Breaking News
Home / Lifestyle / ഇവര്‍ക്ക് എന്ത് ശിക്ഷ കൊടുത്താലും മതിയാകില്ല; കത്വ വിവാദത്തില്‍ പൊട്ടിത്തെറിച്ച് വിജയ് സേതുപതി

ഇവര്‍ക്ക് എന്ത് ശിക്ഷ കൊടുത്താലും മതിയാകില്ല; കത്വ വിവാദത്തില്‍ പൊട്ടിത്തെറിച്ച് വിജയ് സേതുപതി

കശ്മീര്‍ കത്വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി വിജയ് സേതുപതി. കുട്ടിയുടെ മരണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വേദനയാണ്. പ്രതികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ദേഷ്യം തോന്നുന്നു. ഇവര്‍ക്ക് എന്ത് ശിക്ഷ കൊടുത്താലും മതിയാകില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. എങ്ങനെ പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്ന് എല്ലാവര്‍ക്കും പ്രത്യേക ക്ലാസ് നല്‍കണമെന്നും സിനിമാ സ്റ്റണ്ട് യൂണിയന്‍ ചടങ്ങിനിടെ വിജയ് സേതുപതി പറഞ്ഞു.

സോനം കപൂര്‍, ജാവേദ് അക്തര്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് തുടങ്ങിയ നിരവധി താരങ്ങളാണ് കത്വ കേസിലെ പ്രതികള്‍ക്കെതിരെ രംഗത്തെത്തിയത്. കത്വ കേസ് കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാവുന്നത്. ബക്കര്‍വാല്‍(ആട്ടിടയ) വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയും ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം ദൂരമല്ലാത്ത സ്ഥലത്ത് വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. ബ്രാഹ്മണര്‍ തിങ്ങി താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്നു മുസ്ലിം ബക്കര്‍വാല വിഭാഗത്തെ പേടിപ്പിച്ച് ഓടിക്കാന്‍ ക്ഷേത്രം നടത്തിപ്പുകാരനായ സാഞ്ജി റാമിന്റെ പദ്ധതിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോവലും ബലാത്സംഗം ചെയ്യലും. കൂട്ടിന് പ്രായപൂര്‍ത്തിയാവാത്ത തന്റെ മരുമകനേയും മകനേയും സാഞ്ജിറാം കൂടെ കൂട്ടി. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം അറസ്റ്റ് ചെയ്തതും സാഞ്ജിറാമിന്റെ മരുമകനെയായിരുന്നു. സാഞ്ജിറാമിന്റെ മരുമകന്‍ തന്നെയാണ് ആദ്യം കുട്ടിയെ ബലാത്സംഗം ചെയ്തത്.

മീററ്റിലുണ്ടായിരുന്ന മകന്‍ വിശാല്‍ ജംഗോത്രയെ താല്‍പര്യമുണ്ടെങ്കില്‍ ഉടന്‍ നാട്ടിലെത്തണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിച്ച് ബലാത്സംഗത്തില്‍ പങ്കാളിയാക്കുകയും ചെയ്തു. ഇതിനിടെ സംഭവം മണത്തറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പോലീസ് ഉദ്യോഗസ്ഥരെ പണം കൊടുത്ത് ഒതുക്കുകയായിരുന്നു. തുടര്‍ന്ന് സാഞ്ജിറാമിന്റെ നിര്‍ദേശ പ്രകാരമാണ് മകനും മരുമകനും ചേര്‍ന്ന് കുട്ടിയെ ക്ഷേത്രത്തിന് സമീപത്തെ കലുങ്കിനടിയില്‍ എത്തിച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

മരിക്കുന്നതിന് മുമ്പെ സാഞ്ജിറാമിന്റെ മകന്‍ വിശാല്‍ ജംഗോത്ര കുട്ടിയെ ഒരിക്കല്‍ കൂടെ ബലാത്സംഗം ചെയ്‌തെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. സഞ്ജിറാം, മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാവാത്ത മരുമകന്‍, ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, മറ്റ് രണ്ട് പോലീസുകാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളെ രക്ഷിക്കാന്‍ സ്ഥലത്തെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും ബക്കര്‍വാല വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

About Intensive Promo

Leave a Reply

Your email address will not be published.