Breaking News
Home / Lifestyle / അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി നിബിയ യാത്രയായി ഭര്‍ത്താവും മകളും മരിച്ച ദുഃഖത്തില്‍ പിടയുമ്പോഴും മകളുടെ അവയവങ്ങള്‍ ദാനം നല്‍കി ഈ മാതാവ്

അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി നിബിയ യാത്രയായി ഭര്‍ത്താവും മകളും മരിച്ച ദുഃഖത്തില്‍ പിടയുമ്പോഴും മകളുടെ അവയവങ്ങള്‍ ദാനം നല്‍കി ഈ മാതാവ്

വിവാഹ ഒരുക്കങ്ങളില്‍ തിരക്കുപിടിച്ചു നടക്കുകയായിരുന്ന മകള്‍ നിബിയയെ മരണം തേടിയെത്തിയപ്പോഴും മനസാന്നിധ്യം വിടാതെ അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ സന്മനസ് കാണിച്ച് നിര്‍മ്മലയെന്ന ഈ മാതാവ്. വിവാഹസ്വപ്‌നങ്ങളില്‍ മുഴുകിയിരിക്കെയാണ് ഇടുക്കി കട്ടപ്പന വണ്ടന്‍മേട് കരിമ്പനക്കല്‍ പരേതനായ ജോസഫ് ചാക്കോയുടേയും നിര്‍മ്മലയുടേയും മകള്‍ 25കാരിയായ നിബിയ മേരി ജോസഫിനെ വാഹനാപകടത്തിന്റെ രൂപത്തില്‍ വിധി തിരിച്ചുവിളിച്ചത്.

തിങ്കളാഴ്ച പെരുമ്പാവൂരിലുണ്ടായ വാഹനാപകടത്തിലാണ് നിബിയ മേരി ജോസഫിനും സഹോദരന്‍ നിഥിനും അച്ഛന്‍ ജോസഫ് ചാക്കോയ്ക്കും പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോസഫ് തിങ്കളാഴ്ച തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. പിന്നാലെ വ്യാഴാഴ്ച രാത്രിയോടെ നിബിയയ്ക്ക് മസ്തിഷ്‌കമരണം സംഭവിച്ചു. ഇതോടെ, വെള്ളിയാഴ്ച രാവിലെ നിബിയയുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. അപകടത്തില്‍പ്പെട്ട് സഹോദരന്‍ നിഥിന്‍ ജോസഫ് ചികിത്സയിലാണ്.

നിബിയയുടെ ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന ചങ്ങനാശ്ശേരി, നാലുകോടി സ്വദേശി സഞ്ജീവ് ഗോപി (30) യുടെ ശരീരത്തിലാണ് ഇനി തുടിക്കുക. ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിലെ തന്നെ മറ്റൊരു രോഗിക്ക് ദാനം ചെയ്തു. ഒരു വൃക്കയും പാന്‍ക്രിയാസും അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്കും കരള്‍ ആസ്റ്റര്‍ മെഡ് സിറ്റിയിലെ രോഗിക്കുമാണ് ദാനം ചെയ്തത്.

നിബിയയുടെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോ. മാത്യു ജേക്കബ്, ഡോ. ഷിജോയ്, ഡോ. റോമല്‍ എന്നിവരും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ ഡോ. ജയകുമാറും നേതൃത്വം നല്‍കി. നിബിയയുടെ ശവസംസ്‌കാരം ശനിയാഴ്ച വൈകീട്ട് 4.30-ന് പഴയകൊച്ചറ സെന്റ് ജോസഫ് പള്ളിയില്‍ നടക്കും.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നഴ്സായിരുന്ന നിബിയ വിവാഹസാമഗ്രികള്‍ വാങ്ങാനായി എറണാകുളത്തേക്കുള്ള യാത്രയിലാണ് അപകടത്തില്‍പ്പെട്ടത്. ഓഗസ്റ്റിലാണ് നിബിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച കോതമംഗലത്തെ ആന്റിയുടെ വീട്ടിലെത്തി തിങ്കളാഴ്ച രാവിലെയാണ് എറണാകുളത്തേക്ക് യാത്രതിരിച്ചത്.

നിബിയയുടെ ഹൃദയം ലഭിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ചാം തവണയും ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഹൃദ്രോഗവിഭാഗം മേധാവിയുമായ ഡോ. ടികെ ജയകുമാറാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയ മൂന്നുമണിക്കൂര്‍ നീണ്ടു.

About Intensive Promo

Leave a Reply

Your email address will not be published.