Breaking News
Home / Lifestyle / അന്നെടുത്ത തീരുമാനം ഇന്ന് അഞ്ചു ഡോക്ടര്‍മാരുടെ അമ്മയാക്കി..!!

അന്നെടുത്ത തീരുമാനം ഇന്ന് അഞ്ചു ഡോക്ടര്‍മാരുടെ അമ്മയാക്കി..!!

വർഷങ്ങൾക്ക് മുൻപ് ഭർത്താവിന്റെ വിയോഗത്തോടെ ഹരിപ്പാട് ‘നിഷാര’യിൽ ജാസ്മിൻ ഒരുകാര്യം മനസ്സിൽ കുറിച്ചു. തങ്ങളുടെ അഞ്ചുമക്കളിൽ ഒരാളെയെങ്കിലും പഠിപ്പിച്ച് ഡോക്ടറാക്കണം. ലക്ഷങ്ങളുടെ കടബാധ്യത, ജപ്തി നോട്ടീസ്, അന്നത്തിനുപോലും വക കണ്ടെത്താനുള്ള കഷ്ടപ്പാട്. ഇതിനൊക്കെയിടയ്ക്ക് ഈ സ്വപ്നം ജാസ്മിന് അകലെയായിരുന്നു. പക്ഷേ, വിധി മറ്റൊന്നായിരുന്നു തീരുമാനിച്ചിരുന്നത്.

തന്റെ നാലാമത്തെ മകൻ സുൽഫിക്കർ ഈ വർഷം എം.ബി.ബി. എസിന് ചേർന്നതോടെ അഞ്ച് ഡോക്ടർമാരുടെ അമ്മയാകാനുള്ള ഭാഗ്യമാണ് ജാസ്മിന്‌ ലഭിച്ചത്. ഹൃദ്രോഗമായിരുന്നു ഭർത്താവ് ലിയാഖത്തിന്. നെഞ്ചുവേദനയുണ്ടായപ്പോൾത്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദ്രോഗവിദഗ്ധനില്ലാത്തതിനാൽ ചികിത്സ കിട്ടാൻ വൈകി.

ഐസ്‌ ഫാക്ടറിക്കായി വായ്പയെടുത്ത 12 ലക്ഷം രൂപ 15 ലക്ഷം രൂപയുടെ ബാധ്യതയായി നിൽക്കുമ്പോഴായിരുന്നു ഭർത്താവിന്റെ മരണം. വീടിന് മുന്നിൽ ജപ്തി നോട്ടീസ് പതിഞ്ഞു. മൂത്തമകൾ സിയാന അന്ന് ഒൻപതാം ക്ലാസിൽ. രണ്ടാമത്തെ മകൾ ജസ്‌ന രണ്ടിലും. അതിന് താഴെയുള്ളവൾ ഷെസ്‌ന ഒന്നിലും. ഇളയ ആൺമക്കൾക്ക് രണ്ടും ഒന്നും വയസ്സ്.


സ്വന്തമായി ജോലിയോ വരുമാനമോ ഇല്ല. ഭർത്താവുള്ളപ്പോൾ പെൺമക്കളെ പഠിപ്പിച്ചിരുന്നത് കോൺവെന്റ് സ്കൂളുകളിലായിരുന്നു. ഫീസ് മുടങ്ങിയപ്പോൾ കുട്ടികളെ സ്കൂളിൽനിന്ന്‌ പുറത്താക്കി. സിയാനയെ പ്ലസ്‌വണ്ണിന് ഹരിപ്പാട് ഗവ. ബോയ്സ് സ്കൂളിൽ ചേർത്തു. മറ്റ് നാലുമക്കളെയും തൃശ്ശൂർ പെരുമ്പിലാവിലെ അനാഥാലയത്തിലാക്കി. 2002-ലെ സംസ്ഥാന മെഡിക്കൽ പ്രവേശനപരീക്ഷയിൽ 161-ാം റാങ്കോടെ സിയാന കോട്ടയം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്നു. ഫീസും പുസ്തകവും എല്ലാം പലവഴികളിൽനിന്ന് സഹായമായി കിട്ടി.

അനസ്തേഷ്യയിൽ പി.ജി. കഴിഞ്ഞ സിയാന ചെന്നൈ അപ്പോളോ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ മെഡിസിനിൽ ഡി.എം. ചെയ്യുകയാണ്‌ ഇപ്പോൾ. രണ്ടാമത്തെ മകൾ ജസ്‌ന കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. നാലാം മൂന്നാമത്തെ മകൾ ഷെസ്‌ന ഡൽഹി ധ്യാൻപുർ മെഡിക്കൽ കോളേജിൽ ബി.ഡി.എസ്. കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്നു. മകൻ സുൽഫിക്കർ കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ എം.ബി.ബി. എസ്. ഒന്നാംവർഷം. ഏറ്റവും ഇളയ ആൾ അക്ബർ അലി. മംഗലാപുരം ശ്രീനിവാസ മെഡിക്കൽ കോളേജിൽ ബി.ഡി.എസ്. രണ്ടാംവർഷം.പ്ലസ്‌വണിന് പഠിക്കുമ്പോൾ ഉണ്ടായ ഒരപകടമാണ് സുൽഫിക്കറിനെ പിന്നിലാക്കിയത്.

ആഹാരത്തിന് ആരുടെ മുന്നിലും ജാസ്മിൻ കൈനീട്ടിയിട്ടില്ല. മക്കളെ പഠിപ്പിക്കാൻ ആയിരംപേർക്ക് മുന്നിലെങ്കിലും കൈനീട്ടി. ചിലർ തന്നു. ചിലർ ആക്ഷേപിച്ച് വിട്ടു. പണവും ആഭരണവും കടംതന്ന് സഹായിച്ചവരുണ്ട്. ഇപ്പോഴും സഹായിക്കുന്നു. പഴയ വായ്പയും പലിശയും പെൺകുട്ടികളുടെ വിദ്യാഭ്യാസവായ്പയും മറ്റ് കടങ്ങളുമെല്ലാം ചേർക്കുമ്പോൾ മുക്കാൽ കോടി വരും. ഇളയ ആൺകുട്ടികൾക്ക് വിദ്യാഭ്യാസവായ്പ കിട്ടിയിട്ടില്ല. വീട് ജപ്തിയായതിനാൽ വായ്പ നൽകാൻ ബാങ്കുകൾക്ക് മടിയാണെന്നും അവർ പറയുന്നു. എങ്കിലും പ്രതീക്ഷകൾ കൈവിടാതെ ആഗ്രഹം നിറവേറ്റിയ സന്തോഷത്തിൽ ആ അമ്മയും മക്കളും.

About Intensive Promo

Leave a Reply

Your email address will not be published.