ഇന്നലെ ഒരു പെണ്ണിന്റെ കണ്ണുനീർ കണ്ടു.ഉറങ്ങാൻ കിടക്കുമ്പോൾ പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു വാക്കുകൊണ്ട് ഞാൻ കരയിച്ച ആ സിക്കിംകാരി പെൺകുട്ടിയെ ഓർമ വരുന്നു.
അവളൊരു വേശ്യയായിരുന്നു.അല്ല വേശ്യയാണ്.(അല്ലാതാവൻ സാധ്യത തീരെ കുറവ്).ഉത്തരേന്ത്യൻ സുന്ദരികളുടെ മുടിയഴകിനെ പ്രണയിച്ചിരുന്ന അവൾ തന്റെ മുടിയും സ്ട്രൈറ്റ് ചെയ്തു ചുവപ്പിച്ചിരുന്നു അവളുടെ ചുണ്ടുകൾ പോലെ തന്നെ.കല്ലു പതിപ്പിച്ച ആ വലിയ മൂക്കുത്തി അലങ്കാരത്തേക്കാൾ കൂടുതൽ അഭംഗി സൃഷ്ടിച്ചിരുന്നെങ്കിലും നിഷ്കളങ്കമായ അവളുടെ ചിരിയുടെ എല്ലാ കൃതൃമത്വങ്ങളും ഒരു കൊച്ചുകുട്ടിയുടെ കുസൃതിപോലെ തോന്നിപ്പിക്കിച്ചിരുന്നു.
അവളെ അവൾ മിയ എന്ന് വിളിക്കാനിഷ്ടപെട്ടിരുന്നത് കൊണ്ടും , പുരികകൊടികളെ മുകളിലേക്ക് ഉയർത്തി നെറ്റിചുളിച്ചു ചുണ്ടുകൾ ഒരു വശത്തേക്ക് കോട്ടി വെച്ചുകൊണ്ടവൾ സംസാരിക്കുമ്പോൾ യഥാർത്ഥ പേര് ചോദിയ്ക്കാൻ എനിക്ക് തോന്നിയതുമില്ല.
ഇരുപത്തിയഞ്ചുവയ്സ്സു് മാത്രം പ്രായമുള്ള അവൾക്ക് ഒരു സിറ്റിംഗിന് 1500 മുതൽ 2000 വരെ സമ്പാദിക്കുവാൻ കിട്ടുന്ന ആ സമയത്ത് ചില രാത്രികളിൽ എന്റെ ഓഫീസ് ക്വാർട്ടേഴ്സിലേക്ക് വരുമായിരുന്നു.മുൻപുണ്ടായിരുന്ന കിളവൻ ഉദ്യഗസ്ഥൻ അവളുടെ പറ്റുപടിക്കാരൻ ആയിരുന്നല്ലോ. എന്നെക്കാൾ കൂടുതൽ സർക്കാരിനെ സേവിച്ച അവളോട് ഇനി വരരുത് എന്ന് പറഞ്ഞുവിട്ടിട്ടില്ല.അല്ലെങ്കിലും ഞാനുണരാൻ കാത്തുനിൽക്കാതെ എനിക്കുള്ള ബെഡ്കോഫി തയ്യാറാക്കിയശേഷം മാഞ്ഞു പോകുന്നതിൽ അവൾക്കെന്തോ ഒരു വല്ലാത്ത കൗതകം തോന്നിയിരുന്നു.”ഒരു പ്രത്യേക ജന്മം”.
വെറുതെ എന്തെങ്കിലും സംസാരിച്ചിരിക്കാൻ അല്ലെങ്കിൽ അവൾ കണ്ട സിനിമയുടെ കഥ പറഞ്ഞുതരാൻ അതുമല്ലെങ്കിൽ കഴിഞ്ഞ ദിവസം പോയ ഹോട്ടലിലെ വിശേഷങ്ങൾ പങ്കുവെയ്ക്കുവാനായി ഇടവിട്ട ശനിയാഴ്ച്ച വൈകുന്നേരങ്ങളിൽ ഞാൻ വളർത്തുന്ന ഒരു പൂച്ചകുഞ്ഞിന്റെ അധികാരഭാവത്തിൽ അവൾ കയറിവന്നുകൊണ്ടേയിരുന്നു.
ചരിഞ്ഞു കിടന്നുറങ്ങുന്ന എന്നെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചവൾ കിടന്നുറങ്ങുമ്പോൾ ഉറക്കത്തിലെപ്പോഴും ഛോലാ ഛോലാ എന്ന് വിളിച്ചു.ഈ വലിയ ലോകത്തിൽ അവൾക് ഏറ്റവും സുരക്ഷിതമായ സ്ഥലം എന്റെ മുതുകായിരിക്കും എനിക്കപ്പോൾ തോന്നി.ഒരിക്കൽ ഞാൻ അവളോട് തമാശക്ക് ചോദിച്ചു. ഒരു രാത്രിക്ക് മിനിമം 1500 രൂപ കിട്ടുന്ന നിന്നെ ഞാനൊരിക്കൽ വിളിച്ചാൽ വല്ല ഡിസ്കൗണ്ടും തരുമോ?
ഒരു അസ്ത്രം തൊടുത്തത് പോലവൾ ചാടിയെഴുന്നേറ്റു .
ഛോലാ എന്നുമാത്രം പറഞ്ഞുകൊണ്ട് തുളുമ്പുന്ന കണ്ണുമായി അവൾ കോവേണിപ്പടികളിലൂടെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി,എന്നെന്നേക്കുമായി…….