#അമ്മ_മനസ്സ്
കല്യാണപ്പെണ്ണിന്റെ കൈയും പിടിച്ച് സ്വന്തം വീട്ടിലേക്ക് കയറാതെ റഫ്സല്‍ നേരെ
ഓടിയത് അടുത്ത വീട്ടിലെ രമണിയേച്ചിയുടെ അടുത്തേക്കായിരുന്നു..
മുറ്റത്തുനിന്ന് തന്നെ അവൻ നീട്ടി വിളിക്കുന്നുണ്ടായിരുന്നു. അമ്മേ…..
റഹീമയുടെ കൈയുംപിടിച്ച് വീടിന്റെ അകത്തേക്ക് കയറുമ്പോൾ റഫ്സലിന് വല്ലാത്തൊരു ആവേശമായിരുന്നു..
അമ്മേ.. ദേ നിൽക്കുന്നു നിങ്ങളുടെ മരുമകള്‍..
അവളെയും കൂട്ടി രമണിയേച്ചിയുടെ കട്ടിലിൽ ചെന്നിരിക്കുമ്പോൾ റഫ്സലിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു..
ശരീരം തളർന്നു കിടക്കുന്ന രമണിയേച്ചിയുടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരും എന്തോ പറയാൻ ശ്രമിക്കുന്ന ചുണ്ടുകളും പറയാതെ പറയുന്നുണ്ടായിരുന്നു എന്റെ മകന്
നല്ലതേ വരൂ.. ദൈവം അനുഗ്രഹിക്കട്ടെ എന്ന്….
കുഴമ്പിന്റെയും തൈലത്തിന്റെയും ഗന്ധം തളംകെട്ടിനിൽക്കുന്ന മുറിയും
ഓടിവന്ന് ഇക്കാ എന്നുപറഞ്ഞ് തന്റെ ഭർത്താവിനെ കെട്ടിപ്പിടിക്കുകയും തന്നെ ആദരവോടെ നോക്കിക്കാണുകയും ചെയ്യുന്ന പതിനഞ്ചുകാരിയെയും
രമണി ചേച്ചിയുടെ കവിളിലും കൈകളിലും
തലോടിക്കൊണ്ട് കണ്ണുനീര്‍ ഒലിപ്പിക്കുന്ന റഫ്സലിനെയും സശ്രദ്ധം വീക്ഷിക്കുകയായിരുന്നു ഈ സമയം റഹീമ..
യാത്ര പറഞ്ഞിറങ്ങുമ്പോൾ രമണിയേച്ചിയുടെ കവിളിൽ റഫ്സല്‍ കൊടുത്ത മുത്തവും ആ സമയം രമണി ചേച്ചിയുടെ കണ്ണുകളിൽ കണ്ട തിളക്കവും വിളിച്ചറിയിക്കുന്നുണ്ടായിരുന്നു അവർ തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ആഴം..
* * * * * * * * * *
മണിയറയിൽ എന്ത് സംസാരിച്ചു തുടങ്ങണം എന്നറിയാതെ പരസ്പരം മുഖത്തോട് മുഖം നോക്കിക്കൊണ്ടിരുന്ന അവരുടെ ഇടയിൽ ആദ്യം മൗനത്തിന് വിരാമമിട്ടത് റഹീമയാണ്..
ഇക്കാ…ആരാണാ അമ്മ..?
റഫ്സല്‍ ഒന്ന് ഇളകിയിരുന്നു..
മുഖത്ത് വല്ലാത്തൊരു തിളക്കം..
ആയിരം പൂർണ്ണചന്ദ്രന്മാർ ഉദിച്ചുയർന്നത് പോലെ..
അത് എന്റെ അമ്മയാണ്..
എന്റെ സ്വന്തം അമ്മ..
എനിക്ക് ഈ ലോകത്ത് ഏറ്റവും കൂടുതല്‍
കടപ്പാടുള്ള ഒരാൾ..
എന്റെ പെറ്റുമ്മയെ ഞാൻ കണ്ടിട്ടില്ല..
എന്റെ ജനനത്തോടെ മരിച്ചതാണ് എന്റെ ഉമ്മ..
ഉമ്മയെ കൊന്ന് പുറത്തേക്ക് വന്നവനെന്ന് കുടുംബക്കാർ മുഴുവനും ഒരേസ്വരത്തിൽ പറഞ്ഞപ്പോഴും എന്നെ ചേർത്തുപിടിച്ച്
എനിക്ക് മുലപ്പാൽ തന്ന് എന്റെ വിശപ്പടക്കിയത് അയല്‍ വീട്ടിലുള്ള ആ അമ്മയായിരുന്നു..
