ജമ്മു കശ്മീരിലെ കത്വ വില്ലേജില്‍ കൂട്ടബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് നവമാധ്യമങ്ങളിൽ പ്രതികരിച്ചയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൊടക് മഹീന്ദ്ര ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന വിഷ്ണു നന്ദകുമാറാണ് കാശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടത്.
വിഷ്ണു നന്ദകുമാറിനെ ബാങ്കിൽ നിന്ന് പുറത്താക്കിയതായി ബാങ്ക് അധികൃതർ അറിയിച്ചത്. വിഷ്ണുവിന്റെ കമന്റിനെ അപലപിക്കുന്നതായും അധികൃതർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കമന്റ് ഇട്ട അന്നുതന്നെ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു. സോഷ്യൽ മീഡിയയിൽ ബാങ്കിനു നേരേയും ഇന്ന് സൈബർ പ്രതിഷേധം നടന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.
പെണ്‍കുട്ടിയെ കൊന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യക്കെതിരെ നാളെ ബോംബെറിയുമായിരുന്നു എന്നുമായിരുന്നു വിഷ്ണു പോസ്റ്റില്‍ കുറിച്ചത്. കൊടാക് മഹീന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റിട്ടും പേജ് അണ്‍ലൈക്ക് ചെയ്തും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം തുടര്‍ന്നതോടെയാണ് ഇയാളെ പുറത്താക്കിയത്.
കഴിഞ്ഞ ജനുവരി 10 ന് ആണ് കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ മയക്കുമരുന്ന് നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനകത്ത് വച്ച് ഒരാഴ്ചയോളം എട്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.