അടിവയർ അമർത്തിപ്പിടിച്ചുകൊണ്ട് മാളു മേശയിൽ തലവെച്ചു കിടക്കുന്നതുകണ്ടപ്പോൾ എന്റെ ഉള്ള് പിടഞ്ഞു….
ഞാനവളുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് ചുമലിൽ പതിയെ കൈ അമർത്തി…
“മാളു.. എന്താ നിനക്ക് പറ്റിയെ… സുഖല്ല്യേ??? ”
“വയറിനടിയിൽ വല്ലാതെ നോവുന്നു അമ്മേ ”
“അത് സാരല്യ… ഉച്ചക്ക് കഴിച്ച ആ പുഴുക്കത്ര ശെരിയായി കാണൂല്ല… ഞാൻ പോയി എന്തേലും മരുന്നുണ്ടാക്കിക്കൊണ്ട് വരം ”
അടുക്കളയിലെ തട്ടിൽ നിന്നും വെളുത്തുള്ളിയും ഇഞ്ചിയും പെറുക്കിയെടുത്ത് ഞാൻ അമ്മിക്കല്ലിനരികിലേക്ക് നടന്നു….
“അമ്മേ… എനിക്ക് വയ്യാ… ഞാനിപ്പോ ചാകുവേ .. ”
മാളുവിന്റെ പെട്ടെന്നുള്ള കരച്ചിൽ കേട്ടതും ഞാൻ ഞെട്ടിത്തരിച്ചു… കയ്യിലുണ്ടായിരുന്ന ഇഞ്ചിയും വെളുത്തുള്ളിയും അമ്മിക്കല്ലിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് ഓടി…
വേദന സഹിക്കാനാകാതെ അവൾ കൈകൾ രണ്ടും മേശയിലിട്ടടിക്കുന്നു….
കാലുകൾ രണ്ടും പരസ്പരം കൂട്ടിപ്പിടിച്ചുകൊണ്ട് ഞെരിപിരി കൊള്ളുന്നു…
ഞാനവളുടെ മുഖം പതിയെ ഉയർത്തി…
“എന്താ എന്റെ മോൾക്ക് പറ്റിയേ…. ഈ അമ്മയോട് പറ??? ”
അവൾ വിക്കി വിക്കി എന്തോ പറയാൻ ശ്രമിച്ചുകൊണ്ടിരുന്നു …
പക്ഷേ, വാക്കുകൾ പുറപ്പെടുവിക്കാനാകാതെ അവളുടെ അധരങ്ങൾ അശക്തയാകുന്നത്പോലെ എനിക്ക് തോന്നി….
ഞാൻ ഉടനെ തന്നെ മുറിയിലേക്ക് ഓടി, വസ്ത്രം മാറിയതിന് ശേഷം അവളെയും താങ്ങിപ്പിടിച്ചുകൊണ്ട് കാറിനരികിലേക്ക് നടന്നു….
തൊട്ടടുത്ത ആശുപത്രിയെ ലക്ഷ്യമാക്കി ഞാൻ വേഗത്തിൽ കാറോടിച്ചു….
അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച അവളെ പരിശോധിക്കാൻ ഡോക്ടർമാരും നഴ്‌സുമാരും പാഞ്ഞെത്തി…. തൊഴുകൈയ്യോടെ മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പുറത്ത് ക്ഷമയോടെ കാത്തുനിന്നു….
ഒരു മണിക്കൂറിനു ശേഷം അവർ വാതിൽ തുറന്നതും ഞാൻ ജിജ്ഞാസയോടെ ഡോക്ടറുടെ അടുത്തേക്ക് ഓടി….
“എന്താ ഡോക്ടർ എന്റെ കുട്ടിക്ക്???,, ”
“നിങ്ങളുടെ കൂടെ നിങ്ങളുടെ ഭർത്താവ് വന്നിട്ടില്ലേ??…”
“ഇല്ല സാർ…. അദ്ദേഹം മൂന്ന് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു… എനിക്കിവൾ മാത്രമേ ഒള്ളൂ… ”
“നിങ്ങൾ ടെൻഷൻ ആകരുത്… ക്ഷമയോടെ കേൾക്കുക…നല്ല തീരുമാനം എടുക്കുക… നിങ്ങളുടെ മകൾ റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്….സംഭവം കഴിഞ്ഞിട്ട് രണ്ട് ദിവസങ്ങളായി….ഞങ്ങൾ അവളോട് ആളെപ്പറ്റി കുറേ ചോദിച്ചു… പക്ഷേ അവളൊന്നും പറയാൻ തയ്യാറാകുന്നില്ല ”
ഡോക്ടർ പറഞ്ഞവസാനിപ്പിക്കുന്നതിന് മുൻപേ എന്റെ ശരീരം വിറക്കാൻ തുടങ്ങി, തലചുറ്റുന്നതുപോലെ….
