ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നുവരുന്ന പ്രസാദ ഊട്ടില്‍ ഇനി അഹിന്ദുക്കള്‍ക്കും പ്രവേശനം. ക്ഷേത്രം മതില്‍ക്കെട്ടിന് പുറത്തുള്ള അന്നലക്ഷ്മി ഹാളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശിക്കാനും ഇവിടെ നടക്കുന്ന പ്രസാദ ഊട്ടില്‍ പങ്കെടുക്കാനും അനുവദിക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
നിലവില്‍ ഇവിടെ അന്യമതക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. പാന്റ്‌സ്, ഷര്‍ട്ട്, ബനിയന്‍, പാദരക്ഷകള്‍ എന്നിവ ധരിച്ച് അന്നലക്ഷ്മി ഹാളില്‍ പ്രവേശിക്കുന്നതിന് ഉണ്ടായിരുന്ന വിലക്കും നീക്കി. എന്നാല്‍, ലുങ്കി ധരിച്ച് പ്രവേശിക്കുന്നതിനും ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.
വൈശാഖം ആരംഭിച്ചതോടെ പ്രസാദ ഊട്ടിന് കൂടുതല്‍ സീറ്റ് ഏര്‍പ്പെടുത്തി. ഇതിനായി അന്നലക്ഷ്മി ഹാളിനോട് ചേര്‍ന്ന് താത്കാലിക പന്തല്‍ ഇട്ടു. ഹാളില്‍ 416 സീറ്റാണ് ഉണ്ടായിരുന്നത്. പന്തല്‍ ഇട്ടതോടെ 400 സീറ്റുകള്‍ കൂടി. കൂടുതല്‍ സീറ്റുള്ളതിനാല്‍ ദര്‍ശനം കഴിഞ്ഞ ഭക്തര്‍ക്ക് ക്യൂ നില്‍ക്കാതെ ഹാളില്‍ പ്രവേശിച്ച് പ്രസാദ ഊട്ട് കഴിക്കാം. രാവിലെ 7 മുതല്‍ 9 വരെ പ്രഭാത ഭക്ഷണവും, ഉച്ചയ്ക്ക് 10.30 മുതല്‍ 1.30 വരെ ഉച്ചഭക്ഷണവും, രാത്രി നേദ്യം കഴിഞ്ഞ് ഒരു മണിക്കൂര്‍ രാത്രി ഭക്ഷണവുമാണ് നല്‍കുന്നത്.