എനിക്ക് 15 ദിവസം മുമ്പ് ജനിച്ച ഒരു
മകനുണ്ട് അമ്മക്ക്.. അവനും എന്റെ കൂടെ ദുബായിലാണ്..
അമ്മയുടെ ആ മകനും എനിക്കും മുലപ്പാലും സ്നേഹവും വേര്‍തിരിവില്ലാതെ വീതിച്ച് തന്ന് പ്രസവിക്കാതെ എന്റെ അമ്മയായ പുണ്യവതിയാണവര്‍..
ഉമ്മയുടെ മരണശേഷം ഉപ്പ കൊണ്ടുവന്ന
പുതിയ ഉമ്മ അതായത് എന്റെ ഇളയുമ്മ അവരുടെ മക്കൾക്ക് ഭക്ഷണം വാരികൊടുക്കുന്നത് കൊതിയോടെ ഞാൻ നോക്കിനിൽക്കുമ്പോൾ എന്നെ മടിയിൽ പിടിച്ചിരുത്തി എനിക്കും ഭക്ഷണം വരിത്തന്ന് എന്റെ വിശപ്പടക്കി തന്നത് ആ അമ്മയായിരുന്നു..
എല്ലാവരും ഉണ്ടായിട്ടും അനാഥനായ എനിക്ക് രമേശ് എന്ന ഒരു കൂടപ്പിറപ്പിനെയും
പത്ത് വർഷങ്ങൾക്കുശേഷം സന്ധ്യ എന്ന ഒരു പെങ്ങളെയും തന്ന് അമ്മയെന്നെ സനാഥൻ ആക്കുകയായിരുന്നു…
എന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും എന്റെ ശരീരത്തിലെ ഓരോ കോശത്തിലും അവരോടുള്ള കടപ്പാടുണ്ട്…
ഇന്ന് നീ ഈ കാണുന്ന ഞാൻ ഞാനായതും
ഈ കാണുന്നതെല്ലാം ഉണ്ടായതും ആ അമ്മയുടെ മഹാമനസ്കതയും പ്രാർത്ഥനയും കൊണ്ട് മാത്രമാണ്.
ദുബായിൽ പോകാന്‍ വിസക്ക് പണമില്ലാതെ കരഞ്ഞുകൊണ്ടിരുന്ന എന്നെ ആ അമ്മ സമാധാനിപ്പിച്ചത് കഴുത്തിൽ കിടന്ന 4 പവൻ സ്വർണ്ണമാല ഊരി എന്റെ കൈയിൽ വെച്ചുതന്നു കൊണ്ടായിരുന്നു..
ഇപ്പോൾ നമ്മുടെ ഈ വീട്ടിൽ ബഹളം ഉണ്ടാക്കി ഓടിനടക്കുന്ന എന്റെ ഈ കുടുംബക്കാർ എല്ലാം എന്റെ പണം കണ്ട് മാത്രം അടുത്ത് കൂടിയവരാണ്..
പക്ഷേ ആ അമ്മയും മക്കളും എന്റെ രക്തമാണ്. അവർ കഴിഞ്ഞിട്ടേ എനിക്ക് മറ്റെന്തുമുള്ളൂ..
എന്റെ പെണ്ണിനെ എന്റെ അമ്മ കൈ പിടിച്ച് വീട്ടിലേക്ക് ആനയിക്കണമെന്ന് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു..
പക്ഷേ വിധി തളര്‍വാതത്തിന്റെ രൂപത്തില്‍ എന്റെ സ്വപ്നം തല്ലിത്തകര്‍ത്തു കളഞ്ഞു…
ചികിത്സിക്കാന്‍ ഇനിയൊന്നും ബാക്കിയില്ല..
ഒന്ന് സംസാരിക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് എന്റെ എപ്പോഴുമുള്ള പ്രാര്‍ത്ഥന..
റഫ്സലിന്റെ കണ്ഠമിടറി….
കണ്ണീരൊലിപ്പിക്കുന്ന തന്റെ ഭര്‍ത്താവിനെ ആശ്വസിപ്പിക്കാന്‍ റഫ്സലിന്റെ കൈയില്‍ പിടിക്കുമ്പോള്‍ സ്നേഹനിധിയായ ഒരു ഭർത്താവിനെ തന്നതിനും അമ്മേന്ന് വിളിക്കാൻ ഒരു അമ്മയെ തന്നതിനും മനസ്സിൽ പടച്ചവനോട് നന്ദി പറയുകയായിരുന്നു റഹീമ…
Shihab Kzm