞ്ഞു നിന്ന ചില്ലയില്‍ തൂങ്ങികിടന്നാണ് വിഷ്ണു ചിത്രം പകര്‍ത്തിയത്. ഫോട്ടോഗ്രാഫേഴ്‌സിനിടയില്‍ ഈ സാഹസത്തിനെ ‘വവ്വാല്‍ ക്ലിക്ക്’ എന്നാണ് പറയുന്നതെന്നും വിഷ്ണു പറയുന്നു. വിഷ്ണുവിന്റെ സാഹസം സുഹൃത്തുക്കളാണ് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഒരു ചിത്രത്തിനു വേണ്ടി ഇത്രയും അധ്വാനിച്ച ഫോട്ടോഗ്രാഫറുടെ ആത്മാര്‍ഥതയ്ക്ക് നവമാധ്യമങ്ങള്‍ കയ്യടിച്ചു.
വൈറ്റ് റാംപ് എന്ന പേരിലുള്ള ഫ്രീലാന്‍സ് സ്റ്റുഡിയോ കൂട്ടായ്മയിലാണ് വിഷ്ണുവിന് ജോലി. ആശാന്‍ ബിജുവിന്റെ ശിക്ഷണത്തില്‍ മൂന്നു വര്‍ഷം ഫോട്ടോയെുത്ത് പരിശീലിച്ചു. വിവാഹങ്ങളുടേയും വിരുന്നുകളുടേയും ഫോട്ടോയെടുക്കുമ്പോള്‍ പലപ്പോഴും ഇങ്ങനെ മരത്തില്‍ കയറിയിട്ടുണ്ട്. ഹെലിക്യാം ഇറങ്ങിയ ഈ കാലത്ത് എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് ചിത്രത്തിന് വേണ്ട ക്ലാരിറ്റിയും ജീവനും ഉണ്ടാകില്ലെന്നാണ് വിഷ്ണുവിന്റെ മറുപടി.
വിഷ്ണുവിനെ തേടി അഭിനന്ദനങ്ങള്‍ എത്തുമ്പോള്‍ പുഞ്ചിരിയോടെ മറുപടി പറയും ‘ചേട്ടാ നമ്മളൊരു പാവം ഫൊട്ടോഗ്രഫറാണ്. മനസില്‍ അങ്ങനെ തോന്നിയപ്പോള്‍ ചിത്രമെടുത്തു. അത് ഇത്ര വലിയ സംഭവമാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.’ എന്ന്. ടൈല്‍ പണിക്കാരനായ രവീന്ദ്രന്റെ മകന്‍ വിഷ്ണു പ്ലസ്ടു കഴിഞ്ഞപ്പോള്‍ ഇലക്ട്രോണിക്‌സ് ഡിപ്ലോമയാണ് പഠിച്ചത്. ഫോട്ടോഗ്രഫിയില്‍ കമ്പം കയറി ഫോട്ടോഗ്രാഫറായി. അമ്മ മണി തുന്നല്‍ ടീച്ചറാണ്. ഏകസഹോദരി വിധുര പ്ലസ്ടു വിദ്യാര്‍ത്ഥിനിയും. വിഡിയോ വൈറലായ ശേഷം വീട്ടുകാര്‍ വിഷ്ണുവിനെ നന്നായി ഉപദേശിച്ചു. ഇനി മരത്തില്‍ കയറി സാഹസം കാട്ടരുത്. പക്ഷേ, ഫോട്ടോയ്ക്കു വേണ്ടി ഇനിയും മരത്തില്‍ കയറും, അതിന് യാതൊരു മടിയും കാണിക്കില്ലെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.