ഞാൻ തൊട്ടടുത്ത കസേരയിലേക്ക് കൈകൾ എത്തിപ്പിടിക്കാൻ ശ്രമിച്ചു ,ഒരു ദീർഘനിശ്വാസത്തോടെ ഞാൻ അവിടെ ഇരുന്നു..
“നിങ്ങൾ പോലീസിൽ പരാതി പറയണം… ഇനി ഒരു പെൺകുട്ടിക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്… നിങ്ങളുടെ കൂടെ ഞങ്ങളുമുണ്ട്.. ”
നനഞ്ഞ മിഴികളോടെ എനിക്ക് കരുത്തുപകരാൻ നഴ്‌സുമാരും കൂടെ നിന്നു… പക്ഷേ, ഞാനവരോട് പറഞ്ഞു
“എന്നെ പിന്തുണയ്ക്കാൻ തയ്യാറാകുന്ന നിങ്ങളുടെയെല്ലാം നല്ല മനസിന് നന്ദി… പക്ഷേ,എന്റെ മകൾക്ക് നീതി നേടിക്കൊടുക്കുമെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയുമോ… കൂടിയാൽ നിങ്ങൾ കോടതി വരെ അവരെ എത്തിക്കും… അത് കഴിഞ്ഞാൽ???… ”
ഡോക്ടർ എന്റെ സമീപത്തേക്ക് അൽപ്പം കൂടി അടുത്തു… ചുറ്റുപാടും കണ്ണുകളോടിച്ചതിന് ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു
“നിങ്ങൾക്കവനെ ഈ അത്യാഹിതവിഭാഗം വരെ എത്തിക്കാൻ കഴിയുമോ…കോടതിയിൽ കയറുന്നതിന് മുൻപേ ഈ കേസിൽ ഞങ്ങൾ തീർപ്പുണ്ടാക്കി തരാം”
അയാളുടെ കണ്ണുകളിൽ നിന്നും ഞാൻ വായിച്ചെടുത്ത രോഷാഗ്നി എന്റെ ആത്മവിശ്വാസത്തെ ഉണർത്തി …
നിസ്സഹായായ ഒരു അമ്മയുടെ നിലവിളിക്കുത്തരം നൽകാൻ ദൈവം നിയോഗിച്ചവനാണ് അയാളെന്ന് എനിക്കപ്പോൾ തോന്നി…
രണ്ട് മാസങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ ആ ആശുപത്രിയിലേക്ക് വീണ്ടുമെത്തിയത്….
അയലത്തെ വീട്ടിലെ ഷാജിയേട്ടൻ ഒരു കൊച്ചുവർത്തമാനത്തിനായി എന്റെ ഉമ്മറത്ത് വന്നിരുന്നു… സംസാരിക്കുന്നതിനിടെ എന്റെ കയ്യിൽ നിന്നും ഒരു ഗ്ലാസ് കട്ടൻ ചായ വാങ്ങിക്കുടിച്ചതോർമ്മയുണ്ട്….
പിന്നെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു….
ഞാൻ അദ്ദേഹത്തെയും കൂട്ടി ആശുപത്രിയിലേക്ക് പാഞ്ഞു…
എന്റെ മകൾ കിടന്ന കട്ടിലിൽ തന്നെ അയാളെയും കിടത്തി…
അതെ ഡോക്ടർമാർ… അതെ നഴ്‌സുമാർ…
അരമണിക്കൂറിന് ശേഷം അവർ മുഖം കുനിച്ചുകൊണ്ട് പുറത്തേക്ക് വന്നു….
പ്രതീക്ഷയോടെ അവരെ നോക്കിനിന്നിരുന്ന കുടുംബാംഗങ്ങളോട് അവർ പറഞ്ഞു
“ഹൃദയാഘാതമായിരുന്നു… വരുന്നതിന് മുൻപേ…. ”
കൂട്ടക്കരച്ചിലുകൾക്കൊണ്ട് ശബ്ദമുഖരിതമായിരുന്ന ആശുപത്രി വാർഡിൽ ഞാൻ മാത്രം നിറഞ്ഞ മനസ്സോടെ ഇരുന്നു… പെട്ടെന്നാണ് എന്റെ മൊബൈലിലേക്ക് ആ മെസ്സേജ് വന്നത്…
“നിങ്ങളുടെ മകൾക്ക് ഞാൻ വാഗ്ദാനം നൽകിയ ആ നീതി കിട്ടിയിരിക്കുന്നു… ഞാൻ അയാളെ കൊന്നിട്ടില്ല… പകരം ചികില്സിക്കയായിരുന്നു… ഈ സമൂഹത്തെ… അല്ല അയാളെത്തന്നെ ”
സമീർ ചെങ്ങമ്പള്ളി