23 വയസ്സ് മാത്രം പ്രായമുള്ള വിവാഹിതയായ ഒരു യുവതി ഗൈനക്കോളജിസ്റ്റിന്‍റെ അടുക്കല്‍ വന്നു. അവളുടെ കയ്യില്‍ ഒരു ആണ്‍കുഞ്ഞുമുണ്ട്. വളരെ പ്രയാസപ്പെട്ടുകൊണ്ട് അവള്‍ ഡോക്ടറോട്: ”ദയവുചെയ്ത് എന്നെ സഹായിക്കണം ഡോക്ടര്‍. എന്‍റെ മോന് ഒരു വയസ്സ് തികഞ്ഞിട്ടില്ല. ഞാന്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുന്നു. എന്‍റെ ഓഫിസ് ജോലിയോടൊപ്പം രണ്ട് ചെറിയ മക്കളെ കൂടി ഒന്നിച്ച് പരിപാലിക്കാന്‍ എനിക്ക് കഴിയില്ല.”
ഡോക്ടര്‍: “ഞാന്‍ എങ്ങിനെ സഹായിക്കണം എന്നാണ് പറയുന്നത്?”
യുവതി: “ഡോക്ടര്‍ ഒന്ന് മനസ്സുവെച്ചാല്‍ ഒരു അബോര്‍ഷന്‍ നടത്തി എന്‍റെ ഗര്‍ഭസ്ഥശിശുവിനെ ….”
വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ഡോക്ടര്‍ ഇടപെട്ടു. “ഹോ അബോര്‍ഷന്‍ അല്ലെ?” യുവതി തലയാട്ടി. ഡോകടര്‍ അല്‍പസമയം തലതാഴ്ത്തി മൗനമവലംബിച്ചു.
ശേഷം: “ശരി ഒരു അബോര്‍ഷന്‍ നടത്തുകയാണെങ്കില്‍ നിന്‍റെ ജീവന്‍ അപകടത്തിലാകും. അതുമാത്രമല്ല ഭാവിയില്‍ അത് വലിയ ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാക്കും. പക്ഷെ എന്‍റെ പക്കല്‍ നല്ലൊരു പരിഹാരമുണ്ട്. അത് നിന്‍റെ ജീവനോ ആരോഗ്യത്തിന്നോ ഒരു ഭീഷണിയും ഉണ്ടാക്കില്ല.”
ആകാംഷയോടെ യുവതി: “എന്താണത്?”
ഡോകടര്‍: “ഒരേ സമയത്ത് രണ്ട് കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രയാസമാണെങ്കില്‍ എറ്റവും നല്ല പരിഹാരം. ആദ്യത്തെ കുട്ടിയെ കൊന്നുകളയുക. അതാവുമ്പോള്‍ ഒരു അബോര്‍ഷന്‍റെ വേദനയോ ഭാവിയിലെ ആരോഗ്യ പ്രശ്നങ്ങളോ ഭയപ്പെടേണ്ടതില്ല.ഫലത്തില്‍ ഒരു കുട്ടി മാത്രമേ അവശേഷിക്കൂ”
ഡോക്ടറുടെ പരിഹാരം കേട്ട മാത്രയില്‍ യുവതി കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് ഡോക്ടറോട് ദേഷ്യത്തോടെ ചോദിച്ചു:
“എന്‍റെ ഈ മകനെയാണോ താങ്കളുദ്ദേശിക്കുന്നത്? സൂക്ഷിച്ച് സംസാരിക്കണം” മകന്‍റെ നെറുകയില്‍ ഉമ്മവെച്ച് യുവതി തുടര്‍ന്നു: “ഇല്ല! ഒരിക്കലുമില്ല. എന്‍റെ ഈ പൊന്നുമോനെയാണോ നിങ്ങള്‍ കൊല്ലാന്‍ പറയുന്നത്?” വിതുമ്പുന്ന ചുണ്ടുകളോടെ മകനെയും എടുത്ത് പോകാനൊരുങ്ങിയ യുവതിയെ ഡോക്ടര്‍ പിടിച്ചിരുത്തി.
എന്നിട്ട് ശാന്തയായി പറഞ്ഞു: “ഏറ്റവും ഉചിതമെന്ന് കരുതിയാണ് ഈ പരിഹാരം ഞാന്‍ നിര്‍ദേശിച്ചത്. കാരണം ലോകത്തെ വെളിച്ചം കാണാത്ത നിന്‍റെ ഗര്‍ഭസ്ഥശിശുവാണെങ്കിലും നീ മുലയൂട്ടുന്ന കുഞ്ഞാണെങ്കിലും കൊല്ലപ്പെടുന്നത് നിന്‍റെ കുഞ്ഞാണ്. ഒരുപക്ഷെ ഗര്‍ഭപാത്രത്തിലെ കുഞ്ഞ് ഒരു മിണ്ടാപ്രാണിയെന്ന നിലയില്‍ അതിനെ കൊല്ലുന്നതായിരിക്കും കൂടുതല്‍ കുറ്റകരം.”
യുവതി ഏറെ നേരം തല താഴ്ത്തിയിരുന്നു. ശേഷം വിതുമ്പി വിതുമ്പി കണ്ണുകളുയര്‍ത്തി പറഞ്ഞു: “ദൈവമേ സ്വാര്‍ത്ഥയായ എന്നോട് പൊറുക്കുക..” ഡോക്ടറുടെ റൂമില്‍ നിന്നിറങ്ങി യുവതി നേരെ കൌണ്ടറിലേക്ക് നടന്നു. എല്ലാ മാസവും ഡോക്ടറെ കാണാനുള്ള അപ്പോയിമെന്‍റ് വാങ്ങി വീട്ടിലേക്ക് യാത്രയായി