12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; ബില്‍ പാസാക്കി മധ്യപ്രദേശ്..
പന്ത്രണ്ടുവയസിനു താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നടപ്പിലാക്കണമെന്ന ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പാസാക്കി. ഈ ബില്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ നിയമസഭയിൽ കഴിഞ്ഞ ആഴ്ച ചർച്ചയ്ക്കെടുത്തിരുന്നു.
നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ ബിൽ പാസാക്കുകയും ചെയ്തു. അതുകൂടാതെ, പീഡനശ്രമം, സ്ത്രീകളെ അപമാനിക്കൽ, തുറിച്ചുനോട്ടം തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് നൽകുന്ന ശിക്ഷ കടുപ്പമുള്ളതാക്കാനും ബില്ലിൽ നിർദേശമുണ്ട്. ഇത്തരം കേസുകളിൽ ശിക്ഷക്കു പുറമെ ഒരു ലക്ഷം രൂപ പിഴയായി നൽകണമെന്നും ബില്ലിൽ പറയുന്നു.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി പരിഗണിക്കാന്‍ ഈ ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ 2015ൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മധ്യപ്രദേശിലാണ്. സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ ദിനംപ്രതി പെരുകികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന് പുതിയ നിയമം രൂപീകരിക്കാൻ സർക്കാർ രംഗത്തെത്തിയത്.