ചിലർ അങ്ങനെയാണ്, ഉറച്ച നിലപാടുകൾ കൊണ്ട് നമ്മളെ അമ്പരപ്പിച്ചുകളയും. ചിലപ്പോഴൊക്കെ യഥാർഥ ഹീറോയായി അവർ ജീവിതത്തിൽ മാറും. അത്തരത്തിൽ രാജ്യമെമ്പാടും ഒരെ മനസോടെ കയ്യടിക്കുകയാണ് ഇൗ റിയൽ ലേഡി സൂപ്പർ സ്റ്റാറിന്.
കഠ്‌വയിൽ ക്രൂരമായി കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി തേടി ഏതറ്റംവരെയും പോകുമെന്ന് പ്രഖ്യാപിച്ച ദീപിക സിങ് എന്ന അഭിഭാഷകയ്ക്ക് അഭിന്ദനപ്രവാഹമാണ് സമൂഹമാധ്യമങ്ങളിൽ. കഠ്‌വ പോരാളി എന്ന പേരും ചാർത്തി നൽകി ആ ധീരനിലപാടുകൾക്ക്.
പുരുഷ അഭിഭാഷകര്‍ക്ക് നടുവില്‍ ആത്മവിശ്വാസത്തോടെ ഉറച്ച മനസോടെ വെള്ളിത്തിരയിൽ സൂപ്പർ ഹീറോ അവതരിക്കുന്നതിന് സമാനമായ ചിത്രവും പങ്കുവച്ചാണ് സമൂഹമാധ്യമങ്ങളിലെ അഭിന്ദനപ്രവാഹം. അഭിഭാഷകര്‍ക്ക് നടുവിലൂടെ ചങ്കൂറ്റത്തോടെ നടന്നുവരുന്ന ദീപികയുടെ ചിത്രം ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ആക്കി പിന്തുണ നൽകുന്നവരും ഏറെയാണ്.
എട്ടുവയസുകാരിക്കായി നീതി തേടിയുള്ള ദീപികയുടെ പോരാട്ടം മുൻപും ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ ഭീഷണികളാണ് ഇൗ കേസ് ഏറ്റെടുക്കാൻ തീരുമാനിച്ച നാള്‍ മുതൽ ദീപിക നേരിടുന്നത്. എന്നാൽ അതുകേട്ട് ഭയക്കാതെ അവൾക്കായി പോരാടാനാണ് തന്റെ തീരുമാനമെന്നും ദീപിക പങ്കുവച്ചിരുന്നു.
അഭിഭാഷകരുടെ ഇടയിൽ നിന്നുപോലും വലിയ സമ്മർദമാണ് ഇവർക്കുണ്ടായത്. ഒരു രാജ്യം മുഴുവന്‍ ആ എട്ടുവയസുകാരിക്ക് വേണ്ടി അണിനിരക്കാനുള്ള കാരണവും ദീപികയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളായിരുന്നു.
ജമ്മുകശ്മീര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് തന്നെ ദീപികയ്ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഇൗ കേസില്‍ ഹാജരാകരുതെന്നും മുന്നോട്ട് പോയാൽ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് സലാതിയ ദീപികയെ ഭീഷണിപ്പെടുത്തിയിരുന്നു.
എന്നെ അവർ ഒറ്റപ്പെടുത്തിെയന്നും ഞാനും മാനഭംഗം ചെയ്യപ്പെട്ടേക്കാമെന്നും ദീപിക മാധ്യമങ്ങളോടും സമൂഹമാധ്യമങ്ങളിലും പറഞ്ഞിരുന്നു. പക്ഷേ എന്തുതന്നെ സംഭവിച്ചാലും ആ കുഞ്ഞിന് നീതി കിട്ടാനുള്ള പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന ദീപികയുടെ വാക്കുകളാണ് രാജ്യത്തിന് തന്നെ അവർ ഹീറോയാക്കി മാറ്റിയത്.