ന്യുഡല്‍ഹി: ജമ്മുകശ്മീരില്‍ ബലാത്സംഗത്തിനിരയായ ശേഷം അതിക്രൂരമായി കൊല്ലപ്പെട്ട ആസിഫയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകരുതിന് അഭിഭാഷകയ്ക്ക് വിലക്കും, ഭീഷണിയും. ദീപിക എസ് രജവത്ത് എന്ന് അഭിഭാഷകയോടാണ് പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകരുതെന്ന് ജമ്മു കശ്മീര്‍ ബാര്‍ ആസോസിയേഷന് ആവശ്യപ്പെട്ടു. ഇവരില്‍ നിന്നും ഭീഷണിയും ഉയര്‍ന്നുവെന്ന് ദീപിക എസ് രജാവത്ത് പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവിന് വേണ്ടി ജമ്മു കോടതിയില്‍ ഹാജരാകാനിരിക്കെയാണ് അഭിഭാഷകയ്ക്ക് നേരെ വിലക്കും ഭീഷണിയും ഉയര്‍ന്നിരിക്കുന്നത്. കശ്മീര്‍ ഹൈക്കോടതിയില്‍ വച്ച് ബാര്‍ അസോസിയേഷന് പ്രസിഡന്റ് ബി.എസ് സലാത്തിയ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ദീപിക വെളിപ്പെടുത്തി. എനിക്ക് ഭീഷണിയുണ്ട്, എനിക്ക് സംരക്ഷണം തന്നാല്‍ ഞാന്‍ തന്നെ കേസ് വാദിക്കും-ദീപിക പറഞ്ഞു
ഇക്കഴിഞ്ഞ ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്ത് നിന്ന് കാണാതായ ആസിഫയെ എട്ട് ദിവസത്തിന് ശേഷം വനപ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥനും പോലീസ് ഉദ്യോഗസ്ഥനും അടങ്ങുന്ന സംഘമാണ് ആസിഫയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നത്. സംഭവത്തില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
ബ്രാഹ്മണര്‍ക്ക് ആധിപത്യമുള്ള പ്രദേശത്താണ് പെണ്‍കുട്ടിയുടെ കുടുംബം ഉള്‍പ്പെടുന്ന മുസ്ലീം നാടോടി കുടുംബങ്ങള്‍ താമസിച്ചിരുന്നത്. ഇവരെ ഇവിടെ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിന് വേണ്ടിയാണ് ആസിഫയെ പീഡിപ്പിച്ച് കൊന്നത്. അതിനിടെ ആസിഫയെ കൊന്ന പ്രതികളെ വിട്ടയക്കണമെന്ന് ബി.ജെ.പി മന്ത്രി ആവശ്യപ്പെട്ടിരുന്നു. പ്രതികളെ അനുകൂലിച്ച് ഹിന്ദുത്വ സംഘടനകള്‍ പ്രകടനം നടത്തുകയും ചെയ്തു