കത്വ വിഷയത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തി വാഹനങ്ങള്‍ തടയുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തികച്ച് അസംബന്ധമാണെന്ന് വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ അസഭ്യവര്‍ഷം. ഇന്‍സ്റ്റഗ്രാമിലാണ് റസീന്‍ മന്‍സൂര്‍ എന്ന അക്കൗണ്ടില്‍ നിന്നും പാര്‍വതിയെ വളരെ മോശം ഭാഷയില്‍വിമര്‍ശിച്ച ആളെ തുറന്നു കാട്ടി പാര്‍വതിയും രംഗത്തെത്തി.
നിന്റെ മകളേയോ ബന്ധുക്കളേയോ ആ കുഞ്ഞിനെ ചെയ്തതുപോലെ ചെയ്താലും നീ ഇതുതന്നെ പറയുമോ, ഈ ഹര്‍ത്താല്‍ ബിജെപിയ്‌ക്കെതിരെയുള്ളതാണ്. സാധാരണക്കാര്‍ക്ക് പോലുമില്ലാത്ത പ്രശ്‌നം നിനക്കെന്താടീ, …തുടങ്ങി കൂടുതലും അശ്ലീല പദങ്ങളുപയോഗിച്ചായിരുന്നു ഇയാളുടെ കമന്റ്. പബ്ലിസ്റ്റിക്കുവേണ്ടിയാണ് പാര്‍വതി ഇങ്ങനെയൊക്കെ പറയുന്നതെന്ന് കമന്റിട്ടവരും ഉണ്ടായിരുന്നു.
ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ എടുത്തായിരുന്നു പാര്‍വതി മറുപടി നല്‍കിയത്. ഇയാളുടെ ആക്രോശം നിങ്ങളും കാണൂ..എന്തൊരു പദസമ്പത്ത്. ഞാന്‍ അങ്ങ് പേടിച്ചു പോയി. അതെ ഞാന്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്… നിങ്ങള്‍ സ്മാര്‍ട് ആണല്ലോ എന്നായിരുന്നു പരിഹാസ രൂപേണ പാര്‍വതി കുറിച്ചത്.
കത്വ പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ടെന്ന പേരില്‍ നടത്തിയ ഹര്‍ത്താലില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കെതിരെയാണ് പാര്‍വതി രംഗത്തെത്തിയത്. പ്രതിഷേധം എന്ന പേരില്‍ ജനങ്ങളെ ദ്രോഹിക്കരുതെന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം.