ഉത്തർ പ്രദേശിലെ ഷാജഹൻ പീരിൽ ഭാര്യയെ വീട്ടിൽ കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഭാര്യവീട്ടുകാർക്ക് അയച്ചുകൊടുത്ത് യുവാവ്. സ്ത്രീധനമായി വാഗ്ദാനം ചെയ്ത ബാക്കിത്തുക ആവശ്യപ്പെട്ടായിരുന്നു ക്രൂരത. സ്ത്രീധനത്തുകയിലെ ബാക്കിയുള്ള 50,000 രൂപയും, പ്രസവ ശസ്ത്രക്രിയയ്ക്ക് ചെലവായ 60,000 രൂപയും നൽകണമെന്നതാണ് ഭര്‍ത്താവിന്‍റെ ആവശ്യം.
വീട്ടുകാരുടെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ അത് ചേദിക്കാൻ യുവതി വിസമ്മതിച്ചതിനെ തുടര്‍ർന്നാണ് ഇയാള്‍ അവരെ അതി ക്രൂരമായി പീഡിപ്പിച്ചത്. തന്‍റെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിൽ വച്ചായിരുന്നു അക്രമം. ബോധം നഷ്ടമാകുംവരെ മർദ്ദിച്ചു.
നിലത്ത് വീണ് കിടന്ന യുവതിയെ ദുപ്പട്ടകൊണ്ട് കൈകൾ കൂട്ടിക്കെടി ഉത്തരത്തിൽ കെട്ടിത്തൂക്കി. ബോധം വരുമ്പോൾ വീണ്ടും മർദ്ദനം. നാലുമണിക്കൂർ നേരം മർദ്ദം തുടർന്നെന്നാണ് യുവതി പറയുന്നത്. ഇതെല്ലാം മൊബൈലിൽ ചിത്രീകരിച്ച ഭർത്താവ്, ഭാര്യവീട്ടുകാർക്ക് അയച്ചുകൊടുത്തു. ഉടൻ പണം എത്തിച്ചില്ലെങ്കിൽ മർദ്ദനം തുടരും എന്നായിരുന്നു ഭീഷണി.
ദൃശ്യങ്ങളുമായു പരാതി ബോധിപ്പിച്ച വീട്ടുകാർ പൊലീസുമായി എത്തിയാണ് യുവതിയെ രക്ഷിച്ചത്. പൊലീസ് വരുന്നുണ്ടെന്നറിഞ്ഞ ഭർത്താവും വീട്ടുകാരും ഓടി രക്ഷപ്പെട്ടു. ഭർത്താവടക്കം നാലുപേർക്കെതിരെ സ്ത്രീധനനിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഷാജഹാൻപുർ പൊലീസ് അറിയിച്ചു.