കൊല്ലം: 175 രൂപ മാസവരി അടച്ചില്ലെന്ന കാരണത്താല്‍ കൊല്ലം കളികൊല്ലൂരിലെ തട്ടമല മുസ്ലീം പള്ളിയില്‍ വൃദ്ധയുടെ ശവസംസ്‌കാരം തടഞ്ഞു. ഖദീജ ബീവിയെന്ന് 95കാരിയുടെ മൃതദേഹമാണ് തടഞ്ഞ് വെച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിനായിരുന്നു സംഭവം. ഖദീജ ബീവിയുടെ പെണ്‍ക്കളാണ് ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
175 രൂപ മാസവരി അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പള്ളിയിലെ അധികൃതര്‍ തങ്ങളുടെ മാതാവിന്റെ കബറിടക്ക് തടഞ്ഞതെന്ന് മക്കള്‍ പറഞ്ഞു. ഇതിനെതിരെ വനിതാ കമ്മീഷനെ സമീപിക്കാനാണ് മക്കളുടെ തീരുമാനം. ഖദീജയെ ഉപേക്ഷിക്കുകയും, അറുപതാം വയസില്‍ മരിക്കുകയും ചെയ്ത ചെയ്ത ഭര്‍ത്താവിന്റെ കബറില്‍ തന്നെ മൃതദേഹം അടക്കം ചെയ്താല്‍ മതിയെന്നാണ് പള്ളി അധികൃതര്‍ വീട്ടുകാരോട് പറഞ്ഞത്.
ആറ് വര്‍ഷം കിടപ്പിലായിരുന്നു ഖദീജ ബീവി. അവര്‍ക്ക് മാന്യമായ ശവസംസ്‌കാരം പോലും അനുവദിക്കാതെ പള്ളി ഭാരവാഹികള്‍ അപമാനിച്ചതായാണ് ഖദീജ ബീവിയുടെ മക്കളുടെ ആക്ഷേപം. പിതാവ് വളതെ ചെറുപ്പത്തിലെ തന്നെ തങ്ങളെ ഉപേക്ഷിച്ച് പോയതാണെന്നും പിതാവിന്റെ മുഖം പോലും ഓര്‍ക്കുന്നില്ലെന്നും ഖദീജ ബീവിയുടെ മൂത്ത മകള്‍ 63കാരിയായ മുത്തും ബീവി പറഞ്ഞു. പിന്നെ എങ്ങനെ പിതാവിന്റെ ഖബറിടത്തില്‍ അമ്മയേയും സംസ്‌കരിക്കണമെന്ന നിര്‍ബന്ധം അംഗീകരിക്കാനാകുമെന്നും മുത്തും ബീവി ചോദിച്ചു.
അമ്മ മരണം വരെ തട്ടമല പള്ളിയിലെ അംഗമായിരുന്നു. മാസവരി നല്‍കുന്നതില്‍ അമ്മ വീഴ്ച വരുത്തിയിട്ടില്ല. വിവാഹം കഴിഞ്ഞു പോയെങ്കിലും തങ്ങള്‍ മക്കളുടെ മാസവരി കൂടി നല്‍കിയിരുന്നത് അമ്മയാണെന്നും മുത്തും ബീവി പറഞ്ഞു. എന്നാല്‍ ഫെബ്രുവരി 11ന് അമ്മയുടെ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുചെന്നപ്പോള്‍ പണം അടച്ചിട്ടില്ലെന്ന് പറഞ്ഞ് കമ്മറ്റി അംഗങ്ങള്‍ സംസ്‌കാരം തടയുകയായിരുന്നു. പണം അടച്ചതിന്റെ ബില്ല് കാണിച്ചുവെങ്കിലും മുന്‍ കമ്മറ്റി നല്‍കിയ ബില്‍ യഥാര്‍ത്ഥമാണോയെന്ന് സംശയമുണ്ടെന്നായിരുന്നു പുതിയ കമ്മറ്റി ഭാരവാഹികളുടെ നിലപാട്.
കമ്മറ്റി അംഗങ്ങളുടെ നിലപാടിനെതിരെയാണ് ഖദീജ ബീവിയുടെ മക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. പരാതി സ്വീകരിച്ച കമ്മീഷന്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ എ. ശ്രീനിവാസിനോട് വിശദീകരണം തേടി. സംഭവം അന്വേഷിച്ച് പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിന് പുറമെ വഖഫ് ബോര്‍ഡിനോടും ആര്‍.ഡി.ഒയോടും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.