സ്വതസിദ്ധമായ അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായ കലാഭവൻ മണി ഓർമ്മയായിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുകയാണ്. മലയാളിയെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ മണിമുഴക്കം നിലച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു.
സിനിമാ രംഗത്തെ സകലകലാവല്ലഭനായിരുന്നു ഈ ചാലക്കുടിക്കാരൻ. അഭിനയിച്ചും മിമിക്രി കാട്ടിയും പാട്ട് പാടിയും മണി ആരാധക മനസിൽ തന്റേതായ സ്ഥാനം നേടിയെടുത്തു. ഓട്ടോക്കാരനായ ജീവിതം തുടങ്ങിയ മണി കൈവെയ്ക്കാത്ത മേഖലകൾ സിനിമാ രംഗത്ത് ചുരുക്കമായിരുന്നു.ഏതെങ്കിലും ഒരു വേഷത്തിൽ മാത്രമൊതുങ്ങിയ നടനായിരുന്നില്ല മണി.നായകനായും വില്ലനായും സഹനടനായും ഹാസ്യനടനായും പല രൂപത്തിലും ഭാവത്തിലും മണി പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
കലാഭവൻ മണിയ്ക്ക് ജീവിച്ചിരുന്ന കാലത്ത് വാഹനങ്ങളോട് ഉണ്ടായിരുന്ന പ്രേമം എല്ലാവർക്കും അറിയുന്നത് ആയിരുന്നു. ഇഷ്ടമുള്ള വാഹനങ്ങൾ സ്വന്തം ആക്കുവാനും അതിനെല്ലാം 100 എന്ന നമ്പർ നൽകുവാനും കലാഭവൻ മണി മത്സരിക്കാറുണ്ടായിരുന്നു.
വാഹനങ്ങളും വേഗതയും ഒക്കെ തന്റെ ഉള്ളം കയ്യിൽ ഒതുക്കി ആയിരുന്നു ചാലക്കുടിക്കാരുടെ ഈ രാജകുമാരന്റെ രാജകീയ യാത്രകൾ. ജീവിതം ആഘോഷമാക്കി ജീവിച്ചു തീർത്ത കലാഭവൻ മണിയ്ക്ക് അപ്രതീക്ഷിതമായി പിടിപെട്ട കരൾ രോഗം നാല്പത്തിയാറാം വയസ്സിൽ അദ്ദേഹത്തിന്റെ ജീവൻ എടുത്തപ്പോൾ അനാഥമായി പോയത് വീടും വീട്ടുകാരും നാട്ടുകാരും മാത്രമായിരുന്നില്ല, മറിച്ച് നെഞ്ചോട് ചേർത്ത് വച്ച് മണി കൊണ്ടുനടന്ന വാഹനങ്ങൾ കൂടി ആയിരുന്നു.
മണിക്കൂടാരത്തിന് മുന്നിലേക്ക് എത്തുന്ന ഓരോ ആൾക്കാരെയും കാത്ത് കലാഭവൻ മണിയുടെ ഇഷ്ടവാഹനങ്ങൾ ആയ കെ എൽ 45 ഡി 100 മിസ്തുബിഷി പജേറോ, കെ എൽ 64 എ 100 മഹീന്ദ്ര എക്സ് യു വി, കെ എൽ 64 സി 100 ജാഗ്വാർ, റെഡ് സ്വിഫ്റ്റ്, എൻഫീൽഡ് ബുള്ളറ്റ് എന്നിവ എല്ലാം അവിടെ ഉണ്ട്. സന്തതസഹാചാരിയായി മണിയ്ക്കൊപ്പം നടന്ന മണിയുടെ പ്രീയപ്പെട്ട വാഹനങ്ങൾ എല്ലാം പൊടിപിടിച്ച് എന്തു ചെയ്യും എന്ന് പോലും അറിയാതെ ഒരു തേങ്ങൽ ആയി ആ വീട്ടുമുറ്റത്തു തന്നെ ഉണ്ട്.