Breaking News
Home / Lifestyle / വിവാഹ ക്ഷണക്കത്ത്‌ സമൂഹമാധ്യമങ്ങളില്‍ സൂപ്പർഹിറ്റ്; ആഢംബര കല്യാണക്കാർ ഈ അച്ഛന്റെ വലിയ മനസ്സ്‌ കണ്ടുപടിയ്ക്കണം

വിവാഹ ക്ഷണക്കത്ത്‌ സമൂഹമാധ്യമങ്ങളില്‍ സൂപ്പർഹിറ്റ്; ആഢംബര കല്യാണക്കാർ ഈ അച്ഛന്റെ വലിയ മനസ്സ്‌ കണ്ടുപടിയ്ക്കണം

കല്യാണം എന്നു പറയുമ്പോള്‍ തന്നെ ആദ്യം മലയാളികള്‍ തിരക്കുന്നത് കിട്ടുന്നതും, കൊടുക്കുന്നതുമായ പൊന്നിന്റേയും പണത്തിന്റെയും കണക്കുകളാണ്. അത്തരത്തില്‍ കല്യാണം കൊഴുപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നവരാണ് ഇന്നത്തെ ആളുകള്‍. കല്യാണത്തിനു ചിലവായ പണത്തിന്റെ കണക്കുകള്‍ പോലും ഇന്നു പൊങ്ങച്ചത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. എന്നാല്‍ വിവാഹം ലളിതമായ ചടങ്ങുകളോടെയും, ചിലവു ചുരുക്കി നടത്തുന്നവരും ഉണ്ട്. അത്തരത്തിലുള്ള ഒരു കല്യാണത്തിന്റെ ക്ഷണക്കത്താണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

കല്യാണത്തിനു ആര്‍ഭാടവും, സല്‍ക്കാരവും എല്ലാം ഒഴിവാക്കി തന്റെ മകളുടെ വിവാഹത്തിന്റെ ചിലവിലേക്കായി വര്‍ഷങ്ങളായി കരുതി വെച്ച പണവും സ്വര്‍ണവുമെല്ലാം 20 നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ഥികളുടെ നാല് വര്‍ഷത്തെ പഠനാവശ്യത്തിനായി നല്‍കാന്‍ തീരുമാനിച്ച സൂര്യാ കൃഷ്ണമൂര്‍ത്തി എന്ന ഒരു അച്ഛന്റെ വലിയ മനസാണ് ആ കത്തിലെ സാരാംശം.

മകളായ സീതയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ബീഹാര്‍ സ്വദേശിയായ ചന്ദന്‍കുമാറുമായാണ്. ഇരുവരും തമ്മില്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ വച്ചു പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയായിരുന്നെന്നും, പരസ്പരം മനസിലാക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത കുട്ടികളെ ഒന്നിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് കത്തില്‍ പറയുന്നത്.

കല്യാണത്തിന്റെ ആര്‍ഭാടങ്ങള്‍ എല്ലാം ഒഴിവാക്കി തങ്ങളുടെ വീട്ടിലെ പൂജാ മുറിയില്‍ വച്ച് ലളിതമായ ചടങ്ങോടെ ഇരുവരും വിവാഹിതരാകുമെന്നും കത്തില്‍ പറയുന്നു. മകളുടെ വിവാഹത്തിനായി കരുതി വെച്ച തുക മുഴുവനും താന്‍ പഠിച്ച സ്‌കൂളിലേയും കോളേജിലേയും പ്രിന്‍സിപ്പല്‍മാരെ കല്യാണത്തിനു മുമ്പ് ഏല്‍പ്പിക്കുമെന്നും അച്ഛന്‍ കത്തിലൂടെ വ്യക്തമാക്കുന്നു.

മെയ് മാസം 13 മുതല്‍ 15 വരെ സീതയും ചന്ദനും തങ്ങളുടെ വീട്ടില്‍ കാണുമെന്നും താങ്കളുടെ സൗകര്യം പോലെ ഏതെങ്കിലും ഒരു ദിവസം വീട്ടില്‍ എത്തി കുട്ടികളെ അനുഗ്രഹിക്കണമെന്നും, വരുമ്പോള്‍ കൈയ്യില്‍ സമ്മാനങ്ങള്‍ ഒന്നും കരുതരുതെന്നും രണ്ടും കൈയ്യും തലയില്‍ വച്ച് മക്കളെ അനുഗ്രഹിച്ചാല്‍ മാത്രം മതിയെന്നുമാണ് കത്തില്‍ പറയുന്നത്.

വ്യത്യസ്ഥ രീതിയിലുള്ള വിവാഹ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടുകയാണ്. വധൂവരന്മാരെ ആശംസകള്‍ അറിയിച്ചു കൊണ്ടും അച്ഛനായ സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ വലിയ മനസ്സിനെ പ്രശംസിച്ചു കൊണ്ടും നിരവധിപ്പരാണ് കമന്റുകളുമായെത്തുന്നത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *